Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
പാര്‍ക്കിംഗ് പിഴ കുത്തനെ ഉയര്‍ത്താന്‍ നീക്കം; യുകെയില്‍ പ്രതിഷേധം ശക്തം
reporter

ലണ്ടന്‍: പാര്‍ക്കിംഗ് നിയമലംഘനങ്ങള്‍ക്ക് ഈടാക്കുന്ന പിഴ ഗണ്യമായി വര്‍ധിപ്പിക്കാന്‍ ലേബര്‍ സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ യുകെയില്‍ പ്രതിഷേധം ശക്തമാകുന്നു. ലണ്ടന് പുറത്തുള്ള പ്രദേശങ്ങളില്‍ പാര്‍ക്കിംഗ് ടിക്കറ്റ് പിഴ 70 പൗണ്ടില്‍ നിന്ന് 160 പൗണ്ടാക്കി ഉയര്‍ത്തുന്ന പരീക്ഷണ പദ്ധതി ബോണ്‍മൗത്തില്‍ നടപ്പിലാക്കിയതോടെയാണ് വിവാദം രൂക്ഷമായത്. ഒരു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പദ്ധതി രാജ്യവ്യാപകമായി വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് നടപ്പായാല്‍ ലണ്ടനു പുറത്തുള്ള വാഹനമുടമകള്‍ക്കും തലസ്ഥാന നഗരത്തിലെ ഉയര്‍ന്ന നിരക്കിന് സമാനമായ പിഴ നല്‍കേണ്ട സാഹചര്യമുണ്ടാകും. സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തി. ''ഖജനാവ് നിറയ്ക്കാന്‍ സാധാരണക്കാരെ പിഴിയുന്ന നടപടിയാണ് ഇത്'' എന്നതാണ് പ്രധാന വിമര്‍ശനം. വാഹനമുടമകളെ ലക്ഷ്യമിട്ടുള്ള വരുമാനശേഖരണ പദ്ധതിയാണിതെന്നും ആരോപണമുണ്ട്.

പരീക്ഷണ പദ്ധതി നടപ്പിലാക്കിയ ബോണ്‍മൗത്ത് കൗണ്‍സിലിനെയും കേന്ദ്ര ലേബര്‍ സര്‍ക്കാരിനെയും വിമര്‍ശിച്ച് ഷാഡോ ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി റിച്ചാര്‍ഡ് ഹോള്‍ഡന്‍ രംഗത്തെത്തി. വാഹനമുടമകളെ സാമ്പത്തികമായി ഞെക്കിപ്പിഴിയാനുള്ള എളുപ്പ മാര്‍ഗമാണ് ഈ നീക്കമെന്ന് അദ്ദേഹം ആരോപിച്ചു. ''ജീവിതച്ചെലവ് ഇതിനകം കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ഇത്തരത്തില്‍ അധിക പിഴ ചുമത്തുന്നത് അംഗീകരിക്കാനാകില്ല. ഞങ്ങള്‍ എല്ലായ്‌പ്പോഴും വാഹനമുടമകള്‍ക്കൊപ്പം നിലകൊള്ളും,'' എന്നും അദ്ദേഹം വ്യക്തമാക്കി. റിഫോം യുകെ നേതാവ് റിച്ചാര്‍ഡ് ടൈസും പദ്ധതിക്കെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി. ലേബര്‍ പാര്‍ട്ടിയും ലിബറല്‍ ഡെമോക്രാറ്റുകളും വാഹനമുടമകളില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കാന്‍ പുതിയ വഴികള്‍ തേടുകയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അതേസമയം, പദ്ധതിയെ അനുകൂലിക്കുന്നവര്‍ പറയുന്നത് ഗതാഗത നിയന്ത്രണവും അനധികൃത പാര്‍ക്കിംഗ് കുറയ്ക്കലുമാണ് പ്രധാന ലക്ഷ്യമെന്നാണ്. ഉയര്‍ന്ന പിഴ നിയമലംഘനങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നുമാണ് അവരുടെ വാദം.

 
Other News in this category

 
 




 
Close Window