Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.668 INR  1 EURO=112.2209 INR
ukmalayalampathram.com
Thu 21st May 2026
 
 
UK Special
  Add your Comment comment
അനൂപ് ജേക്കബിന് അഭിനന്ദനവുമായി സ്‌കോട്‌ലന്‍ഡ് എംപി മാര്‍ട്ടിന്‍ ഡേ
reporter

ലണ്ടന്‍: കേരള മന്ത്രിസഭയില്‍ വീണ്ടും അംഗമായ അനൂപ് ജേക്കബിന് അഭിനന്ദനവുമായി സ്‌കോട്‌ലന്‍ഡ് എംപി മാര്‍ട്ടിന്‍ ഡേ. അനൂപ് ജേക്കബിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചാണ് മാര്‍ട്ടിന്‍ ഡേ ആശംസകള്‍ അറിയിച്ചത്. മാര്‍ട്ടിന്‍ ഡേയുടെ ഭാര്യ നിധിന്‍ ചന്ദ് മലയാളിയാണ്. പിറവം മണ്ഡലത്തിലെ പാമ്പാക്കുട സ്വദേശികളായ കെ. എന്‍. ചന്ദ്രന്റെയും രാജമ്മ ചന്ദ്രന്റെയും മകളാണ് നിധിന്‍. നിധിന്റെ മാതാവ് രാജമ്മ ചന്ദ്രന്‍ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്റെ പ്രതിനിധിയായി പാമ്പാക്കുട ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. അന്നുമുതല്‍ തുടങ്ങിയ കുടുംബബന്ധമാണ് പിന്നീട് മാര്‍ട്ടിന്‍ ഡേയും നിധിനും കേരളത്തിലെത്തുമ്പോള്‍ അനൂപ് ജേക്കബിന്റെ കുടുംബവുമായി തുടര്‍ന്നുവന്നത്. കേരളത്തില്‍ തിരഞ്ഞെടുപ്പ് നടന്ന സമയത്ത് തന്നെ സ്‌കോട്‌ലന്‍ഡിലും തിരഞ്ഞെടുപ്പ് നടന്നതിനാല്‍ അനൂപ് ജേക്കബിനെ നേരില്‍ കണ്ടു അഭിനന്ദിക്കാന്‍ കഴിഞ്ഞില്ലെന്ന് മാര്‍ട്ടിന്‍ ഡേ സമൂഹമാധ്യമത്തില്‍ കുറിച്ചു. മേയ് നാലിന് അനൂപ് ജേക്കബ് വിജയിച്ചപ്പോഴും പിന്നീട് മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും വലിയ സന്തോഷമുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടി നേതാവായ മാര്‍ട്ടിന്‍ ഡേ മുന്‍പ് സ്‌കോട്‌ലന്‍ഡില്‍ നിന്നുള്ള യുകെ പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇത്തവണയാണ് അദ്ദേഹം ആദ്യമായി സ്‌കോട്ടിഷ് പാര്‍ലമെന്റ് അംഗമാകുന്നത്. രണ്ടായിരത്തി പതിനാറിലാണ് മാര്‍ട്ടിന്‍ ഡേ മലയാളിയായ നിധിന്‍ ചന്ദിനെ വിവാഹം കഴിച്ചത്. സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയായ നിധിന്‍ ഇത്തവണ മാര്‍ട്ടിന്‍ ഡേയുടെ തിരഞ്ഞെടുപ്പ് പ്രചാരണ സംഘാടകയുമായിരുന്നു. ഭര്‍ത്താവ് മാര്‍ട്ടിന്‍ ഡേയ്ക്കും മകന്‍ വേദിക് ശങ്കറിനുമൊപ്പമാണ് നിധിന്‍ സ്‌കോട്‌ലന്‍ഡില്‍ താമസിക്കുന്നത്. അവധിക്കാലങ്ങളില്‍ കേരളത്തിലെത്തി ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണുന്നത് ഏറെ സന്തോഷകരമാണെന്ന് നിധിന്‍ പറഞ്ഞു. നിധിന്റെ വീടിന് സമീപത്തുതന്നെയാണ് മാര്‍ട്ടിന്‍ ഡേയുടെ മാതാപിതാക്കളായ മാര്‍ഗരറ്റ് ഡേയും റോണ്‍ ഡേയും താമസിക്കുന്നത്. കുടുംബബന്ധങ്ങളും മലയാളി സമൂഹവുമായുള്ള അടുപ്പവും തുടര്‍ന്നുകൊണ്ടുപോകുന്നതില്‍ സന്തോഷമുണ്ടെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.

അനൂപ് ജേക്കബ് രണ്ടാം തവണയാണ് യു ഡി എഫ് മന്ത്രിസഭയില്‍ അംഗമാകുന്നത്. ഭക്ഷ്യവും സിവില്‍ സപ്ലൈസും, ഉപഭോക്തൃകാര്യവും, ലീഗല്‍ മെട്രോളജിയും വകുപ്പുകളാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്റെ ഏക നിയമസഭാംഗവും പാര്‍ട്ടി നേതാവുമായ അനൂപ് ജേക്കബ് യു ഡി എഫ് വിജയത്തിന് പിന്നാലെ മന്ത്രിസ്ഥാനം ഉറപ്പിച്ചിരുന്നു. പിറവം മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി നാലാം തവണയാണ് അനൂപ് ജേക്കബ് നിയമസഭയിലെത്തുന്നത്. പിതാവും മുന്‍ മന്ത്രിയുമായ ടി. എം. ജേക്കബിന്റെ നിര്യാണത്തെ തുടര്‍ന്ന് രണ്ടായിരത്തി പന്ത്രണ്ടില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തിയത്. ഇത്തവണ പിറവം മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമായ നാല്‍പ്പത്തിനാലായിരത്തി അറുനൂറ്റി എണ്‍പത്തൊന്ന് വോട്ടുകള്‍ക്കാണ് അനൂപ് ജേക്കബ് വിജയിച്ചത്. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ പ്രീഡിഗ്രിയും ബിരുദപഠനവും പൂര്‍ത്തിയാക്കിയ അനൂപ് ജേക്കബ്, വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. തുടര്‍ന്ന് തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് നിയമബിരുദം നേടി. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലും ഹൈക്കോടതിയിലും അഭിഭാഷകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ അനില അനൂപ് പിറവം ബി.പി.സി. കോളജിലെ മുന്‍ അസിസ്റ്റന്റ് പ്രഫസറാണ്. മക്കള്‍: ടി. എം. ജേക്കബ്, ലിറ അനൂപ്.

 
Other News in this category

 
 




 
Close Window