Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
ഒക്യുപൈ സമരം, കഥയറിയാതെ ആട്ടമിതാ ബ്രിട്ടനിലും
എഡിറ്റര്‍
കഥയറിയാതെ ആട്ടം കാണുക എന്നു കേട്ടിട്ടല്ലേയുള്ളൂ. ഇപ്പോഴിതാ അങ്ങനെയൊരു നേര്‍ക്കാഴ്ച ബ്രിട്ടനില്‍ . യൂറോപ്പിലെ സമ്പന്നമായ ഈയൊരു രാഷ്ട്രത്തെ മാത്രം ഉദാഹരിക്കുന്നതില്‍ അര്‍ഥമില്ല. റോമിലും പാരീസിലും മറ്റു ചില രാജ്യങ്ങളിലും ആട്ടക്കഥയുടെ രീതികളില്‍ വലിയ മാറ്റങ്ങളില്ല. ഒക്യുപൈ വാള്‍സ്ട്രീറ്റ് എന്ന ചേതോവികാരത്തിന്റെ പൊരുളറിയാതെ കൂടെത്തുള്ളുന്നതില്‍ എന്ത് അര്‍ഥമുണ്ട്? ഗ്ലോബല്‍ റിസഷന് പരിഹാരമായി ഒക്യുപൈ വോള്‍ സ്ട്രീറ്റ് മതിയെന്നു പറഞ്ഞു പ്രചരിപ്പിച്ചത് അമേരിക്കയിലെ ന്യൂയോര്‍ക്കിലിരുന്ന് ഏതോ ബുദ്ധിരാക്ഷസനാണ്. അതിപ്പോഴിതാ ബ്രിട്ടനിലും. ജോലിയും കൂലിയുമില്ലാത്ത, കൈയില്‍ പത്തു കാശുമില്ലാത്ത അമേരിക്കയിലെ ചെറുപ്പക്കാര്‍ അതൊരു വിശാല രാജ്യത്തിന്റെ വാതിലാണെന്നു കരുതിയെങ്കില്‍ അതു തെറ്റാണ്. വരാന്‍ പോകുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുമ്പ് നീട്ടിയെറിഞ്ഞ ഒരു വല. ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റിന്റെ പേരിന് പഴയ തിളക്കമില്ല. പുതുതായി മത്സരിക്കുന്നതില്‍ കറുത്ത വര്‍ഗക്കാരുണ്ടു താനും. അപ്പോള്‍ തീപ്പൊരി മത്സരം പ്രതീക്ഷിക്കാം. അതിനിടയില്‍ മത്സരിച്ചു ജയിക്കണമെങ്കില്‍ മിഡില്‍ ക്ലാസ്, ലോവര്‍ ക്ലാസ്, തേഡ് ക്ലാസ് ജനങ്ങളുടെ പൂര്‍ണ പിന്തുണ വേണം. ആരാണ് തുറുപ്പു കാര്‍ഡിറക്കിയതെന്ന് ഇപ്പോള്‍ പ്രവചിച്ചാല്‍ വേണമെങ്കില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാം. അപ്രിയ സത്യങ്ങള്‍ തുറന്നു പറയരുതെന്ന് നാലു നൂറ്റാണ്ടു മുമ്പ് എഴുതി വച്ച മലയാളി സാഹിത്യകാരനെ പത്തു കൈകൊണ്ടുപ്രണമിക്കണം. അതോടൊപ്പം തന്നെ ആലോചിക്കണം, അമേരിക്കക്കാരുടെ മാത്രം പ്രശ്‌നമായി വരുംകാല ചരിത്രം വിലയിരുത്താന്‍ പോകുന്ന വലിയൊരു സംഭവത്തിന് ബ്രിട്ടനിലെന്തു വിശേഷം?

പണക്കാര്‍ കൂടുതല്‍ പണക്കാരായി. പാവങ്ങള്‍ എക്കാലത്തേക്കാളും ദാരിദ്ര്യത്തിലേക്കു തരം താഴ്ന്നു. ജോലിയില്ല. കൂലിയില്ല. സാമൂഹിക - സാമ്പത്തിക സമത്വം വേണം... ഈ ആവശ്യങ്ങള്‍ കേട്ടതോടെ നഴ്‌സുമാരുടെ ദേശീയ സംഘടന ആഭിമുഖ്യം കാണിച്ച് തെരുവിലിറങ്ങി. കോണ്‍ഗ്രസിന്റെ സ്പീക്കര്‍ നാന്‍സി പെലോസി ഉള്‍പ്പെടെയുള്ളവര്‍ സമരക്കാരുടെ ആവശ്യങ്ങള്‍ ന്യായമെന്നു പറഞ്ഞു. സെലിബ്രിറ്റികളും ഇത് ആവര്‍ത്തിച്ചു. രാഷ്ട്രീയവും സമ്പത്തും ഒരുമിക്കരുത്. പുതിയ അമേരിക്ക പടുത്തുയര്‍ത്തണം... സമരക്കാരുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കുന്നു. ജനകീയ പ്രക്ഷോഭമായി മാറിക്കൊണ്ടിരിക്കുകയാണ് ഒക്യുപൈ വോള്‍സ്ട്രീറ്റ് മൂവ്‌മെന്റ്. ഇപ്പോഴിതാ ലണ്ടനിലും... അമേരിക്കയില്‍ രാവും പകലുമില്ലാതെ സമരക്കാരെ നിയന്ത്രിക്കാന്‍ മാത്രം ഒരു കോടിയിലേറെ രൂപ അധികം ചെലവാക്കി സ്‌പെഷ്യല്‍ പൊലീസിനെ ഡ്യൂട്ടിക്കു നിര്‍ത്തിക്കഴിഞ്ഞു. ഈജിപ്റ്റിലും ലിബിയയിലും സിറിയയിലും രാജഭരണത്തിനെതിരേ തെരുവിലിറങ്ങിയ ജനങ്ങളുടെ സമരമുറകളല്ല അമേരിക്കക്കാരുടേത്.

അമേരിക്കയിലിപ്പോള്‍ ഓരോ ന്യൂസ് ഫഌഷുകളിലും പ്രത്യക്ഷപ്പെടുന്നത് ലോകം കണ്ടിട്ടില്ലാത്ത സമരചിത്രങ്ങള്‍. പഴന്തുണികളും പ്ലാസ്റ്റിക് ബോട്ടിലുകളും നിറഞ്ഞ പാര്‍ക്ക്. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ സമരക്കാര്‍ വഴിയരികില്‍ ബെഡ് ഷീറ്റ് വിരിച്ചുറങ്ങുന്നു. വട്ടംകൂടിയിരുന്ന് പാട്ടും ഡാന്‍സും കോലം തുള്ളലും. സമര മുറകള്‍ മാന്യമല്ലെന്ന പരാതി അവിടെയാര്‍ക്കുമില്ല. നാളെ ബ്രിട്ടനില്‍ ചെറുപ്പക്കാര്‍ കൂടുതല്‍ ശക്തമായി പ്രതികരിച്ചു തുടങ്ങിയാല്‍ ഇതൊക്കെത്തന്നെയാകും അവസ്ഥ. കാരണം, സാമ്പത്തിക പ്രശ്‌നങ്ങള്‍ എത്രയോ തവണ കോലഹലങ്ങള്‍ക്ക് ഇടവരുത്തിയിരിക്കുന്നു ഇവിടെ. സമരക്കാരുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് എല്ലാവരും പറയാന്‍ നൂറുകണക്കിനു സംഘടനകളുണ്ടാകും. ഇപ്പോള്‍ അമേരിക്കയില്‍ സംഭവിച്ചതും അതു തന്നെയല്ലേ. ബ്രിട്ടനില്‍ ഒരു സോഷ്യലിസ്റ്റ് അന്തരീക്ഷം സൃഷ്ടിക്കപ്പെടാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടോ? അതു പോലെത്തന്നയാണ് അമേരിക്കയും എന്നിട്ടും ഒക്യുപൈ വോള്‍സ്ട്രീറ്റ് മൂവ്‌മെന്റിനെ വര്‍ഗ സമരം എന്നാണ് ബിട്ടിഷ് മാധ്യമങ്ങള്‍ വിളിച്ചത്. പൊളിറ്റിക്കല്‍ ലെഫ്റ്റ് മൂവ്‌മെന്റാണിതെന്ന് അമേരിക്കയിലെ മാധ്യമങ്ങളും പറയുന്നു. മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ച് ഭരണകൂടത്തിനെതിരേ സമരക്കാര്‍ പറയുന്നത് സാമൂഹിക സമത്വം, സാമ്പത്തിക തുല്യത. പണക്കാരോടുള്ള പകയാണ് ഓരോ പ്ലക്കാര്‍ഡുകളിലും എഴുതിയിട്ടുള്ളത്. ജോലി നഷ്ടപ്പെടലും സാമ്പത്തിക പ്രശ്‌നങ്ങളുമൊക്കെ ബ്രിട്ടനിലുമുണ്ട്. ആ പ്രശ്‌നങ്ങളില്‍ നിന്ന് എങ്ങനേയും രക്ഷപെടണമെന്ന് ആത്മാര്‍ഥമായി വിചാരിക്കുന്ന യുവാക്കളും ഏറെ. അവരെല്ലാം അണി ചേര്‍ന്നാല്‍ ഒക്യുപൈ വോള്‍സ്ട്രീറ്റിന് ബ്രിട്ടിഷ് വെര്‍ഷനുണ്ടാകും. പേരുമാറും, കാഴ്ചകളും മാറും. പ്രവാസി സമൂഹമാണ് തൊഴില്‍ നഷ്ടങ്ങള്‍ക്കുള്ള കാരണമെന്ന പഴകിപ്പതിഞ്ഞ തെറ്റിദ്ധാരണയ്ക്ക് പ്രാധാന്യം വര്‍ധിക്കും.

അമേരിക്കയില്‍ സമരത്തിന്റെ ഓരോ മൂവ്‌മെന്റ്‌സും കൃത്യമായ പദ്ധതികളോടെയാണ്. സുകോറ്റി പാര്‍ക്കിന്റെ ഒരു മൂലയില്‍ മീഡിയ സെന്റര്‍ ആരംഭിച്ച് വാര്‍ത്തകള്‍ അപ്പപ്പോള്‍ ലോകത്തെ അറിയിക്കുന്നു. കൃത്യമാ പ്ലാന്‍ ചെയ്ത് ആവിഷ്‌കരിക്കുന്ന സമരം. അതിന്റെ റിസല്‍റ്റിനെക്കുറിച്ചും അവര്‍ കണക്കാക്കിയിട്ടുണ്ടാകില്ലേ? എങ്കില്‍പ്പിന്നെ ബ്രിട്ടനില്‍ അത് അനുവര്‍ത്തിക്കുന്നതില്‍ അര്‍ഥമെന്ത്. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഒരുപക്ഷേ ഇപ്പോള്‍ ഇതൊക്കെ എവിടെയോ നടക്കുന്ന എന്തോ സംഭവങ്ങളായിരിക്കാം. അല്‍പ്പം ദീര്‍ഘവീക്ഷണത്തോടെ ചിന്തിച്ചാല്‍ ലോകം ഇതുവരെ കണ്ടിട്ടുള്ള എല്ലാ ആഗോള മാറ്റങ്ങളും ഇങ്ങനെയായിരുന്നു. അതൊരു സമത്വസുന്ദരസ്വപ്‌നലോകത്തിലേക്കുള്ള വഴിയൊരുക്കലായിരുന്നില്ല, പലയിടത്തും. തനിയാവര്‍ത്തനമാകാതിരിക്കട്ടെ ഇപ്പോള്‍ കാണുന്നതൊന്നും.
 
Other News in this category

 
 




 
Close Window