Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
മൗനം ബുദ്ധിയുള്ളവര്‍ക്കു ഭൂഷണം
എഡിറ്റര്‍
ഏറെ വാര്‍ത്തകളുടേയും സംഭവങ്ങളുടേയും ഇടയില്‍ മലയാളികള്‍ക്കു സംശയമുണ്ടാക്കിയ ഒരു വിഷയമാണ് കേരള കോണ്‍ഗ്രസ് നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയുടെ ജയില്‍ മോചനം. തലനാരിഴ കീറിയൊരു പരീക്ഷണത്തിന് ഡിക്റ്ററ്റീവുകളോ പത്രമാധ്യമങ്ങളോ ശ്രമിച്ചാലും തോറ്റുതുന്നംപാടും. ആ ഡ്രമാറ്റിക് റിയാലിറ്റി ശരിക്കും അത്ഭുതപ്പെടുത്തുന്നു. ഇടമലയാര്‍ അഴിമതിക്കേസിന്റെ വലിയ സാങ്കേതിക വശങ്ങള്‍ പറഞ്ഞാല്‍ അത് എഴുതിത്തീര്‍ക്കാന്‍ മാത്രം ഒരുപാട് സ്ഥലം വേണ്ടിവരും. വലിയൊരു അഴിമതിയില്‍ കുറ്റവാളിയാണ് ആര്‍. ബാലകൃഷ്ണ പിള്ളയെന്ന് കണ്ടെത്താന്‍ പതിറ്റാണ്ടിലേറെക്കാലം അധ്വാനിക്കേണ്ടിവന്നു. സര്‍ക്കാരിന്റെ പണം, അഥവാ, മലയാളികള്‍ നല്‍കിയ നികുതിയില്‍ നിന്നു മോഷണം നടത്തുക എന്നാണല്ലോ അഴിമതി എന്ന ആഡംബര വാക്കിന്റെ അര്‍ഥം. എങ്കില്‍, കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടിയുള്ള ഒരു വികസന പദ്ധതിയുടെ ഭാഗം പോക്കറ്റിലാക്കിയ കുറ്റമാണ് ബാലകൃഷ്ണ പിള്ള ചെയ്തത്.

അഞ്ചു വര്‍ഷത്തെ കഠിന തടവായിരുന്നു വിചാരണക്കോടതിയുടെ ശിക്ഷ. അതു സുപ്രീംകോടതി ശരിവച്ചു. പ്രതിയുടെ പ്രായം, കേസന്വേഷണത്തിനുവേണ്ടി വന്ന കാലദൈര്‍ഘ്യം എന്നിവ നോക്കിയപ്പോള്‍ ഒരു വര്‍ഷത്തെ കഠിനതടവു മതിയെന്ന് പരമോന്നത നീതിപീഠം വിധിച്ചു. ജയിലിലേക്ക് കണ്ണീരോടെ യാത്രയായ പിള്ള അവിടെ കഴിഞ്ഞത് അറുപത്തൊമ്പതു ദിവസം. ജയിലില്‍ പോയ ശേഷം എഴുപത്തഞ്ചു ദിവസവും പരോളായിരുന്നു. പലതരത്തിലുള്ള കുറ്റങ്ങള്‍ ചെയ്ത് കേരളത്തിലെ പല ജയിലുകളില്‍ കഴിയുന്ന കുറ്റവാളികള്‍ക്ക് കിട്ടുമോ ഈ ആനുകൂല്യം? ഇല്ല എന്നാണ് ഉത്തരമെങ്കില്‍, ആരാണ് ഇങ്ങനെയൊരു കീഴ് വഴക്കമുണ്ടാക്കിയത് ?

പിള്ളയുടെ കേസില്‍ ഇനിയും നിലയുറപ്പിച്ച് വിചാരണയ്ക്കുപോയാല്‍ ആരെയൊക്കെയാണു പ്രതിചേര്‍ക്കേണ്ടി വരുകയെന്നു നിശ്ചയമില്ല. യുഡിഎഫിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അറിയാതെ, അതേ പാര്‍ട്ടിയുടെ അവിഭാജ്യ ഘടകത്തിന്റെ നായകനായ പിള്ളയ്ക്ക് കിട്ടില്ല അനൗദ്യോഗിക പ്രിവിലേജസ്. തത്ക്കാലം ക്രോസ് ക്വസ്റ്റിയന്‍സിന് വിരാമം.

നിയമവും കോടതിയും ജനങ്ങളുടെ പരമോന്നത വിശ്വാസമാണ് ലോകത്ത് മനുഷ്യവാസമുള്ള എല്ലായിടത്തും. ജനാധിപത്യ രാജ്യം എന്ന സ്വാതന്ത്ര്യം അംഗീകരിക്കപ്പെടുന്ന പ്രദേശങ്ങളില്‍ അതിന്റെ വ്യാപ്തി കൂടും. കേരളത്തിലെ സാഹചര്യങ്ങളും കഷ്ടിച്ച് കഷ്ടപ്പാടില്‍ നിന്നു കരകയറുന്ന ഗ്രാമങ്ങളുടെ കണക്കും നോക്കിയാല്‍ മനുഷ്യത്വവും പരിഗണിക്കണം. അവിടെ പ്രധാന വിഷയം പട്ടിണിയും ദാരിദ്ര്യവും മാറ്റാനുള്ള പൊതു ധന സ്വരൂപണത്തിന്റെ ആവശ്യകതയായിരിക്കും.

കോടതിയില്‍ അനാവശ്യമായി സര്‍ക്കാര്‍ ചെലവാക്കുന്ന പണത്തിന്റെ വിവരം ഒന്നു പരിശോധിച്ചാലോ. ഹൈക്കോടതിയില്‍ മാത്രം കേരള സര്‍ക്കാരിന്റെ കേസുകള്‍ നടത്താന്‍ നൂറ്റിനാല്‍പ്പതില്‍പ്പരം അഭിഭാഷകരുണ്ട്. അഡ്വക്കറ്റ് ജനറല്‍ മുതല്‍ പ്ലീഡര്‍വരെയുള്ളവര്‍ ഈ ലിസ്റ്റില്‍പ്പെടുന്നു. സര്‍ക്കാര്‍ നിയോഗിക്കുന്ന അഭിഭാഷകരാണ് ഈ വിഭാഗത്തിലുള്ളതെന്ന് പരസ്പരം ഓരോ ഭരണകൂടങ്ങളെക്കുറിച്ചും ആരോപണം. അതു വാസ്തവമാണോ അല്ലയോ എന്നുള്ളതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഇനി വേറെയൊരു അന്വേഷണ ഏജന്‍സിയെ വയ്ക്കണോ? ആരാണ് ഇവര്‍ക്കൊക്കെ ശമ്പളം കൊടുക്കുന്നത്?

സമത്വ സുന്ദരമാണു ലോകം. അതിലേറെ മനോഹരമാണു ജീവിതം. അതിനിടെ കാണുന്ന കുറേ കെട്ടുകോലങ്ങള്‍, നാടകങ്ങള്‍. ഇതിനൊന്നും പൊയ്ക്കാലില്‍ കെട്ടിപ്പൊക്കിയ വേദികളില്ലെന്നു മാത്രം. ശരിയേത്, തെറ്റേത്?
 
Other News in this category

 
 




 
Close Window