ലണ്ടന്‍: വിമാനയാത്രക്കാര്‍ പവര്‍ ബാങ്കുകള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ലഗേജുകളില്‍ സൂക്ഷിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി യുകെ സിവില്‍ ഏവിയേഷന്‍ റെഗുലേറ്റര്‍. പവര്‍ ബാങ്കുകള്‍ ചൂടാകുന്നതിലൂടെ തീപിടിത്തം ഉള്‍പ്പെടെയുള്ള അപകടസാധ്യതകള്‍ ഉണ്ടാകാമെന്നതിനാല്‍, യാത്രക്കാരില്‍ കൂടുതല്‍ ബോധവല്‍ക്കരണവും ചെക്ക്-ഇന്‍ സമയത്ത് കര്‍ശന പരിശോധനകളും ആവശ്യമാണെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. വിമാനയാത്രയ്ക്കിടെ പവര്‍ ബാങ്കുകള്‍ ചെക്ക്-ഇന്‍ ലഗേജിലോ വലിയ പെട്ടികളിലോ സൂക്ഷിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. അവ ഹാന്‍ഡ് ബാഗില്‍ മാത്രമേ കൊണ്ടുപോകാവൂ. അതേസമയം, വിമാനത്തിനുള്ളില്‍ പവര്‍ ബാങ്ക് ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ അല്ലെങ്കില്‍ മറ്റ് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതും അനുവദനീയമല്ല.
കഴിഞ്ഞ ദിവസം ലഗേജിനുള്ളില്‍ പവര്‍ ബാങ്ക് കണക്റ്റ് ചെയ്ത് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെച്ച സംഭവത്തെ തുടര്‍ന്ന് ലണ്ടനിലേക്ക് വരികയായിരുന്ന ഈസിജെറ്റ് വിമാനം യാത്രാമധ്യേ അടിയന്തരമായി തിരിച്ചിറക്കേണ്ടിവന്നിരുന്നു. ഈജിപ്തില്‍ നിന്ന് ലണ്ടനിലെ ലൂട്ടണ്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട EZY2618 വിമാനമാണ് സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ഇറ്റലിയിലെ റോമിലേക്ക് തിരിച്ചുവിട്ടത്. വിമാനം യാത്രാമധ്യേ ആയിരിക്കെ, വലിയ പെട്ടിക്കുള്ളില്‍ പവര്‍ ബാങ്ക് ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെച്ചിട്ടുണ്ടെന്ന് ഒരു വനിതാ യാത്രക്കാരി കാബിന്‍ ക്രൂവിനെ അറിയിക്കുകയായിരുന്നു. ലിഥിയം ബാറ്ററികള്‍ അടങ്ങിയ പവര്‍ ബാങ്കുകള്‍ ലഗേജ് ഏരിയയില്‍ പ്രവര്‍ത്തനക്ഷമമായി സൂക്ഷിക്കുന്നത് തീപിടിത്തത്തിന് കാരണമാകാമെന്നതിനാല്‍, ജീവനക്കാര്‍ ഉടന്‍ തന്നെ വിവരം ക്യാപ്റ്റനെ അറിയിച്ചു.
സ്ഥിതിഗതികള്‍ വിലയിരുത്തിയ ക്യാപ്റ്റന്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വിമാനത്തിന്റെ ദിശ മാറ്റി റോമില്‍ അടിയന്തര ലാന്‍ഡിംഗിന് അനുമതി തേടി. തുടര്‍ന്ന് വിമാനം റോമില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. വിമാനം ലാന്‍ഡ് ചെയ്ത ശേഷമാണ് ഒരു യാത്രക്കാരി ലഗേജിനുള്ളില്‍ ചാര്‍ജര്‍ പ്രവര്‍ത്തനക്ഷമമായി വച്ചതിനെ തുടര്‍ന്ന് സുരക്ഷാ കാരണങ്ങളാല്‍ വിമാനം തിരിച്ചുവിടേണ്ടിവന്നതെന്ന് അധികൃതര്‍ യാത്രക്കാരോട് വ്യക്തമാക്കിയത്. സംഭവത്തെ തുടര്‍ന്ന് വിമാനത്തിലെ 180 യാത്രക്കാര്‍ക്ക് രാത്രി മുഴുവന്‍ റോമില്‍ കഴിയേണ്ടിവന്നു. ചിലര്‍ക്കായി കമ്പനി ഹോട്ടല്‍ താമസവും ഭക്ഷണവും ഒരുക്കിയപ്പോള്‍, മറ്റു ചിലര്‍ക്ക് എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ തന്നെ രാത്രി ചെലവഴിക്കേണ്ടിവന്നതായാണ് വിവരം. തുടര്‍ന്ന് അടുത്ത ദിവസം ഉച്ചയ്ക്ക് ശേഷമാണ് യാത്രക്കാരെ ലണ്ടനിലെത്തിച്ചത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിമാനയാത്രക്കാര്‍ പവര്‍ ബാങ്കുകള്‍ കൊണ്ടുപോകുമ്പോള്‍ അംഗീകൃത സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് യുകെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വീണ്ടും മുന്നറിയിപ്പ് നല്‍കിയത്.