ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ വേഗത്തില്‍ പ്രാബല്യത്തില്‍ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാക്കി യുകെയിലെ സ്‌കോച്ച് വിസ്‌കി അസോസിയേഷന്‍. കരാര്‍ നടപ്പാകുന്നതോടെ ഇന്ത്യയിലേക്കുള്ള സ്‌കോച്ച് വിസ്‌കി കയറ്റുമതിയില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് അസോസിയേഷന്റെ പ്രതീക്ഷ. ഇന്ത്യ ലോകത്തിലെ പ്രധാന വിസ്‌കി വിപണികളിലൊന്നായതിനാല്‍, നികുതി ഇളവ് ബ്രിട്ടീഷ് മദ്യ വ്യവസായത്തിന് വലിയ നേട്ടമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
കരാര്‍ പ്രകാരം, ഇന്ത്യയില്‍ നിന്നുള്ള 99 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും ബ്രിട്ടീഷ് വിപണിയില്‍ തീരുവ രഹിത പ്രവേശനം ലഭിക്കും. പകരമായി, യുകെയില്‍ നിന്നുള്ള സ്‌കോച്ച് വിസ്‌കി, ജിന്‍, കാറുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ഇറക്കുമതി തീരുവയില്‍ ഘട്ടംഘട്ടമായി ഇളവ് നല്‍കും. നിലവില്‍ 150 ശതമാനമായുള്ള സ്‌കോച്ച് വിസ്‌കി ഇറക്കുമതി തീരുവ ആദ്യം 75 ശതമാനമായി കുറയും. തുടര്‍ന്ന് പത്ത് വര്‍ഷത്തിനുള്ളില്‍ ഇത് 40 ശതമാനമായി താഴ്ത്താനാണ് വ്യവസ്ഥ.
എന്നാല്‍, കരാര്‍ ഔദ്യോഗികമായി പ്രവര്‍ത്തനക്ഷമമാക്കുന്നതിന് മുന്നില്‍ സ്റ്റീല്‍ ഇറക്കുമതി നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട പുതിയ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. 2026 ജൂലൈ 1 മുതല്‍ യുകെ സ്റ്റീല്‍ ഇറക്കുമതിക്ക് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനിരിക്കുകയാണ്. തീരുവയില്ലാതെ ഇറക്കുമതി ചെയ്യാവുന്ന സ്റ്റീല്‍ അളവ് 60 ശതമാനം കുറയ്ക്കുകയും, പരിധി കടക്കുന്ന ഇറക്കുമതിക്ക് 50 ശതമാനം തീരുവ ചുമത്തുകയും ചെയ്യുമെന്നാണ് യുകെ സര്‍ക്കാരിന്റെ അറിയിപ്പ്.
കരാര്‍ ചര്‍ച്ച നടന്ന സമയത്ത് യുകെയുടെ പുതിയ സ്റ്റീല്‍ നയം പരിഗണിച്ചിരുന്നില്ലെന്നതാണ് ഇന്ത്യയുടെ നിലപാട്. എങ്കിലും, വ്യാപാര കരാര്‍ വൈകാതെ യാഥാര്‍ത്ഥ്യമാക്കുന്നതിനായി സ്റ്റീല്‍ വിഷയത്തില്‍ ഇരുരാജ്യങ്ങളും പ്രായോഗികവും സൃഷ്ടിപരവുമായ പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ്. വ്യാപാര കരാര്‍ നടപ്പിലായാല്‍ ഇന്ത്യ-യുകെ സാമ്പത്തിക ബന്ധത്തില്‍ പുതിയ അധ്യായമാകുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് ബ്രിട്ടീഷ് വിപണിയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമ്പോള്‍, യുകെയിലെ സ്‌കോച്ച് വിസ്‌കി, ഓട്ടോമൊബൈല്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയ മേഖലകള്‍ക്കും ഇന്ത്യയില്‍ വലിയ വിപണി തുറന്നുകിട്ടും.