Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5678 INR  1 EURO=110.8402 INR
ukmalayalampathram.com
Tue 26th May 2026
 
 
UK Special
  Add your Comment comment
ഇറാന്‍ യുദ്ധം: ബ്രിട്ടന്റെ മോര്‍ട്ട്ഗേജ് വിപണിയില്‍ തിരിച്ചടി; ആദ്യ വീട് വാങ്ങുന്നവര്‍ക്ക് അധിക ബാധ്യത
reporter

ലണ്ടന്‍: ഇറാന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ബ്രിട്ടന്റെ മോര്‍ട്ട്ഗേജ് വിപണിയില്‍ വീണ്ടും പ്രതിസന്ധി രൂക്ഷമാകുന്നു. ഫെബ്രുവരിക്ക് ശേഷം ആദ്യമായി വീട് വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ഹൗസ് ഡെപ്പോസിറ്റ് ഇനത്തില്‍ ആയിരക്കണക്കിന് പൗണ്ടിന്റെ അധിക ബാധ്യതയാണ് രൂപപ്പെട്ടിരിക്കുന്നത്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മോര്‍ട്ട്ഗേജ് നിരക്കുകള്‍ ഉയരാന്‍ തുടങ്ങിയതാണ് വിപണിയെ ബാധിച്ചത്. ഭക്ഷ്യവിലയും ഇന്ധനവിലയും ഉയര്‍ന്നതോടെ ഇതിനകം തന്നെ സമ്മര്‍ദത്തിലായിരുന്ന കുടുംബങ്ങള്‍ക്ക് മോര്‍ട്ട്ഗേജ് തിരിച്ചടവ് വര്‍ധന കൂടി വലിയ സാമ്പത്തിക ഭാരമായി മാറുകയാണ്. എസ്റ്റേറ്റ് ഏജന്റുമാരായ സാവില്‍സിന്റെ വിലയിരുത്തല്‍ പ്രകാരം, ഈ നിരക്കുവര്‍ധന ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ആദ്യമായി വീട് വാങ്ങുന്നവരെയാണ്. ശരാശരി ഫസ്റ്റ്-ടൈം ബയര്‍ വീട് വാങ്ങാന്‍ ഏകദേശം £259,000 ചെലവ് വരും. ഇത് 30 വര്‍ഷത്തെ മോര്‍ട്ട്ഗേജായി എടുത്താല്‍, പ്രതിമാസ തിരിച്ചടവില്‍ ഏകദേശം £127 വരെ അധിക ചെലവ് വരുന്നതായാണ് കണക്കാക്കുന്നത്.

10 ശതമാനം ഡെപ്പോസിറ്റുമായി രണ്ട് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്ഗേജ് എടുത്താല്‍, യുദ്ധത്തിന് മുമ്പ് പ്രതിമാസം £1,159 ആയിരുന്ന തിരിച്ചടവ് ഇപ്പോള്‍ £1,286 ആയി ഉയര്‍ന്നു. യുദ്ധത്തിന് മുമ്പുണ്ടായിരുന്ന തിരിച്ചടവ് നിലയിലേക്ക് തിരിച്ചെത്താന്‍ ഡെപ്പോസിറ്റില്‍ £22,973 അധികം കണ്ടെത്തേണ്ടിവരും. അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്ഗേജിലും സമാന സാഹചര്യമാണുള്ളത്. ഇതേ ഡെപ്പോസിറ്റുമായി നേരത്തെ പ്രതിമാസം £1,178 അടയ്‌ക്കേണ്ടിയിരുന്നിടത്ത്, ഇപ്പോള്‍ അത് £1,264 ആയി ഉയര്‍ന്നു. തിരിച്ചടവ് പഴയ നിലയിലേക്ക് കുറയ്ക്കണമെങ്കില്‍ ഡെപ്പോസിറ്റ് £15,833 കൂടി വര്‍ധിപ്പിക്കേണ്ടിവരും. ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഇത്തരത്തില്‍ ഡെപ്പോസിറ്റ് ഉയര്‍ത്തുക പലപ്പോഴും പ്രായോഗികമല്ല. ഇതോടെ പലരും മോര്‍ട്ട്ഗേജ് കാലാവധി നീട്ടുക, വീട് വാങ്ങാനുള്ള തീരുമാനം മാറ്റിവയ്ക്കുക, അല്ലെങ്കില്‍ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സഹായം തേടുക തുടങ്ങിയ വഴികളിലേക്ക് തിരിയേണ്ട സാഹചര്യമാണുണ്ടാകുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും, യുദ്ധസാഹചര്യം ആ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. ട്രാക്കര്‍ മോര്‍ട്ട്ഗേജ് തിരഞ്ഞെടുക്കുന്നത് ചിലര്‍ക്കൊരു വഴിയായേക്കാമെങ്കിലും, ഭാവിയില്‍ ബേസ് റേറ്റ് വീണ്ടും ഉയര്‍ന്നാല്‍ അത് തിരിച്ചടിയായി മാറുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.

 
Other News in this category

 
 




 
Close Window