ലണ്ടന്‍: കാന്‍സര്‍ രോഗികളുടെ ചികിത്സ കൂടുതല്‍ വേഗത്തിലാക്കാന്‍ സഹായിക്കുന്ന പുതിയ ഒരു മിനിറ്റ് ഇഞ്ചക്ഷന്‍ ചികിത്സ സംവിധാനം ബ്രിട്ടനിലെ NHS England അവതരിപ്പിച്ചു. മുമ്പ് ഡ്രിപ്പ് രൂപത്തില്‍ അരമണിക്കൂറിലേറെ എടുത്ത് നല്‍കിയിരുന്ന Pembrolizumab ഇനി വളരെ വേഗത്തില്‍ ഇഞ്ചക്ഷനായി നല്‍കാനാകും. ഇമ്മ്യൂണോതെറാപ്പി വിഭാഗത്തില്‍പ്പെടുന്ന ഈ മരുന്ന് ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയെ സജീവമാക്കി കാന്‍സര്‍ കോശങ്ങളെ ആക്രമിക്കുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. യുകെയില്‍ വര്‍ഷത്തില്‍ ഏകദേശം 14,000 രോഗികള്‍ക്ക് ഈ മരുന്ന് നിര്‍ദ്ദേശിക്കപ്പെടുന്നുണ്ട്.
ഇതിനുമുമ്പ് ഈ മരുന്ന് ഐവി ലൈനിലൂടെയോ ഡ്രിപ്പായോ നല്‍കുമ്പോള്‍ രോഗികള്‍ക്ക് ആശുപത്രിയില്‍ രണ്ടുമണിക്കൂറോളം ചെലവഴിക്കേണ്ടിവന്നിരുന്നു. പുതിയ സംവിധാനത്തില്‍ ഓരോ മൂന്ന് ആഴ്ചയ്ക്കുമൊരു മിനിറ്റ് ഇഞ്ചക്ഷനായും, ആറാഴ്ചയ്ക്ക് ഒരിക്കല്‍ രണ്ട് മിനിറ്റ് ഇഞ്ചക്ഷനായും നല്‍കാനാകും. ശരീരത്തിലേക്ക് വേഗത്തില്‍ ആഗിരണം ചെയ്യപ്പെടുന്ന രീതിയിലാണ് പുതിയ ഇഞ്ചക്ഷന്‍ വികസിപ്പിച്ചിരിക്കുന്നത്. ഇത് രോഗികള്‍ക്ക് ആശുപത്രിയില്‍ മണിക്കൂറുകള്‍ ചെലവഴിക്കേണ്ട സാഹചര്യം ഒഴിവാക്കുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ കാന്‍സര്‍ വിഭാഗം മേധാവി Peter Johnson അറിയിച്ചു. പുതിയ സംവിധാനം കൂടുതല്‍ രോഗികള്‍ക്ക് വേഗത്തില്‍ ചികിത്സ ലഭ്യമാക്കാനും, ആശുപത്രികളിലെ കാത്തിരിപ്പ് സമയം കുറയ്ക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷ.