Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6174 INR  1 EURO=111.0988 INR
ukmalayalampathram.com
Sun 24th May 2026
 
 
UK Special
  Add your Comment comment
'മടിയല്ല, ആശങ്കയാണ് പ്രശ്നം'; യുകെയിലെ യുവതലമുറയെ കുറിച്ച് അലന്‍ മില്‍ബണ്‍ റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: മുന്‍ ലേബര്‍ ഹെല്‍ത്ത് സെക്രട്ടറിയും യുകെ സര്‍ക്കാരിന്റെ തൊഴില്‍ ഉപദേഷ്ടാവുമായ അലന്‍ മില്‍ബണ്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് ബ്രിട്ടനിലെ യുവതലമുറയെ കുറിച്ച് ഗൗരവമേറിയ മുന്നറിയിപ്പാണ് നല്‍കുന്നത്. 16 മുതല്‍ 24 വയസ്സുവരെയുള്ള ഏകദേശം പത്തുലക്ഷം യുവാക്കള്‍ വിദ്യാഭ്യാസത്തിലോ തൊഴില്‍ പരിശീലനത്തിലോ ജോലിയിലോ ഇല്ലെന്നതാണ് റിപ്പോര്‍ട്ടിന്റെ പ്രധാന ആശങ്ക. ഇവരെ സാധാരണ രീതിയില്‍ ''മടിയന്മാര്‍'' എന്നു മുദ്രകുത്തുന്നത് തെറ്റാണെന്നും, ആശങ്ക, വിഷാദം, മാനസികാരോഗ്യ പ്രശ്നങ്ങള്‍, സാമൂഹിക അകലം എന്നിവയാണ് പലരെയും തൊഴില്‍ ലോകത്ത് നിന്ന് അകറ്റുന്നതെന്നും മില്‍ബണ്‍ ചൂണ്ടിക്കാട്ടുന്നു.

ബ്രിട്ടന്‍ മാറിയ തൊഴില്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് യുവാക്കളെ പിന്തുണയ്ക്കാന്‍ തയ്യാറാകാത്ത പക്ഷം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. യുവാക്കള്‍ ''സ്‌നോഫ്‌ലേക്കുകള്‍'' അല്ലെന്നും, ഡിജിറ്റല്‍ ലോകത്ത് വളര്‍ന്ന 'anxious generation' ആണെന്നും മില്‍ബണ്‍ വിലയിരുത്തുന്നു. അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗം, ഫോണ്‍ ആശ്രിതത്വം, ഉറക്കക്കുറവ്, ഏകാഗ്രതയിലെ കുറവ്, നേരിട്ടുള്ള സാമൂഹിക ഇടപെടലുകളുടെ അഭാവം എന്നിവ യുവാക്കളുടെ തൊഴില്‍ സജ്ജതയെ ബാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.

യുകെ പാര്‍ലമെന്റ് ലൈബ്രറിയുടെ കണക്കുകള്‍ പ്രകാരം, 2025 ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 16-24 പ്രായത്തിലുള്ള 9.57 ലക്ഷം യുവാക്കള്‍ NEET വിഭാഗത്തിലായിരുന്നു. അതായത് ഈ പ്രായകൂട്ടത്തിലെ 12.8 ശതമാനം പേര്‍ വിദ്യാഭ്യാസത്തിലോ തൊഴില്‍ പരിശീലനത്തിലോ ജോലിയിലോ ഇല്ലായിരുന്നു. ഇവരില്‍ 57 ശതമാനം പേര്‍ സാമ്പത്തികമായി പ്രവര്‍ത്തനരഹിതരായ വിഭാഗത്തിലാണെന്നും, അതായത് ജോലി അന്വേഷിക്കുന്ന നിലയിലുപോലും ഇല്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

തൊഴില്‍-വിദ്യാഭ്യാസ മേഖലയ്ക്ക് പുറത്തുള്ള യുവാക്കളില്‍ വലിയൊരു വിഭാഗം ഒരിക്കലും ജോലി ചെയ്തിട്ടില്ലെന്നതും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ദീര്‍ഘകാല അസുഖമോ വൈകല്യമോ കാരണം ജോലി ചെയ്യാനാകുന്നില്ലെന്ന് പറയുന്നവരില്‍ 43 ശതമാനം പേര്‍ മാനസികാരോഗ്യ പ്രശ്നങ്ങളെയാണ് പ്രധാന തടസ്സമായി കാണിക്കുന്നത്. 2011ല്‍ ഇത് 24 ശതമാനമായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. തൊഴില്‍ദാതാക്കള്‍ കൂടുതല്‍ സൗകര്യപ്രദമായ ജോലി സമയം, മാനസികാരോഗ്യ പിന്തുണ, പരിശീലന അവസരങ്ങള്‍, ഘട്ടംഘട്ടമായ തൊഴില്‍ പ്രവേശന സംവിധാനം എന്നിവ ഒരുക്കണമെന്ന് മില്‍ബണ്‍ ശുപാര്‍ശ ചെയ്യുന്നു. നിലവിലെ ക്ഷേമ-തൊഴില്‍ സംവിധാനം യുവാക്കളെ തൊഴില്‍ രംഗത്തേക്ക് കൊണ്ടുവരുന്നതിനേക്കാള്‍ ദീര്‍ഘകാല തൊഴിലില്ലായ്മയിലേക്ക് തള്ളിവിടുന്നുവെന്ന വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്. യുവാക്കളെ കുറ്റപ്പെടുത്തുന്നതിന് പകരം, അവരെ തൊഴില്‍ ലോകത്തിന് തയ്യാറാക്കുന്ന രീതിയില്‍ വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, ക്ഷേമം, തൊഴില്‍ നയം എന്നിവ പുനഃസംഘടിപ്പിക്കണമെന്നാണ് റിപ്പോര്‍ട്ടിന്റെ കേന്ദ്ര സന്ദേശം.

 
Other News in this category

 
 




 
Close Window