ലണ്ടന്‍: കഴിഞ്ഞാഴ്ച പ്രാബല്യത്തില്‍ വന്ന പുതിയ റെന്റേഴ്സ് റൈറ്റ്സ് ആക്റ്റ് പ്രകാരമുള്ള നിര്‍ബന്ധിത വിവരരേഖ വാടകക്കാര്‍ക്ക് കൈമാറാത്ത വീട്ടുടമകള്‍ക്ക് 7,000 പൗണ്ട് വരെ പിഴ ചുമത്തും. പുതിയ നിയമപ്രകാരം വാടകക്കാരുടെ അവകാശങ്ങളും സംരക്ഷണങ്ങളും വിശദീകരിക്കുന്ന ഔദ്യോഗിക ഇന്‍ഫര്‍മേഷന്‍ ഷീറ്റ് നല്‍കേണ്ടത് വീട്ടുടമസ്ഥരുടെ നിയമബാധ്യതയായി മാറിയിരിക്കുകയാണ്. ഈ മാസം അവസാനത്തോടെ വീടുകളില്‍ താമസിക്കുന്ന എല്ലാ വാടകക്കാര്‍ക്കും രേഖ പി.ഡി.എഫ് രൂപത്തില്‍ നല്‍കണം. നിര്‍ദേശിച്ച സമയപരിധിക്കകം രേഖ കൈമാറാത്ത പക്ഷം വീട്ടുടമകള്‍ക്ക് കനത്ത സാമ്പത്തിക പിഴ നേരിടേണ്ടിവരും.
പുതിയ നിയമം വാടകക്കാര്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുന്നതാണ്. ഫിക്സ്ഡ് ടേം ടെനന്‍സി സംവിധാനം ഒഴിവാക്കി റോളിംഗ് പീരീഡ് ടെനന്‍സി കൊണ്ടുവന്നതോടെ ദീര്‍ഘകാല കരാറുകളില്‍ കുടുങ്ങേണ്ട സാഹചര്യം വാടകക്കാര്‍ക്ക് ഒഴിവാകും. ഇനിമുതല്‍ വാടകക്കാരെ ഒഴിപ്പിക്കാന്‍ വീട്ടുടമകള്‍ വ്യക്തമായ കാരണം വ്യക്തമാക്കേണ്ടതുണ്ട്. അതോടൊപ്പം, ''സെക്ഷന്‍ 21'' പ്രകാരമുള്ള കാരണമില്ലാത്ത ഒഴിപ്പിക്കല്‍ നടപടിയും നിരോധിച്ചിട്ടുണ്ട്. രണ്ട് മാസത്തെ മുന്‍കൂര്‍ നോട്ടീസ് നല്കി വാടകക്കരാര്‍ അവസാനിപ്പിക്കാനുള്ള അവകാശവും പുതിയ നിയമം വാടകക്കാര്‍ക്ക് നല്കുന്നു. വീടിന്റെ ശോചനീയാവസ്ഥ, അറ്റകുറ്റപ്പണികളിലെ വീഴ്ച, അന്യായമായ വാടക വര്‍ധന എന്നിവയെക്കുറിച്ച് പ്രതികാര നടപടികള്‍ ഭയക്കാതെ പരാതി നല്‍കാനും നിയമം സംരക്ഷണം ഉറപ്പാക്കുന്നു. ഈ അവകാശങ്ങളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തിയ ഔദ്യോഗിക ഷീറ്റ് വീട്ടുടമകള്‍ നിര്‍ബന്ധമായും വാടകക്കാര്‍ക്ക് നല്‍കണം. മെയ് 31നകം ഇത് പാലിക്കാത്തവര്‍ക്ക് 7,000 പൗണ്ട് വരെ പിഴ ചുമത്താനാണ് തീരുമാനം.