ലണ്ടന്‍: സ്വയം പ്രഖ്യാപിത ''ശിശു ഉറക്ക വിദഗ്ധര്‍'' നല്‍കുന്ന ചില ഉപദേശങ്ങള്‍ കുഞ്ഞുങ്ങളെ ഗുരുതരമായ അപകടത്തിലേക്കും മരണത്തിലേക്കും നയിക്കാമെന്ന് ദേശീയ മാധ്യമം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന ചിലര്‍ സുരക്ഷിതമല്ലാത്ത ഉറക്കരീതികള്‍ മാതാപിതാക്കള്‍ക്ക് നിര്‍ദേശിക്കുന്നതായാണ് റിപ്പോര്‍ട്ട്. നവജാത ശിശുക്കളെ അപകടകരമായ രീതിയില്‍ കിടത്തി ഉറക്കാന്‍ ചിലര്‍ ആവശ്യപ്പെടുന്നതായും കണ്ടെത്തി. കുട്ടിയെ കമഴ്ത്തി കിടത്തി ഉറക്കാന്‍ വരെ ഉപദേശിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള രീതി ''സഡന്‍ ഇന്‍ഫന്റ് ഡെത്ത് സിന്‍ഡ്രോം'' (SIDS) സാധ്യത ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സിഡ്സ് സാധ്യത കുറയ്ക്കുന്നതിനായി കുഞ്ഞിനെ ആദ്യ 12 മാസവും സ്വന്തം ഉറക്ക സ്ഥലത്ത് എപ്പോഴും മലര്‍ന്നു കിടത്തിയാണ് ഉറക്കിക്കേണ്ടതെന്ന് NHS നിര്‍ദേശിക്കുന്നു. ഉറക്കത്തിനുള്ള മെത്ത ഉറച്ചതും പരന്നതും വാട്ടര്‍പ്രൂഫ് സ്വഭാവമുള്ളതുമായിരിക്കണമെന്നും നിര്‍ദേശമുണ്ട്.
കുഞ്ഞിന്റെ കട്ടിലില്‍ ടവല്‍ പോലുള്ള വസ്തുക്കള്‍ വയ്ക്കാന്‍ ചില ''വിദഗ്ധര്‍'' ശുപാര്‍ശ ചെയ്യുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ ഇത് സിഡ്സ് അപകടസാധ്യതയും മറ്റ് ആകസ്മിക മരണ സാധ്യതകളും വര്‍ധിപ്പിക്കാമെന്ന് ശിശു സുരക്ഷാ സംഘടനയായ The Lullaby Trust മുന്നറിയിപ്പ് നല്‍കി. ശിശു-ഉറക്ക കണ്‍സള്‍ട്ടിംഗ് ഇന്ന് നിയന്ത്രണമില്ലാതെ വളരുന്ന ഒരു വ്യവസായമായി മാറിയതും പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രസവാനന്തര ഘട്ടത്തില്‍ പുതിയ മാതാപിതാക്കള്‍ക്ക് ആവശ്യമായ പിന്തുണ ലഭിക്കാത്തതും പലരെയും സോഷ്യല്‍ മീഡിയയിലെ ഇത്തരം ഉപദേശകരെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ജനപ്രീതി നേടുന്ന പല ''ശിശു ഉറക്ക വിദഗ്ധരും'' ആദ്യം വിശ്വാസം നേടുന്ന രീതിയില്‍ നല്ല ഉപദേശങ്ങള്‍ നല്‍കുകയും പിന്നീട് സുരക്ഷിതമല്ലാത്ത രീതികള്‍ പ്രചരിപ്പിക്കുകയുമാണെന്ന ആശങ്കയും ഉയരുന്നുണ്ട്. അപകടകരമായ നിര്‍ദേശങ്ങള്‍ നല്‍കിയതിന് ശേഷം ഇവരെ കണ്ടെത്താന്‍ പോലും കഴിയാത്ത സാഹചര്യം ഉണ്ടാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.