ലണ്ടന്‍: അടിയന്തര ചികിത്സ ആവശ്യമായ സാഹചര്യങ്ങളില്‍ പോലും ആംബുലന്‍സ് ലഭിക്കാന്‍ രോഗികള്‍ക്ക് ദൈര്‍ഘ്യമേറിയ സമയം കാത്തിരിക്കേണ്ടിവരുന്ന ഗുരുതരാവസ്ഥ ഇംഗ്ലണ്ടില്‍ തുടരുന്നു. ഹൃദയാഘാതം പോലുള്ള അടിയന്തരാവസ്ഥയില്പ്പെട്ട രോഗികള്‍ക്ക് പോലും ഒരു മണിക്കൂറിലധികം കാത്തിരിക്കേണ്ടിവരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏകദേശം 2.44 ലക്ഷം രോഗികള്‍ക്ക് ആംബുലന്‍സ് എത്താന്‍ ഒരു മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നതായി കണക്കുകള്‍ പറയുന്നു. അടിയന്തര ചികിത്സ ആവശ്യമായ 'കാറ്റഗറി 2' കേസുകളില്‍-ഹൃദയാഘാതം, സ്ട്രോക്ക് എന്നിവ ഉള്‍പ്പെടുന്ന വിഭാഗം-ഈ പ്രശ്നം കൂടുതല്‍ രൂക്ഷമാണ്. ജീവന് അപകടത്തിലാകുന്ന കാര്‍ഡിയാക് അറസ്റ്റ് പോലുള്ള സംഭവങ്ങള്‍ 'കാറ്റഗറി 1'-ലാണ് ഉള്‍പ്പെടുന്നത്.
ഈസ്റ്റ് മിഡ്ലാന്‍ഡ്സ് പ്രദേശത്താണ് ഏറ്റവും കൂടുതല്‍ വൈകിപ്പ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ ചില മേഖലകളില്‍ ആംബുലന്‍സ് എത്താന്‍ നിശ്ചിതമായ 18 മിനിറ്റിന്റെ മൂന്നിരട്ടി സമയം വരെ എടുത്തതായി കണ്ടെത്തി. മാര്‍ച്ച് വരെ ഇംഗ്ലണ്ടിലെ ശരാശരി കാറ്റഗറി 2 പ്രതികരണ സമയം 29 മിനിറ്റായിരുന്നു. ആകെ 4.75 മില്ല്യണ്‍ കാറ്റഗറി 2 കോളുകളില്‍ കുറഞ്ഞത് 2.44 ലക്ഷം കേസുകളില്‍ ഒരു മണിക്കൂറിലധികം കാത്തിരിപ്പ് രേഖപ്പെടുത്തി. എന്നാല്‍ 60 മിനിറ്റില്‍ കൂടുതലായി കാത്തിരുന്ന രോഗികളുടെ യഥാര്‍ത്ഥ കണക്കുകള്‍ എന്‍എച്ച്എസ് പുറത്തുവിടാറില്ലെന്നതിനാല് യഥാര്‍ത്ഥ തോത് ഇതിലും കൂടുതലാകാമെന്ന ആശങ്കയുണ്ട്.
ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന ഈസ്റ്റ് മിഡ്ലാന്‍ഡ്സില്‍ പത്തിലൊന്ന് കോളുകള്‍ക്ക് പ്രതികരിക്കാന്‍ 80 മിനിറ്റില്‍ കൂടുതലാണ് എടുത്തത്. ഇവിടെ ശരാശരി പ്രതികരണ സമയം 39 മിനിറ്റായി. കോളുകളുടെ വര്‍ധനവിനൊപ്പം ആവശ്യത്തിന് ജീവനക്കാരുടെ അഭാവമാണ് പ്രധാന പ്രശ്നമെന്ന് ആംബുലന്‍സ് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ കഴിഞ്ഞ ആഴ്ച അടിയന്തര വിഭാഗങ്ങളായ എ&ഇയില്‍ 13,000 രോഗികള്‍ മൂന്ന് ദിവസത്തിലേറെ കാത്തിരുന്നുവെന്ന കണക്കുകളും പുറത്തുവന്നിട്ടുണ്ട്. ഇതോടെ എന്‍എച്ച്എസ് സേവനങ്ങള്‍ മെച്ചപ്പെടുന്നുവെന്ന അവകാശവാദം പ്രായോഗികമായി ശരിയല്ലെന്ന വിമര്‍ശനവും ശക്തമാകുന്നു.