ലണ്ടന്‍: ഇംഗ്ലണ്ടിലെ വാടക നിയമങ്ങളില്‍ മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പരിഷ്‌കാരങ്ങള്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. വാടകക്കാരുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്തുകയും കൂടുതല്‍ സ്ഥിരതയും സുരക്ഷിതത്വവും ഉറപ്പാക്കുകയും ചെയ്യുന്നതിനായി കൊണ്ടുവന്ന 'റെന്റേഴ്‌സ് റൈറ്റ്‌സ് ആക്ട്' പ്രകാരം സ്വകാര്യ ഭൂവുടമകളില്‍ നിന്ന് വീട് വാടകയ്‌ക്കെടുക്കുന്ന ഏകദേശം 1.1 കോടി ആളുകള്‍ക്ക് ഗുണം ലഭിക്കും. പുതിയ നിയമപ്രകാരം 12 അല്ലെങ്കില്‍ 24 മാസത്തെ നിശ്ചിത കാലയളവുള്ള കരാറുകള്‍ നിരോധിച്ചിട്ടുണ്ട്. ഇതിന് പകരം എല്ലാ വാടക കരാറുകളും 'പീരിയോഡിക്' അഥവാ റോളിങ് അടിസ്ഥാനത്തിലായിരിക്കും. വാടകക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും രണ്ട് മാസത്തെ നോട്ടീസ് നല്‍കി വീട് ഒഴിയാം. നിലവിലുള്ള വാടകക്കാര്‍ പുതിയ കരാറില്‍ ഒപ്പിടേണ്ടതില്ല; മാറ്റങ്ങള്‍ സ്വയം ബാധകമാകും.
കൃത്യമായ കാരണം വ്യക്തമാക്കാതെ വാടകക്കാരെ ഒഴിപ്പിക്കുന്ന 'നോ-ഫോള്‍ട്ട് എവിക്ഷന്‍' രീതി നിയമം നിര്‍ത്തലാക്കി. ഭൂവുടമയ്ക്ക് വീട് വില്‍ക്കാനോ സ്വന്തം ആവശ്യത്തിന് താമസിക്കാനോ ആഗ്രഹിക്കുന്നുവെങ്കില്‍ നാല് മാസത്തെ നോട്ടീസ് നല്‍കണം. കൂടാതെ, വാടകക്കാര്‍ താമസം ആരംഭിച്ച് ആദ്യ 12 മാസത്തിനുള്ളില്‍ ഇത് പ്രാബല്യത്തില്‍ വരില്ല. വാടക കുടിശിക മൂന്ന് മാസമായാല്‍ മാത്രമേ ഭൂവുടമയ്ക്ക് ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിക്കാന്‍ കഴിയൂ. താമസക്കാര്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ വീട് നശിപ്പിക്കുകയോ ചെയ്താല്‍ ഉടന്‍ കോടതിയെ സമീപിച്ച് ഒഴിപ്പിക്കാന്‍ ഉടമയ്ക്ക് അവകാശമുണ്ട്.
വാടക വര്‍ധന വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ അനുവദിക്കൂ, അതിന് രണ്ട് മാസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണം. വാടകയ്ക്കായുള്ള 'ലേലം വിളികള്‍' ഇനി മുതല്‍ നിയമവിരുദ്ധമാണ്. വീടിനുള്ളില്‍ വളര്‍ത്തുമൃഗങ്ങളെ താമസിപ്പിക്കാന്‍ വാടകക്കാര്‍ അപേക്ഷിക്കുന്നതിനെ ന്യായമായ കാരണങ്ങളില്ലാതെ ഭൂവുടമകള്‍ക്ക് നിരസിക്കാന്‍ കഴിയില്ല. കുട്ടികളുള്ളവര്‍ക്കും സാമൂഹിക ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവര്‍ക്കും വീട് നിഷേധിക്കുന്നതും ശിക്ഷാര്‍ഹമാണെന്ന് നിയമം വ്യക്തമാക്കുന്നു. പുതിയ നിയമങ്ങള്‍ ലംഘിക്കുന്ന ഭൂവുടമകള്‍ക്ക് 40,000 പൗണ്ട് വരെ പിഴ ചുമത്താന്‍ പ്രാദേശിക കൗണ്‍സിലുകള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. വാടക സംബന്ധമായ പരാതികള്‍ തീര്‍പ്പാക്കാന്‍ പുതിയ ഓംബുഡ്‌സ്മാന്‍ സംവിധാനവും ഉടന്‍ നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.