Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
അയര്‍ലന്‍ഡ് ഭരണകക്ഷിയുടെ ദേശീയ എക്‌സിക്യൂട്ടീവില്‍ പാലാക്കാരി മഞ്ജുദേവി
reporter

പാലാ: അയര്‍ലന്‍ഡ് ഭരണകക്ഷിയായ ഫ്യാനഫോയ്ല്‍ പാര്‍ട്ടിയുടെ പതിനഞ്ചംഗ ദേശീയ എക്‌സിക്യൂട്ടീവില്‍ പാലാക്കാരി മഞ്ജുദേവി തിരഞ്ഞെടുക്കപ്പെട്ടു. അയര്‍ലന്‍ഡില്‍ നഴ്‌സായി ജോലി ചെയ്യുന്ന പാലാ വിളക്കുമാടം സ്വദേശിനി എം. ബി. മഞ്ജുദേവിയാണ് ചരിത്രനേട്ടം കൈവരിച്ചത്. അയര്‍ലന്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള ഒരാള്‍ ഭരണകക്ഷിയുടെ സുപ്രധാന ദേശീയ സമിതിയില്‍ അംഗമാകുന്നത്. ദേശീയതലത്തില്‍ നടന്ന തിരഞ്ഞെടുപ്പിലൂടെയാണ് മഞ്ജുദേവി ഈ നേട്ടത്തിലെത്തിയത്. നേരത്തെ അയര്‍ലന്‍ഡ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും അവര്‍ മത്സരിച്ചിരുന്നു. ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയാറില്‍ രൂപീകരിച്ച ഫ്യാനഫോയ്ല്‍ പാര്‍ട്ടിയുടെ പ്രസിഡന്റാണ് നിലവിലെ അയര്‍ലന്‍ഡ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. പാര്‍ട്ടിയെ നയിക്കുന്ന പ്രധാന സമിതിയായ പതിനഞ്ചംഗ ദേശീയ എക്‌സിക്യൂട്ടീവിലെ ഏഴ് വനിതകളില്‍ ഒരാളായാണ് മഞ്ജുദേവി തിരഞ്ഞെടുക്കപ്പെട്ടത്.

തനിക്ക് ലഭിച്ച വോട്ടുകളില്‍ തൊണ്ണൂറ് ശതമാനവും ഐറിഷ് ജനതയുടേതാണെന്ന് മഞ്ജുദേവി പറഞ്ഞു. ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ ഐറിഷ് ജനത നല്‍കിയ ശക്തമായ സന്ദേശമാണ് ഈ പിന്തുണയെന്നും അവര്‍ വ്യക്തമാക്കി. പാലാ സെന്റ് മേരീസ് ഹൈസ്‌കൂളിലും അല്‍ഫോന്‍സാ കോളജിലും പഠിച്ച മഞ്ജുദേവി, പിന്നീട് രാജസ്ഥാനിലെ പിലാനി ബിര്‍ള സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങില്‍ നിന്ന് ജനറല്‍ നഴ്‌സിങ്ങില്‍ ഒന്നാം റാങ്കോടെ പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഡല്‍ഹിയിലും സൗദി അറേബ്യയിലും ജോലി ചെയ്തു. രണ്ടായിരത്തി അഞ്ചിലാണ് അയര്‍ലന്‍ഡിലേക്ക് കുടിയേറിയത്. പാലാ വിളക്കുമാടം മണിമന്ദിരത്തില്‍ പരേതനായ റിട്ടയേര്‍ഡ് ഹവില്‍ദാര്‍ കെ. എം. ബാലകൃഷ്ണന്റെയും രാധാമണിയുടെയും മകളാണ് മഞ്ജുദേവി. തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ ശ്യാം മോഹനാണ് ഭര്‍ത്താവ്. ദിയ, ശ്രേയ എന്നിവരാണ് മക്കള്‍.

 
Other News in this category

 
 




 
Close Window