Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
അര്‍ഹതപ്പെട്ട പതനം
എഡിറ്റര്‍
ലിബിയയില്‍ നിന്ന് ഒരു ഏകാധിപതിയുടെ അന്ത്യവാര്‍ത്ത കേട്ടു. ലോകം കാത്തിരുന്ന മരണമായിരുന്നതുകൊണ്ടാകാം വേര്‍പാടില്‍ കണ്ണീരിന്റെ ആര്‍ദ്രത ഇല്ലായിരുന്നു. മു അമര്‍ ഗദ്ദാഫിയുടെ മരണം ആഘോഷിക്കുന്ന ലിബിയക്കാരുടെ ചിത്രങ്ങളും ദൃശ്യങ്ങളും മാധ്യമങ്ങളിലൂടെ ലോകത്തിന്റെ ഓരോ കോണിലുമെത്തി. സൗന്ദര്യത്തെ ആരാധിച്ചിരുന്ന, പ്രണയിച്ചിരുന്ന ഒരു മനുഷ്യന്റെ വിടവാങ്ങലാണ് അതെന്ന് മനപ്പൂര്‍വം വിസ്മരിച്ചതിനു കുറ്റം പറയാനില്ല. ഇത്രയും കാലം ചെയ്തു കൂട്ടിയതും രാജ്യത്തു നടപ്പാക്കിയതുമായ കിരാതകൃത്യങ്ങള്‍ ഗദ്ദാഫിക്ക് ഇതില്‍ക്കൂടുതലൊരു മാനുഷിക സ്‌നേഹത്തിന് അര്‍ഹത നല്‍കുന്നില്ല. കൊല്ലും കൊലയും സ്വേച്ഛ പ്രകാരമുള്ള ക്രൂരകൃത്യങ്ങളും നടത്തുമ്പോള്‍ സൗന്ദര്യത്തെ ആരാധിച്ചിരുന്ന, ഗ്ലാമറില്‍ ശ്രദ്ധിച്ചിരുന്ന മു അമര്‍ ഗദ്ദാഫിയുടെ മുഖം വളരെ രഹസ്യമായിരുന്നു.

വിഷാദ രോഗിയാണ് ഗദ്ദാഫിയെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ എഴുതിയ ഒരു കാലമുണ്ടായിരുന്നു. മെഗലോമാനിയയാണെന്നു കളിയാക്കിയതും പത്തിരുപതു വര്‍ഷം മുമ്പുള്ള മാധ്യമചരിത്രം. പശ്ചിമേഷ്യയുടെ പേപ്പട്ടിയെന്നാണ് ഗദ്ദാഫിയെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗന്‍ വിമര്‍ശിച്ചത്. ഭാവഭേദങ്ങളില്ലാതെ സംസാരിച്ചിരുന്ന ഗദ്ദാഫിയുടെ മുഖത്തെ കളിയാക്കുന്നതായിരുന്നു ഇതൊക്കെ. ഇതൊക്കെ ഗദ്ദാഫിയുടെ മനസിനെ വല്ലാതെ വ്രണപ്പെടുത്തിയിരുന്നു എന്നു തിരിച്ചറിയണമെങ്കില്‍ ട്രിപ്പോളിയിലെ വീടിനുള്ളിലെ ഭര്‍ത്താവായ, ഗൃഹനാഥനായ, സുഖലോലുപനായ ഗദ്ദാഫിയെ അറിയണം. സഫാരി സ്യൂട്ടുകള്‍ വാങ്ങിക്കൂട്ടലായിരുന്നു പ്രധാന ഹോബി. ദിവസത്തില്‍ നാലും അഞ്ചും തവണ ഡ്രസ് മാറുമായിരുന്നു. ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ കാണിച്ചിരുന്നു എപ്പോഴും. കുടുംബത്തില്‍ ആര്‍ക്കെങ്കിലും രോഗം വരുമോ എന്നായിരുന്നു ഏകാധിപതിയുടെ പ്രധാന ആശങ്ക. ഉക്രൈന്‍കാരായ അമ്പതോളം നഴ്‌സുമാര്‍ സ്ഥിരമായി വീട്ടില്‍ ഡ്യൂട്ടിക്കുണ്ടായിരുന്നു.

സുന്ദരമായതിനോടെല്ലാം പ്രണയമായിരുന്നു ഗദ്ദാഫിക്ക്. സുന്ദരമായ വസ്തുക്കളെ ഇഷ്ടപ്പെട്ട ഗദ്ദാഫിക്ക് സുന്ദരികളോട് ആരാധനയും വാത്സല്യവുമായിരുന്നു. പരിചാരികമാരായി നിന്ന നഴ്‌സുമാരാണ് ഇക്കാര്യം പിന്നീട് വെളിപ്പെടുത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരായി ഇരുപതോളം വനിതാ ഗാര്‍ഡുമാരെ നിയമിച്ച് ഇതു വീണ്ടും തെളിയിച്ചു. ആമസോണിയന്‍ ഗാര്‍ഡ്‌സ് എന്നാണ് ഈ സുരക്ഷാ ഉദ്യോഗസ്ഥരെ വെസ്റ്റേണ്‍ മാധ്യമങ്ങള്‍ വിളിച്ചത്. 1980നു ശേഷം വീട്ടില്‍ നിന്നു പുറത്തിറങ്ങുമ്പോള്‍ ഗദ്ദാഫിക്കു ചുറ്റും ഈ പെണ്‍പട എപ്പോഴുമുണ്ടായിരുന്നു. പ്രായം കൂടുന്തോറും സ്വന്തം സൗന്ദര്യത്തെക്കുറിച്ചു കൂടുതല്‍ ബോധവാനായി ഗദ്ദാഫി. മുഖത്തെ ചുളിവു മാറ്റാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തി.

വിദേശ യാത്രയ്ക്കു പോകുമ്പോള്‍ വലിയ മാളികകളില്‍ ഉറങ്ങിയില്ല. സ്വന്തം ടെന്റിനുള്ളിലായിരുന്നു വിശ്രമം. പ്രസംഗ വേദികളില്‍ സ്വന്തം പ്രസംഗം പരിഭാഷപ്പെടുത്താന്‍ സുന്ദരികളായ മോഡലുകളെ ഏര്‍പ്പാടാക്കി. ഒരേ വേദിയില്‍ ഇരുനൂറു മോഡലുകളെ ക്ഷണിച്ച സംഭവമുണ്ടായിട്ടുണ്ട്. ഫാത്തിമ, സഫിയ എന്നിവരായിരുന്നു ഏകാധിപതിയുടെ പത്‌നിമാര്‍. ഫാത്തിമയിലുണ്ടായ മകന്‍ മുഹമ്മദ് ലിബിയയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയപ്പോള്‍ നാടുവിട്ടു. സഫിയയില്‍ ഏഴുമക്കള്‍.
എന്നും മരണത്തെ ഭയമായിരുന്നു ഗദ്ദാഫിക്ക്. വലിയ കെട്ടിടങ്ങളുടെ മുകളിലെ നിലയില്‍ ഏറെ നേരം സമയം ചെലവഴിക്കാറില്ല. കടലിനുമീതെ എട്ടു മണിക്കൂറിലേറെ നേരം വിമാനത്തില്‍ സഞ്ചരിക്കാന്‍ ഒരിക്കലും തയാറായിരുന്നില്ല. കെട്ടിടങ്ങളുടെ ഗ്രൗണ്ട് ഫ്‌ളോറിലായിരുന്നു എപ്പോഴും താമസം. നാല്‍പ്പതിലേറെ പടികള്‍ ചവിട്ടിക്കയറിയിരുന്നില്ല. ലിബിയയിലെ ജനങ്ങളെ ശ്വാസംവിടാന്‍ സ്വാതന്ത്ര്യം നല്‍കാതെ ഭരിച്ചത് ഈ ഗദ്ദാഫിയായിരുന്നു.

ട്രിപ്പോളി നഗരത്തിനടിയില്‍ തുരങ്കങ്ങളുണ്ടാക്കി അതിനുള്ളിലൂടെ സഞ്ചരിച്ചിരുന്ന ഗദ്ദാഫിക്ക് ജനരോഷത്തിനു മുന്നില്‍ ഒടുവില്‍ മുട്ടുകുത്തേണ്ടിവന്നു. നാല്‍പ്പതു വര്‍ഷത്തിലേറെയായി ലിബിയക്കാര്‍ അടക്കിവച്ച സ്വാതന്ത്ര്യ മോഹത്തിനു മുന്നില്‍ ഗദ്ദാഫിക്ക് സ്വന്തം ജീവനും, ഇത്രയും കാലം കെട്ടിപ്പടുത്ത സാമ്രാജ്യവും നഷ്ടപ്പെട്ടു. ഒരുനാടിനേയും, ഒരു ജനതയേയും, എല്ലാകാലത്തും അടിച്ചമര്‍ത്തി ഭരിക്കാനാവില്ലെന്നു പറയാന്‍ ലിബിയയും ഉദാഹരണം. ഉയരട്ടെ ജനശക്തിയില്‍ സ്വാതന്ത്ര്യത്തിന്റെ കാഹളം, ഇനിയും മനുഷ്യത്വത്തിനു കൂച്ചുവിലങ്ങുള്ള രാജ്യങ്ങളില്‍.
 
Other News in this category

 
 




 
Close Window