Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
റഷ്യയുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യന്‍ പ്രതിനിധികള്‍ പാര്‍മെന്റില്‍ ആവശ്യപ്പെടണം
reporter
കമ്യൂണിസം എക്കാലത്തും വിപ്ലവങ്ങളിലൂടെയാണ് വിജയം നേടിയത്. മാര്‍ക്‌സ്, ഏംഗല്‍സ്, ലെനില്‍, ചെ ഗുവെര തുടങ്ങി സമരത്തിനു താത്വികമായും ക്രിയാത്മകമായും ശക്തി പകര്‍ന്നവരുടെ ധീര ചരിതം ആവര്‍ത്തിച്ച് പറയേണ്ടതില്ല. അത്തരം യാഥാര്‍ഥ്യങ്ങള്‍ നിലനില്‍ക്കെ, റഷ്യയുമായി ഇപ്പോള്‍ ബ്രിട്ടന്‍ സൃഷ്ടിച്ച രാഷ്ട്രീയ പ്രശ്‌നങ്ങളുടെ ഉറവിടത്തെ എങ്ങനെ വിലയിരുത്തണം? ഒരു ചായ കുടിച്ച് വട്ടത്തിലിരുന്ന് ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെങ്കിലും ഇന്ത്യയില്‍ നിന്നു ജീവിതം തേടി പാശ്ചാത്യരാജ്യങ്ങളില്‍ എത്തിയവരെ സംബന്ധിച്ചിടത്തോളം സംഗതി അല്‍പ്പം സീരിയസായി കാണേണ്ടതു തന്നെയാണ്. കാരണം, എന്തെങ്കിലുമൊരു അടിയന്തിര സാഹചര്യം വന്നാല്‍ ആദ്യം നേരിടേണ്ടി വരുന്നത് വിദേശത്തു നിന്നു കുടിയേറിയവരാണല്ലോ.
ഗള്‍ഫ് മേഖലയെ മൊത്തമായും പണം കൊടുത്തു വാങ്ങാന്‍ തയാറാണെന്ന് പണ്ടൊരിക്കല്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയിദ് പറഞ്ഞുവെത്രെ. കടലില്‍ നിന്നു പൊങ്ങി വന്ന 'മസ്‌കറ്റ്' എന്ന ഭൂമിയിലെ മണ്ണില്‍ ഇരുമ്പയിര്, ചെമ്പ് തുടങ്ങി ലോഹ മിശ്രിതങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. എന്നെങ്കിലും എണ്ണ ഖനനം നിലച്ചാല്‍ നിലം ഉഴുതു മറിച്ച് സ്വര്‍ണം ഉണ്ടാക്കാമെന്ന് അദ്ദേഹം ലക്ഷ്യം വച്ചിട്ടുണ്ട്. കേമനാണ് സുല്‍ത്താന്‍ ഖാബൂസ്. ഇത്രകാലം വെറും വാക്കു പറഞ്ഞിട്ടില്ല. അകിടില്‍ പാലുള്ള പശുവിനെ നോക്കി വില പറയുന്ന ദീര്‍ഘ ദര്‍ശിയായ ഭരണാധിപന്റെ ശബ്ദമായി ഒമാനിലെ സാഹചര്യം കണക്കാക്കാം. ഇതേ നിലയില്‍ നോക്കിയാല്‍ ബ്രിട്ടന്‍ എന്തു കണ്ടിട്ടാണ് റഷ്യയുമായി ഇടയുന്നത്? ഒന്ന്, രണ്ട് - ലോകമഹായുദ്ധങ്ങളുടെ മരണപ്പറമ്പാണ് ഇപ്പോള്‍ നമ്മള്‍ ജീവിക്കുന്ന ലോകം. അതിനപ്പുറം മറ്റൊരു ഉദാഹരണം ആവശ്യമില്ല. വീണ്ടുമൊരു യുദ്ധം ഉണ്ടാകരുത്. ഇന്ത്യക്കാര്‍ക്കുവേണ്ടി ഇക്കാര്യം പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പ്രതിനിധികള്‍ തയാറാവണം. അതിനു സമ്മര്‍ദ്ദം ചെലുത്താന്‍ സ്വാധീനമുള്ള വ്യക്തികള്‍ യുക്തിസഹമായി ഇടപെടണം. കഴിഞ്ഞ ദിവസങ്ങളില്‍ ഈ സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ശ്രദ്ധിക്കുക.






നയതന്ത്ര പ്രതിസന്ധി രൂക്ഷം; കൂടുതല്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ റഷ്യ പുറത്താക്കി, പ്രശ്‌നം വഷളാകുന്നു



ബ്രിട്ടനില്‍ മുന്‍ റഷ്യന്‍ ചാരന്‍ വിഷവാതക ആക്രമണത്തിനിരയായതിനെ തുടര്‍ന്ന് രൂപപ്പെട്ട നയതന്ത്ര പ്രതിസന്ധി രൂക്ഷമാകുന്നു. റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയ 23 രാജ്യങ്ങളുടെ പ്രതിനിധികളെ പുറത്താക്കിയതിനു പിന്നാലെ കൂടുതല്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ നിര്‍ദേശം നല്‍കി. വിവിധ രാജ്യങ്ങളുടെ 59ഓളം ഉദ്യോഗസ്ഥരോടാണ് രാജ്യംവിടാന്‍ റഷ്യ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയത്. ആസ്‌ട്രേലിയ, അല്‍ബേനിയ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, പോളണ്ട്, നെതര്‍ലന്‍ഡ്‌സ്, ക്രൊയേഷ്യ, യുക്രെയ്ന്‍, ഡെന്‍മാര്‍ക്, അയര്‍ലന്‍ഡ്, സ്‌പെയിന്‍, എസ്‌തോണിയ, ലാത്‌വിയ, ലിത്വേനിയ, മാസിഡോണിയ, മള്‍ഡോവ, റുമേനിയ, ഫിന്‍ലന്‍ഡ്, നോര്‍വേ, സ്വീഡന്‍, കാനഡ, ചെക് റിപ്പബ്ലിക് എന്നീ രാജ്യങ്ങള്‍ക്കെതിരെയാണ് നടപടി.

തെറ്റായ ആരോപണങ്ങളുന്നയിച്ച് രംഗത്തുവന്ന ബ്രിട്ടനും അമേരിക്കക്കും പിന്തുണ നല്‍കിയ രാജ്യങ്ങള്‍ക്കെതിരെയാണ് നടപടിയെന്ന് അധികൃതര്‍ വിശദീകരിച്ചു. 60 യു.എസ് നയതന്ത്ര ഉദ്യോഗസ്ഥരോട് മടങ്ങാന്‍ കഴിഞ്ഞദിവസം റഷ്യ നിര്‍ദേശം നല്‍കിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പട്ടണമായ സന്റെ് പീറ്റേഴ്‌സ്ബര്‍ഗിലെ യു.എസ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. ഇവിടെ പ്രവര്‍ത്തിക്കുന്ന കോണ്‍സുലേറ്റും അടച്ചുപൂട്ടും. ശീതയുദ്ധകാലത്താണ് സമാനമായി ഇരു രാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെ കൂട്ടമായി മടക്കിയിരുന്നത്. ഓരോ രാജ്യവും പുറത്താക്കിയ റഷ്യന്‍ പ്രതിനിധികളുടെ എണ്ണത്തിന് ആനുപാതികമായാണ് തിരിച്ചും നടപടി. ബ്രിട്ടന്റെ 23 അംഗങ്ങളെ നേരത്തെ പുറത്താക്കിയിരുന്നു. ബ്രിട്ടീഷ് അംബാസഡര്‍ ലോറി ബ്രിസ്‌റ്റോവിനെ വിളിച്ചുവരുത്തുകയും ചെയ്തിട്ടുണ്ട്.

27 അംഗങ്ങള്‍ കൂടി ഉടന്‍ തിരിച്ചുപോകണമെന്നും ബ്രിട്ടനിലെ റഷ്യന്‍ നയതന്ത്ര കാര്യാലയത്തിലുള്ള ഉദ്യോഗസ്ഥരുടെ അത്ര ബ്രിട്ടീഷ് പ്രതിനിധികളേ റഷ്യയിലും അനുവദിക്കൂ എന്ന് അദ്ദേഹത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ, മൊത്തം പുറത്താക്കപ്പെടുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ എണ്ണം 50 ആയി. ആഴ്ചകള്‍ക്ക് മുമ്പ് ബ്രിട്ടീഷ് പട്ടണമായ സാലിസ്ബറിയില്‍വെച്ചാണ് റഷ്യന്‍ മുന്‍ ചാരന്‍ സ്‌ക്രിപലും മകളും ആക്രമണത്തിനിരയായത്. മകളുടെ നിലയില്‍ കാര്യമായ പുരോഗതിയുണ്ട്. പിതാവ് അപകടനില തരണംചെയ്തിട്ടുണ്ടെങ്കിലും ഗുരുതര നിലയില്‍ തുടരുകയാണ്.



യുഎസിന് പിന്നാലെ റഷ്യ യൂറോപ്പിനെതിരെയും, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞരെ റഷ്യ പുറത്താക്കി



മുന്‍ റഷ്യന്‍ ഇരട്ടച്ചാരന്‍ സെര്‍ജി സ്‌ക്രിപാലിനു നേരെയുണ്ടായ സംഭവത്തില്‍ 60 നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ യുഎസ് നടപടിക്ക് തിരിച്ചടിച്ച് റഷ്യ. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞരെ റഷ്യ പുറത്താക്കി. 20 രാജ്യങ്ങളില്‍ നിന്നായി 50 നയതന്ത്രജ്ഞരെയാണ് റഷ്യ പുറത്താക്കിയത്. ഉക്രെയിനില്‍ നിന്നുള്ള 13 പേരെ പുറത്താക്കിയപ്പോള്‍ പോളണ്ട്, ജര്‍മനി, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള നാലുവീതം ഉദ്യോഗസ്ഥരെയും പുറത്താക്കി.

ഇതിനു പുറമേ, ഇറ്റലി, ഫിന്‍ലന്‍ഡ്, ലിത്വാനിയ, നെതര്‍ലന്‍ഡ്‌സ്, ലത്വിയ, സ്വീഡന്‍, എസ്‌തോണിയ, ചെക്ക് റിപ്പബ്ലിക്, ഉക്രെയ്ന്‍, റൊമാനിയ, നോര്‍വേ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞരെയും പുറത്താക്കിയിട്ടുണ്ട്. മുന്‍ റഷ്യന്‍ ഇരട്ടച്ചാരന്‍ സെര്‍ജി സ്‌ക്രിപാലിനു നേരെയുണ്ടായ സംഭവത്തില്‍ 60 നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ യുഎസ് നടപടിക്ക് പിന്നാലെയാണ് റഷ്യ നിലപാട് കടുപ്പിച്ചത്. റഷ്യയിലെ 60 നയതന്ത്രജ്ഞരെ പുറത്താക്കുമെന്നും സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ യുഎസ് കോണ്‍സുലേറ്റ് അടയ്ക്കുമെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവ് പ്രഖ്യാപിച്ചിരുന്നു.

സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയയ്ക്കും വിഷബാധയേറ്റ സംഭവത്തില്‍ റഷ്യയെ ശിക്ഷിക്കാന്‍ 60 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെയാണ് യുഎസ് പുറത്താക്കിയത്. ബ്രിട്ടനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉദ്യോഗസ്ഥരോട് ഏഴു ദിവസത്തിനകം അമേരിക്ക വിടാനും സിയാറ്റിലിലെ റഷ്യന്‍ കോണ്‍സുലേറ്റ് അടയ്ക്കാനും ട്രംപ് ഭരണകൂടം ഉത്തരവിട്ടിരുന്നു.





റഷ്യന്‍ ചാരനുനേരെ വിഷപ്രയോഗം വീട്ടില്‍വെച്ചെന്ന് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ്

മുന്‍ റഷ്യന്‍ ഏജന്റ് സെര്‍ജി സ്‌ക്രിപലിനും മകള്‍ യൂലിയക്കും നേരെയുണ്ടായ വധശ്രമത്തില്‍ ഇരുവര്‍ക്കും വിഷബാധയേറ്റത് സ്വന്തം വീട്ടിലെ പ്രവേശന കവാടത്തില്‍വെച്ചെന്ന് ബ്രിട്ടീഷ് അന്വേഷണ ഏജന്‍സി സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ്. സാലിസ്ബറിയിലെ വീട്ടിലെത്തിയാണ് അക്രമി വിഷപ്രയോഗം നടത്തിയത്. ഇവിടെ വിഷവാതകം എത്തിച്ച വ്യക്തിയെ കണ്ടെത്താനാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിനായി വീടും പരിസരവും കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. പരിസരവാസികളെയും ചോദ്യംചെയ്യും.

മാര്‍ച്ച് നാലിനാണ് സാലിസ്ബറിയിലെ പാര്‍ക്കില്‍ സ്‌ക്രിപലിനെയും മകളെയും ബോധമറ്റ നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്കുനേരെ പ്രയോഗിച്ചത് നോവിചോക്ക് എന്ന വിഷവസ്തുവാണെന്ന് പ്രധാനമന്ത്രി തെരേസ മേയ് ദിവസങ്ങള്‍ കഴിഞ്ഞ് വ്യക്തമാക്കിയിരുന്നു. നേരത്തേ, സോവിയറ്റ് റഷ്യയായിരുന്ന കാലത്ത് റഷ്യന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച വിഷവാതകമാണിത്. വീടിനു മുന്നില്‍ ബൊക്കെയായോ ചെറിയ പൊടികളായോ ആകാം ഇത് പ്രയോഗിച്ചതെന്നാണ് കരുതുന്നത്. ഇരുവരും ഭക്ഷണംകഴിച്ച മേശയില്‍ ഉള്‍പ്പെടെ വിഷവാതകത്തിന്റെ സാന്നിധ്യം കണ്ടെത്തി.

ആരോപണം പാശ്ചാത്യ കുപ്രചാരണമാണെന്ന് പറഞ്ഞ് റഷ്യ തള്ളിയെങ്കിലും കടുത്ത നടപടികളുമായി ബ്രിട്ടനും യു.എസും മറ്റു 20ലേറെ രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. നിരവധി റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരാണ് സംഭവത്തിന്റെ പേരില്‍ പുറത്താക്കപ്പെട്ടത്. അതിനിടെ, വിഷവാതക പ്രയോഗത്തിനിരയായ സ്‌ക്രിപലിന്റെ മകള്‍ യൂലിയ ആശുപത്രിയില്‍ സുഖം നേടുന്നതായി അധികൃതര്‍ അറിയിച്ചു.





ലോകം മറ്റൊരു ശീതയുദ്ധകാലത്തേക്ക്, 60 അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കുമെന്ന് റഷ്യ




നയതന്ത്ര പ്രതിനിധികളെ പുറത്താക്കാനുള്ള അമേരിക്കയുടെ തീരുമാനത്തിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് റഷ്യ. തങ്ങളുടെ 60 നയതന്ത്രപ്രതിനിധികളെ പുറത്താക്കിയതിന് പകരമായി 60 അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു. സന്റെ് പീറ്റേഴ്‌സ്ബര്‍ഗിലുള്ള അമേരിക്കന്‍ കോണ്‍സുലേറ്റും പൂട്ടാനും റഷ്യ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിയാറ്റിലിലുള്ള റഷ്യന്‍ കോണ്‍സുലേറ്റ് അടക്കാന്‍ നേരത്തെ അമേരിക്ക ഉത്തരവിട്ടിരുന്നു.

മുന്‍ റഷ്യന്‍ ഏജന്റ് സെര്‍ജി സ്‌ക്രിപലിനും മകള്‍ യൂലിയക്കും ബ്രിട്ടനില്‍ വിഷബാധയേറ്റ സംഭവവുമായി ബന്ധപ്പെട്ടാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഇടഞ്ഞത്. ഇതിനു പിന്നില്‍ റഷ്യയാണെന്നായിരുന്നു അമേരിക്കയുടെ ആരോപണം. മാര്‍ച്ച് നാലിനാണ് സാലിസ്ബറിയിലെ പാര്‍ക്കില്‍ സ്‌ക്രിപലിനെയും മകളെയും ബോധമറ്റ നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്കുനേരെ പ്രയോഗിച്ചത് നോവിചോക്ക് എന്ന വിഷവസ്തുവാണെന്ന് പ്രധാനമന്ത്രി തെരേസ മേയ് ദിവസങ്ങള്‍ കഴിഞ്ഞ് വ്യക്തമാക്കിയിരുന്നു. ആരോപണം പാശ്ചാത്യ കുപ്രചാരണമാണെന്ന് പറഞ്ഞ് റഷ്യ തള്ളിയെങ്കിലും കടുത്ത നടപടികളുമായി ബ്രിട്ടനും യു.എസും മറ്റു 20ലേറെ രാജ്യങ്ങളും രംഗത്തെത്തിയിരുന്നു.
 
Other News in this category

 
 




 
Close Window