Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.3532 INR  1 EURO=111.1111 INR
ukmalayalampathram.com
Mon 11th May 2026
 
 
UK Special
  Add your Comment comment
തിരഞ്ഞെടുപ്പ് തിരിച്ചടി; ലേബര്‍ പാര്‍ട്ടിയില്‍ കലാപം ശക്തം, സ്റ്റാര്‍മറുടെ രാജി ആവശ്യപ്പെട്ട് എംപിമാര്‍
reporter

ലണ്ടന്‍: പ്രാദേശിക തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടി പ്രതിസന്ധിയിലേക്ക്. പരാജയം പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്രയും വലിയ തകര്‍ച്ച പാര്‍ട്ടി നേതൃത്വം പോലും കണക്കുകൂട്ടിയിരുന്നില്ല. ലണ്ടനിലെ ക്രോയിഡണ്‍ പോലുള്ള ലേബറിന്റെ ശക്തികേന്ദ്രങ്ങളിലുപോലും റിഫോം പാര്‍ട്ടിക്ക് അനുകൂലമായ വോട്ടിംഗ് നടന്നത് പാര്‍ട്ടിക്കുള്ളില്‍ വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നേതൃമാറ്റം ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ വേണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുകയാണ്. പ്രധാനമന്ത്രി സര്‍ കിയര്‍ സ്റ്റാര്‍മറുടെ രാജി ആവശ്യപ്പെട്ട് ഒരു വിഭാഗം എംപിമാര്‍ പരസ്യമായി രംഗത്തെത്തി. സ്റ്റാര്‍മറുടെ ഏറ്റവും അടുത്ത അനുയായികളായിരുന്ന നേതാക്കളില്‍ ചിലരും ഇപ്പോള്‍ നേതൃത്വത്തില്‍ മാറ്റം അനിവാര്യമാണെന്ന നിലപാടിലാണ്.

സ്റ്റാര്‍മറുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി ജനങ്ങളില്‍ നിന്ന് പൂര്‍ണമായും അകന്നുപോയെന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലമെന്നാണ് വിമത എംപിമാര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, കൗണ്‍സില്‍ തിരഞ്ഞെടുപ്പും സ്‌കോട്ടിഷ്, വെയില്‍സ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളും ദേശീയ സര്‍ക്കാരിന്റെ പ്രവര്‍ത്തന വിലയിരുത്തലല്ലെന്ന് ഫലപ്രഖ്യാപനത്തിന് മുന്‍പേ സ്റ്റാര്‍മര്‍ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം എതിരായാലും താന്‍ രാജിവെക്കില്ലെന്ന നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ സമ്മര്‍ദ്ദം അതിജീവിക്കാന്‍ സ്റ്റാര്‍മറിന് കഴിയുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. നാളെ നടക്കുന്ന മന്ത്രിസഭാ യോഗം നിര്‍ണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

22 മാസം ഭരണത്തില്‍ തുടരാന്‍ അവസരം ലഭിച്ചിട്ടും രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി എന്താണ് സര്‍ക്കാര്‍ ചെയ്തതെന്ന ചോദ്യമാണ് ജനങ്ങള്‍ ഉയര്‍ത്തുന്നതെന്ന് വിമത എംപിമാര്‍ ആരോപിക്കുന്നു. പാര്‍ട്ടിയുടെ സാമ്പത്തിക കാര്യങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള തൊഴിലാളി യൂണിയനുകളും സ്റ്റാര്‍മര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ, ലേബര്‍ നേതാക്കള്‍ മുമ്പ് പരിഹസിച്ചിരുന്ന നൈജല്‍ ഫരാജിന്റെ റിഫോം പാര്‍ട്ടിക്ക് മുന്നില്‍ ലേബര്‍ പാര്‍ട്ടി അടിയറവ് പറയുന്ന കാഴ്ചയാണ് രാജ്യത്തുടനീളം ഉണ്ടായതെന്നും വിമര്‍ശനം ഉയരുന്നു. അധികാരത്തില്‍ തുടരാന്‍ സ്റ്റാര്‍മര്‍ പിടിച്ചുനില്‍ക്കുകയാണെങ്കില്‍ അത് പൂര്‍ണ പരാജയത്തിലേക്കാണ് നയിക്കുകയെന്ന് ഒരു മുതിര്‍ന്ന ലേബര്‍ എംപി പ്രതികരിച്ചു. അതേസമയം, പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറാണെന്ന് ഹോണ്‍സേ എംപിയായ Catherine West പ്രഖ്യാപിച്ചു. ആവശ്യമായ 81 എംപിമാരുടെ പിന്തുണ തനിക്കുണ്ടെന്നും അവര്‍ അവകാശപ്പെട്ടു.

 
Other News in this category

 
 




 
Close Window