Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.564 INR  1 EURO=107.5038 INR
ukmalayalampathram.com
Sun 28th Jun 2026
 
 
UK Special
  Add your Comment comment
വൃദ്ധസദനം തുടങ്ങി അന്തേവാസികളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത് അയര്‍ലന്‍ഡിലേക്ക് മുങ്ങിയ പ്രതി പിടിയില്‍
reporter

തൊടുപുഴ: വൃദ്ധസദനം ആരംഭിച്ച് വയോധികരില്‍നിന്നും ഭിന്നശേഷിക്കാരില്‍നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത് വിദേശത്തേക്ക് കടന്നെന്ന കേസില്‍ പ്രതി അറസ്റ്റില്‍. തൊടുപുഴ കാളിയാര്‍ മേടക്കല്‍ വീട്ടില്‍ ജീവന്‍ തോമസിനെയാണ് തൊടുപുഴ പോലീസ് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് അറസ്റ്റ് ചെയ്തത്. ആജീവനാന്തം പൂര്‍ണ ഉത്തരവാദിത്വത്തോടെ സംരക്ഷിക്കാമെന്ന് ഉറപ്പുനല്‍കി വയോധികരെയും ഭിന്നശേഷിക്കാരെയും വൃദ്ധസദനത്തില്‍ പ്രവേശിപ്പിച്ച ശേഷം ഭീമമായ തുക കൈപ്പറ്റി ഇയാള്‍ വിദേശത്തേക്ക് കടക്കുകയായിരുന്നുവെന്നാണ് പരാതി. നിലവില്‍ മൂന്ന് പരാതികളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തൊടുപുഴയ്ക്കു സമീപം മുതലക്കോടത്ത് 'എല്‍ഡര്‍ ഗാര്‍ഡന്‍ ഓള്‍ഡ് ഏജ് ഹോം' എന്ന പേരിലാണ് ജീവന്‍ തോമസ് വൃദ്ധസദനം ആരംഭിച്ചത്. സ്ഥാപനത്തിന് ആവശ്യമായ എല്ലാ അംഗീകാരങ്ങളും രേഖകളും ഉണ്ടെന്ന് വിശ്വസിപ്പിച്ചാണ് അന്തേവാസികളെ ചേര്‍ത്തതെന്നാണ് ആരോപണം. ഓരോരുത്തരില്‍നിന്നും അഞ്ച് ലക്ഷം മുതല്‍ 15 ലക്ഷം രൂപവരെയാണ് ഈടാക്കിയതെന്ന് പരാതിയില്‍ പറയുന്നു.

ആദ്യഘട്ടത്തില്‍ സ്ഥാപനം പ്രശ്‌നങ്ങളില്ലാതെ പ്രവര്‍ത്തിച്ചെങ്കിലും 2025 ആദ്യം ജീവന്‍ തോമസ് അയര്‍ലന്‍ഡിലേക്ക് കടന്നതോടെ സ്ഥിതി രൂക്ഷമായി. മതിയായ ആഹാരം, ചികിത്സ, പരിചരണം എന്നിവ ലഭിക്കാതെ വയോധികരും ഭിന്നശേഷിക്കാരുമുള്‍പ്പെടെയുള്ള അന്തേവാസികള്‍ കടുത്ത ദുരിതത്തിലായി. വയോധികര്‍ക്കാവശ്യമായ സാന്ത്വനപരിചരണവും ആരോഗ്യശുശ്രൂഷയും ലഭിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. തുടര്‍ന്ന് പോലീസും നഗരസഭയും ഇടപെട്ട് അന്വേഷണം നടത്തിയപ്പോഴാണ് സ്ഥാപനത്തിന് ആവശ്യമായ രജിസ്‌ട്രേഷന്‍ നടപടികള്‍ പോലും പൂര്‍ത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയത്. വിശ്വാസവഞ്ചന, ചതി, സ്വത്ത് തട്ടിയെടുക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

ശനിയാഴ്ച അയര്‍ലന്‍ഡില്‍നിന്ന് കുടുംബസമേതം ബെംഗളൂരു വിമാനത്താവളത്തിലെത്തിയ ജീവന്‍ തോമസിനെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു. തുടര്‍ന്ന് വിവരം തൊടുപുഴ പോലീസിന് കൈമാറി. തൊടുപുഴയില്‍നിന്നെത്തിയ പോലീസ് സംഘം ബെംഗളൂരുവില്‍ വച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതേ രീതിയില്‍ പാലക്കാട്ടും ജീവന്‍ തോമസ് 'സൗപര്‍ണിക ഓള്‍ഡ് ഏജ് ഹോം' എന്ന പേരില്‍ വൃദ്ധസദനം നടത്തിയിരുന്നതായി പോലീസ് കണ്ടെത്തി. എന്നാല്‍ ലൈസന്‍സും അനുബന്ധ രേഖകളും ഇല്ലാത്തതിനെ തുടര്‍ന്ന് പാലക്കാട്ടെ വൃദ്ധസദനം പൂട്ടുകയായിരുന്നു. അവിടെയുണ്ടായിരുന്ന ഒരാളെ പിന്നീട് തൊടുപുഴ മുതലക്കോടത്തെ വൃദ്ധസദനത്തിലേക്ക് മാറ്റിയിരുന്നു. ഈ അന്തേവാസിയും പ്രതിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window