Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
ഞങ്ങള്‍ പ്രവാസികള്‍; അന്യനാട്ടില്‍ ജീവിക്കുന്ന ഞങ്ങളെ ഇങ്ങനെ അപമാനിക്കരുത്
എഡിറ്റര്‍
മലയാളികള്‍ക്കു ശിരസ്സു നിവര്‍ത്താന്‍ പറ്റാത്ത വിധം അധപ്പതിച്ച വാര്‍ത്തകളാണ് കേരളത്തില്‍ നിന്ന് ഓരോ ദിവസവും പുറത്തു വരുന്നത്. ഒരിടത്ത്, കേസന്വേഷിക്കാന്‍ ചുമതലപ്പെട്ട പോലീസുകാര്‍ പ്രതിയെ ലോക്കപ്പിലിട്ട് ഇടിച്ചു കൊല്ലുന്നു. മറ്റൊരിടത്ത് രണ്ടു പേര്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ പ്രതിനിധിക്ക് മുന്‍ഗണന. വേറൊരു സ്ഥലത്ത്, വിദേശ യുവതിയെ ലൈംഗിക ആവശ്യത്തിനു വേണ്ടി ഉപയോഗിച്ച ശേഷം കൊന്ന് മരത്തില്‍ കെട്ടിത്തൂക്കുന്നു. അതിനുമെല്ലാം മീതെ, പത്തു വയസ്സുള്ള കുഞ്ഞിനെ ലൈംഗികമായ ഉപയോഗിച്ച പ്രതിയോടു പോലീസിന് സഹതാപം. മൃഗങ്ങളെക്കാള്‍ ക്രൂരതയാര്‍ന്ന ഈ ബാലപീഡകനെ കേസില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷിച്ചെടുക്കാനുള്ള ശ്രമവും നടക്കുന്നു. നമ്മള്‍ എവിടെയാണു നില്‍ക്കുന്നത്? ഏത് അര്‍ഥത്തിലാണ് മലയാളികള്‍ പ്രബുദ്ധരാണെന്ന് ഇനി പറയാനാവുക? നാണക്കേടിന്റെ അങ്ങേയറ്റത്തെ ചെളിക്കുഴിയില്‍ എത്തി നില്‍ക്കുന്നു മലയാളികളുടെ മനസ്സും പ്രവൃത്തികളും.
ബ്രിട്ടനിലായാലും അമേരിക്കയിലായാലും കേരളത്തില്‍ ജനിച്ചവര്‍ക്ക് ഈ ജന്മം സ്വന്തം നാടിന്റെ ലേബലില്‍ നിന്നു മാറി നില്‍ക്കുക സാധ്യമല്ല. ഓര്‍ത്തു നോക്കൂ, ഇത്തരം സാഹചര്യങ്ങളില്‍ എങ്ങനെയാണ് കേരളത്തിന്റെ ഭാഗമാണെന്നു മറ്റുള്ളവരോടു പറയാന്‍ കഴിയുക? അപമാനഭാരത്തില്‍ കുനിഞ്ഞ ശിരസ്സുമായിട്ടാണ് വിദേശ മലയാളികള്‍ ജീവിക്കുന്നത്. മലയാളത്തിലെ പത്രങ്ങള്‍ കോട്ടകെട്ടി പടച്ചു വിടുന്ന കഥകളെല്ലാം ലോകം മുഴുവനുമുള്ള വിദ്യാസമ്പന്നരായ ആളുകള്‍ വായിച്ച് മനസ്സിലാക്കുന്നുണ്ട്. കേരളം എന്നു കേട്ടാല്‍ 'അപമാനപൂരിതമാവുകയാണ്' നമ്മുടെ അന്തസ്സും സംസ്‌കാരവും.
ഹര്‍ത്താലിലും സമരങ്ങളിലും തളച്ചിടുന്ന കേരളത്തിലെ വികസന വിരുദ്ധ രാഷ്ട്രീയ സമീപനത്തിന് ഇനിയും ഒരു നൂറ്റാണ്ട് കഴിഞ്ഞാലും മാറ്റമുണ്ടാകുമെന്ന് സ്വപ്‌നം കാണാനാവില്ല. അതുകൊണ്ടാണല്ലോ കേരളത്തില്‍ ജീവിക്കുന്ന മലയാളികളായ ബിസിനസുകാര്‍ തൊട്ടടുത്തുള്ള സംസ്ഥാനങ്ങളില്‍ പോയി പണം മുടക്കി ബിസിനസ് ചെയ്യുന്നത്. മുപ്പത്തഞ്ചു വര്‍ഷം മുന്‍പ് കേരളത്തിലെ നഗരങ്ങളുടെ അടിസ്ഥാന പ്രശ്‌നം മാലിന്യവും കൊതുകും ഗതാഗത കുരുക്കുമായിരുന്നു. മുപ്പത്തഞ്ചു വര്‍ഷം കഴിഞ്ഞിട്ടും അടിസ്ഥാന പ്രശ്‌നം മാലിന്യവും കൊതുകും ഗതാഗത കുരുക്കുമാണ്. - ഈ നാടിന്റെ അടിസ്ഥാന വികസനത്തില്‍ എന്തു മുന്നേറ്റമാണ് ഉണ്ടായത്?
മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയാത്ത വിധം മാനസിക വൈകൃതമുള്ളവരുടെ നാടായി പരിണമിച്ചു കേരളം. എന്നതിലുപരി എന്തെങ്കിലുമൊരു നല്ല വാര്‍ത്ത കേരളത്തില്‍ നി്‌നു കേള്‍ക്കാനില്ല. കോണ്‍ഗ്രസും കമ്യൂണിസ്റ്റും രാഷ്ട്രീയം കളിച്ച് ഈ അവസ്ഥയില്‍ എത്തി നില്‍ക്കുന്നു. ഇതിനുമപ്പുറം ഏതോ സ്വര്‍ഗത്തിലെത്തിക്കും എന്നു പറഞ്ഞ് അടുത്ത അഭ്യാസത്തിന് ബിജെപി കാത്തിരിക്കുന്നു.
എന്താണ് യഥാര്‍ഥ അവസ്ഥ? കേരളത്തിലുള്ളവര്‍ രാപകല്‍ ഇല്ലാതെ മൊബൈല്‍ ഫോണിന്റെ വിശാലമായ സ്‌ക്രീനില്‍ സുഖം തേടുന്നു, ഇന്റര്‍നെറ്റിന്റെ അതിവിശാലതയില്‍ സ്വയം അറിയാതെ മുങ്ങുന്നു, ബിവറേജസിന്റെ മുന്നില്‍ അതിരസം തേടി ഒടുവില്‍ പുകച്ചുരുളുകളിലേക്കു സഞ്ചരിക്കുന്നു, വീടും കുടുംബവും അമ്മയും പെങ്ങളും എന്ന ചിന്തകളൊക്കെ മറന്ന് തോന്നിവാസത്തിലെത്തിയ പുതുതലമുറ - എത്രകാലം ഇതുപോലെ കൊണ്ടു നടക്കാനാകും?
ലോകത്ത് ഏറ്റവുമധികം ചെറുപ്പക്കാരുള്ള നാടാണ് ഇന്ത്യ. 2010 മുതല്‍ 2075 വരെ എല്ലാ ഇന്ത്യക്കാരും ആഞ്ഞു പിടിച്ചാല്‍ ഇന്ത്യ എല്ലാ തലത്തിലും ലോകത്തിന്റെ നെറുകയില്‍ എത്തും. വിദ്യാഭ്യാസ - രാഷ്ട്രീയ - സാംസ്‌കാരിക - സാമൂഹിക - വാണിജ്യ - വ്യവസായ രംഗത്തുള്ളവര്‍ക്ക് ഇക്കാര്യം അറിയാം. പക്ഷേ, അവര്‍ സ്വന്തം വികസനം മാത്രം ലക്ഷ്യമാക്കി കടിച്ചു വലിച്ച് പിഴിഞ്ഞൂറ്റികയാണ് ഈ നാടിനെ. അധികാരത്തിനും പണത്തിനും തോന്നിവാസത്തിനും കൂട്ടു നിന്ന് ദുരന്തത്തിന്റെ കയത്തിലേക്ക് മുക്കുകയാണ് നമ്മുടെ നാടിനെ.
അധപ്പതനത്തിന് കൂട്ടുനിന്ന് മലയാളികളെ അധിക്ഷേപിക്കുന്നവരോട് ഒരു അപേക്ഷ: നിങ്ങള്‍ നന്നാവില്ലെന്ന് തീരുമാനിച്ചോളൂ; അതിനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്. പക്ഷേ, നിങ്ങള്‍ ചെയ്യുന്ന അപമാനത്തിന്റെ മാലിന്യത്തിലേക്ക് എല്ലാ മലയാളികളെയും വലിച്ചിഴയ്ക്കരുത്. കാരണം, ഞങ്ങള്‍ അധ്വാനിച്ചാണ് ജീവിക്കുന്നത് - ആരുടെയും ഔദാര്യത്തിലല്ല.
 
Other News in this category

 
 




 
Close Window