Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=109.9263 INR
ukmalayalampathram.com
Sat 06th Jun 2026
 
 
UK Special
  Add your Comment comment
ആഡംബര യാത്രകളുടെ ചിത്രങ്ങള്‍ കുടുക്കി; ഉപഭോക്താക്കളില്‍ നിന്ന് പണം തട്ടിയ കാഷ്യര്‍ ജയിലില്‍
reporter

നോര്‍ത്ത് വെയില്‍സ്: ദുര്‍ബലരായ ഉപഭോക്താക്കളില്‍ നിന്ന് ആയിരക്കണക്കിന് പൗണ്ട് തട്ടിയെടുത്ത ബില്‍ഡിങ് സൊസൈറ്റി കാഷ്യറെ കുടുക്കിയത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ആഡംബര അവധിക്കാല ചിത്രങ്ങള്‍. നാഷന്‍വൈഡിന്റെ കേര്‍നാര്‍ഫോണ്‍ ശാഖയില്‍ കാഷ്യറായി ജോലി ചെയ്തിരുന്ന കെല്ലി കെര്‍ഷോ (54)യാണ് തട്ടിപ്പുകേസില്‍ ശിക്ഷിക്കപ്പെട്ടത്. പ്രതിമാസം 1,400 പൗണ്ട് മാത്രം ശമ്പളം ലഭിച്ചിരുന്ന കെല്ലി, ദുബായ്, മാലദ്വീപ്, ഇന്തൊനീഷ്യ, പാരിസ്, ടസ്‌കാനി, ഗ്രീക്ക് ദ്വീപുകള്‍, മെക്‌സിക്കോ, നോര്‍വേ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രകളുടെ ചിത്രങ്ങള്‍ പതിവായി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. സ്‌കീയിങ്, സഫാരി, യൂറോപ്യന്‍ വിനോദയാത്രകള്‍ എന്നിവയുടെ ചിത്രങ്ങളും നിരന്തരം പോസ്റ്റ് ചെയ്തതോടെ സഹപ്രവര്‍ത്തകര്‍ക്ക് സംശയം തോന്നുകയായിരുന്നു.

നോര്‍ത്ത് വെയില്‍സിലെ നെഫിനില്‍ നിന്നുള്ള കെല്ലി 18 വര്‍ഷത്തോളമായി നാഷന്‍വൈഡിന്റെ കേര്‍നാര്‍ഫോണ്‍ ശാഖയില്‍ ജോലി ചെയ്തുവരികയായിരുന്നു. വിശ്വസ്തയായ ജീവനക്കാരിയെന്ന പേരുണ്ടായിരുന്നെങ്കിലും ആഡംബര ജീവിതശൈലി ശ്രദ്ധയില്‍പ്പെട്ടതോടെ സ്ഥാപനത്തിന്റെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് അഞ്ച് ഉപഭോക്താക്കളെ തട്ടിപ്പിന് ഇരയാക്കിയതായി കണ്ടെത്തിയത്. പ്രായമായവരുടെയും ദുര്‍ബലരായ ഉപഭോക്താക്കളുടെയും അക്കൗണ്ടുകളില്‍ നിന്നാണ് കെല്ലി പണം അപഹരിച്ചതെന്ന് കേര്‍നാര്‍ഫോണ്‍ ക്രൗണ്‍ കോടതിയില്‍ അധികൃതര്‍ വ്യക്തമാക്കി. 2023-ലും 2024-ലുമായി നടന്ന അഞ്ച് തട്ടിപ്പ് കുറ്റങ്ങള്‍ കെല്ലി കോടതിയില്‍ സമ്മതിച്ചു. തുടര്‍ന്ന് 16 മാസം ജയില്‍ശിക്ഷ വിധിക്കുകയായിരുന്നു. 2024 നവംബറില്‍ സാമ്പത്തിക അന്വേഷണ ഉദ്യോഗസ്ഥനായ ജോണ്‍ ഹാന്‍കോക്ക് നടത്തിയ ചോദ്യം ചെയ്യലിലും കെല്ലി കുറ്റം സമ്മതിച്ചിരുന്നു. തട്ടിപ്പിലൂടെ കെല്ലി കൈക്കലാക്കിയതായി തെളിയിക്കപ്പെട്ട തുക 8,605 പൗണ്ടാണെങ്കിലും, ഉപഭോക്താക്കള്‍ക്ക് മൊത്തം 12,630 പൗണ്ട് നാഷന്‍വൈഡ് തിരികെ നല്‍കിയതായി അധികൃതര്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window