Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8119 INR  1 EURO=110.7542 INR
ukmalayalampathram.com
Sat 30th May 2026
 
 
UK Special
  Add your Comment comment
സൗത്ത് കേംബ്രിജ്‌ഷെയര്‍ കൗണ്‍സിലിലേക്ക് മലയാളിയുടെ ചരിത്രവിജയം; ആദ്യ ഇന്ത്യന്‍ വംശജനായി ജിയോ സെബാസ്റ്റ്യന്‍
reporter

കേംബ്രിജ് : ബ്രിട്ടനിലെ സൗത്ത് കേംബ്രിജ്‌ഷെയര്‍ ഡിസ്ട്രിക്റ്റ് കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മലയാളിയായ ജിയോ സെബാസ്റ്റ്യന്‍ ചരിത്രവിജയം നേടി. ഹിസ്റ്റണ്‍ ആന്‍ഡ് ഇംപിങ്ടന്‍ വാര്‍ഡില്‍ നിന്ന് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണ് ജിയോ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. ഈ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജനെന്ന നേട്ടവും ഇതോടെ ജിയോ സ്വന്തമാക്കി.

കൊച്ചി പാലാരിവട്ടം സ്വദേശിയായ ജിയോ, കാലടി ശ്രീ ശങ്കര കോളജില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഗുല്‍ബര്‍ഗയില്‍ നിന്ന് നിയമബിരുദം നേടി. 2002-ലാണ് അദ്ദേഹം യുകെയിലെ കേംബ്രിജിലേക്ക് കുടിയേറിയത്. ആരോഗ്യമേഖലയിലും യുകെ ജയില്‌സേവന വകുപ്പിലും പ്രവര്‍ത്തിച്ചിട്ടുള്ള ജിയോ, മികച്ച സാമൂഹ്യപ്രവര്‍ത്തകനായും അറിയപ്പെടുന്നു. നഴ്‌സുമാരുടെ എന്‍എംസി രജിസ്‌ട്രേഷന്‍ വിഷയത്തില്‍ നടത്തിയ പ്രചാരണ പ്രവര്‍ത്തനത്തില്‍ 42,000ത്തിലധികം ആളുകള്‍ പങ്കുചേര്‍ന്നിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം നടത്തുന്ന സൗജന്യ ഇംഗ്ലീഷ് ക്ലാസുകള്‍ക്കും വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്.

ചാലക്കുടി സ്വദേശിയും കേംബ്രിജില്‍ ശാസ്ത്രജ്ഞയുമായ ലെറിന്‍ ജിയോയാണു ഭാര്യ. ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്. ആരോഗ്യരംഗവും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കൗണ്‍സിലര്‍ എന്ന നിലയില്‍ ജിയോയുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഡൈവേഴ്‌സിറ്റി വിഭാഗം മേധാവിയായും പ്രവര്‍ത്തിക്കുന്ന ജിയോ, ഭാവിയില്‍ യുകെ പാര്‍ലമെന്റിലേക്ക് മത്സരിക്കാനുള്ള തയ്യാറെടുപ്പിലുമാണ്.

 
Other News in this category

 
 




 
Close Window