Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
രോഗിയുമായി ലൈംഗികബന്ധം: കാര്‍ഡിഫിലെ ന്യൂറോ സര്‍ജന് 8 മാസത്തെ സസ്‌പെന്‍ഷന്‍
reporter

കാര്‍ഡിഫ്: രോഗിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതായി തെളിഞ്ഞതിനെ തുടര്‍ന്ന് കാര്‍ഡിഫിലെ ന്യൂറോ സര്‍ജനെ എട്ട് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. കാര്‍ഡിഫിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഓഫ് വെയില്‍സില്‍ ജോലി ചെയ്തിരുന്ന ഡോ. ചിരാഗ് പട്ടേല്‍ക്കെതിരെയാണ് നടപടി. ഔദ്യോഗിക രേഖകളില്‍ 'പേഷ്യന്റ് എ' എന്ന് രേഖപ്പെടുത്തിയിരിക്കുന്ന രോഗിയുടെ നട്ടെല്ലിലെ ഡിസ്‌ക് സംബന്ധമായ ശസ്ത്രക്രിയ ഡോ. പട്ടേലാണ് നിര്‍വഹിച്ചത്. 2019ല്‍ ഇവരുമായി ഡോക്ടര്‍ ലൈംഗികബന്ധം ആരംഭിച്ചതായും അതേ വര്‍ഷം തന്നെ രോഗിക്ക് വീണ്ടും ശസ്ത്രക്രിയ നടത്തിയതായും ട്രൈബ്യൂണല്‍ കണ്ടെത്തി. 2023 ഫെബ്രുവരിയോടെ ഇരുവരുടെയും ബന്ധം വഷളായി. തുടര്‍ന്ന് 'പേഷ്യന്റ് എ' ഡോ. പട്ടേലിനെതിരെ പൊലീസില്‍ പരാതി നല്‍കി. പൊലീസ് വിവരം കാര്‍ഡിഫ് ആന്‍ഡ് വേല്‍ ഹെല്‍ത്ത് ബോര്‍ഡിനെ അറിയിച്ചു.

കഴിഞ്ഞ മാസം, രോഗിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതായി ഡോ. പട്ടേല്‍ സമ്മതിച്ചു. കൂടാതെ രോഗിക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ചതായും, ആസക്തി സൃഷ്ടിക്കാന്‍ സാധ്യതയുള്ള മരുന്നുകള്‍ നിര്‍ദേശിച്ചതായും ആരോപണമുണ്ടായി. സ്വന്തം കരിയര്‍, പ്രശസ്തി, കുടുംബബന്ധങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനായി രോഗിക്ക് ആവശ്യമായ ശരിയായ ചികിത്സ നല്‍കുന്നതില്‍ ഡോക്ടര്‍ വീഴ്ച വരുത്തിയതായി ട്രൈബ്യൂണല്‍ വിലയിരുത്തി. ന്യൂറോപാത്തിക് വേദനയ്ക്ക് ചില പ്രത്യേക ശസ്ത്രക്രിയകള്‍ നടത്താന്‍ കഴിയുന്ന എന്‍എച്ച്എസ് വെയില്‍സിലെ ഏക വിദഗ്ധനാണെന്ന വാദമുണ്ടായിരുന്നെങ്കിലും, പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് സസ്‌പെന്‍ഷന്‍ വിധിച്ചത്.

ദാമ്പത്യജീവിതത്തില്‍ പ്രതിസന്ധി നേരിടുന്ന സമയത്താണ് രോഗിയുമായി ബന്ധം ആരംഭിച്ചതെന്ന് ഡോ. പട്ടേല്‍ ട്രൈബ്യൂണലില്‍ പറഞ്ഞു. ബന്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ രോഗി തൊഴിലുടമയെയും സഹപ്രവര്‍ത്തകരെയും വിവരം അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും, ജോലി നഷ്ടപ്പെടുമോ എന്ന ഭയമാണ് തനിക്ക് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. ''ബന്ധം അവസാനിപ്പിക്കുകയും തൊഴിലുടമയോട് സത്യസന്ധമായി കാര്യങ്ങള്‍ അറിയിക്കുകയും ചെയ്യേണ്ടതായിരുന്നു. എന്നാല്‍ അന്നത്തെ സാഹചര്യത്തില്‍ ഞാന്‍ ഭയപ്പെട്ടു. ആ തീരുമാനത്തില്‍ ഇപ്പോള്‍ ഖേദിക്കുന്നു,'' ഡോ. പട്ടേല്‍ പറഞ്ഞു. അതേസമയം, ഡോ. പട്ടേലിനെ പിരിച്ചുവിടണമെന്ന് ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ ഭാഗത്ത് നിന്ന് ബാരിസ്റ്റര്‍ റോബിന്‍ കിച്ചിങ് ട്രൈബ്യൂണലില്‍ വാദിച്ചു.

 
Other News in this category

 
 




 
Close Window