Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
ആശംസകള്‍, ക്രിസ്മസിനും മുല്ലപ്പെരിയാറിനും
editor
സന്തോഷിക്കാനോ മതിമറന്ന് ഉല്ലസിക്കാനോ ഒരു അന്തരീക്ഷത്തിലല്ലെങ്കിലും ക്രിസ്മസിനെ വരവേല്‍ക്കാതെ വയ്യല്ലോ. പണ്ടത്തെ നായരുടെ അമിതാത്മാഭിമാനത്തെ മൂടിയ വെള്ളമുണ്ട് മുറുക്കിക്കുത്തിക്കൊണ്ട് മലയാളികളായ നമ്മള്‍ ഹാപ്പി ക്രിസ്മസ് പറയുന്നു. ഒരു സമ്മര്‍ദ്ദത്തിന്റെ ശ്വാസംമുട്ടല്‍ മുല്ലപ്പെരിയാറില്‍ നിര്‍ത്തിക്കൊണ്ടാണ് ഇത്തവണത്തെ ഡിസംബര്‍ ഇരുപത്തഞ്ച്. ലോകരക്ഷയ്ക്കായി പിറവിയെടുത്ത മനുഷ്യപുത്രന്റെ ജന്മദിനം സമൃദ്ധിയുടേയും സന്തോഷത്തിന്റേയും സര്‍വ ഐശ്വര്യങ്ങളുടേയും ദിനമാകട്ടെ.
കാര്യകാരണങ്ങളറിയാത്ത ഒരു കുട്ടിയുടെ ബാലശാഠ്യങ്ങളാണോ മുല്ലപ്പെരിയാര്‍ ? ഓരോ മലയാളിയും സ്വയം ചോദിച്ച് ഉത്തരം കണ്ടെത്തണം. ഇതേ കാര്യം മനസിലാകുന്ന ഭാഷയില്‍ തമിഴ്‌നാട്ടുകാരോടും ചോദിക്കണം. ഒരു പൗരന്റെ ധാര്‍മിക ബോധമോ, വലിയ ഉത്തരവാദിത്വങ്ങളുടെ അമിതഭാരമോ അതിനില്ല. കുമളിയും മൂന്നാറും വാളയാറും കന്യാകുമാരിയും അതിനപ്പുറമുള്ള ഭൂമിയും സര്‍ക്കാര്‍ രേഖകളില്‍ അതിരാണ്. അതു തമിഴനേയും മലയാളിയേയും വകഞ്ഞു തിരിക്കാനുള്ള മാര്‍ഗരേഖയാണെന്ന് ആരും എവിടേയും പറഞ്ഞിട്ടില്ല. ഭാഷയുടെ പ്രായംകൊണ്ട് തമിഴാണ് മലയാളത്തിന്റെ മൂത്ത സഹോദരന്‍, അല്ലെങ്കില്‍ സഹോദരി. തമിഴ്‌നാട്ടിലെ പച്ചക്കറിവേണം നമുക്കു നന്നായി സദ്യയുണ്ണാന്‍. തമിഴ്‌നാട്ടിലെ തൊഴില്‍ സാഹചര്യങ്ങളുടെ തുറന്ന വാതിലുകള്‍ ആവശ്യമുണ്ട് കേരളത്തില്‍ നിന്നുള്ള തയ്യല്‍ക്കാര്‍ക്കും മണ്ണിനെ അറിയുന്ന കര്‍ഷകര്‍ക്കും ദിവസക്കൂലിക്കുജോലി ചെയ്യുന്ന മലയാളികള്‍ക്കും. അതുപോലെ തന്നെയാണ് തമിഴ്‌നാട്ടുകാര്‍ക്കു കേരളവും. ഒരു അടി വീതിയും അഞ്ചടി താഴ്ചയുമുള്ള കുഴിയുണ്ടാക്കി ടെലിഫോണിനു കേബിളിടാന്‍ തമിഴ്‌നാട്ടുകാരനേ ധൈര്യമുള്ളൂ. ഇതു പറയുന്നത് നമ്മളാണ്. അതുപോലെയാണ് തമിഴ്‌നാട്ടിലും. ബ്രിട്ടിഷുകാര്‍ മലയാളികളെക്കുറിച്ചു പറയുന്നതുപോലെ, മലയാളികളാണെങ്കില്‍ വിശ്വസിച്ച് ജോലി ഏല്‍പ്പിക്കാം എന്നൊരു ധാരണയുണ്ട് തിരുവള്ളുവരുടേയും അവ്വയാറുടേയും സാഹിത്യം കേട്ടു പരിചയിച്ച തമിഴ്‌നാട്ടില്‍. ഭൂമിപരമായ അതിര്‍ത്തികള്‍ക്കുറം മാനസികമായ ഐക്യം തമിഴരും നമ്മളും തമ്മിലുണ്ടെന്ന് വിശാലമായ അര്‍ഥം.
രാഷ്്ട്രത്തെ സംബന്ധിച്ചത് എന്നാണ് രാഷ്ട്രീയം എന്ന വാക്കിന്റെ മലയാള അര്‍ഥം. സ്വാതന്ത്ര്യത്തിനുവേണ്ടിയും, സഹജീവികളുടെ ക്ഷേമത്തിനുവേണ്ടിയും ഒരു പതാകയ്ക്കു കീഴില്‍ അണി നിരക്കുമ്പോള്‍ അത് അര്‍ഥവത്താകുന്നു, നീതിയുക്തമാകുന്നു. പക്ഷേ, മുല്ലപ്പെരിയാര്‍ എന്ന നീര്‍ത്തടാകംപോലെയുള്ള മനുഷ്യാവകാശങ്ങളില്‍ രാഷ്്ട്രീയം ജീര്‍ണമാകുന്നു. ഇന്നോ നാളെയോ മുല്ലപ്പെരിയാര്‍ പൊട്ടുമെന്നു പറഞ്ഞു പരത്തുന്നതാരാണ്? മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാലും ആര്‍ക്കും ഒന്നും സംഭവിക്കില്ലെന്നു പ്രചരിക്കുന്നത് ആരൊക്കെ ചേര്‍ന്നാണ്? മലയാളികള്‍ നിങ്ങളുടെ കുടിവെള്ളം തടഞ്ഞു വയ്ക്കുന്നു എന്നു പറഞ്ഞു പരത്തിയില്ലെങ്കില്‍ ഒരു തമിഴനും മലയാളികളുടെ കടകള്‍ക്കു നേരെ കല്ലെറിയില്ല. വെള്ളപ്പാച്ചിലില്‍ നിങ്ങളുടെ വീട് ഒലിച്ചുപോകാന്‍ കാരണം തമിഴന്റെ പിടിവാശികളാണെന്നു കിംവദന്തിയുണ്ടാക്കിയില്ലെങ്കില്‍ കുമൡയില്‍ തമിഴ്‌നാട്ടുകാരെ ആരും തടയില്ല, തല്ലില്ല. ഭൂകമ്പസാധ്യതയുള്ള സ്ഥലമാണ് ഇടുക്കി. അവിടെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. തമിഴ്‌നാടിന്റെ പകുതിയിലേറെ പ്രദേശങ്ങളുടെ നീരുറവയാണ് ഈ നീര്‍ത്തടാകം. കേരളത്തിന്റെ വൈദ്യുതിയില്‍ വലിയൊരു പങ്ക് കിട്ടുന്നത് ഇവിടെ നിന്നാണ്. യഥാകാലങ്ങളില്‍ രണ്ടു പ്രദേശത്തുള്ള ആളുകളും ആ വെള്ളം ഉപയോഗിക്കണം എന്നൊരു കരാറാണ് ഈ ഡാമിന്റെ വിതരണാവകാശം സംബന്ധിച്ചുള്ള രേഖ. തമിഴ്‌നാടിന് വെള്ളം വിറ്റ് കാശുണ്ടാക്കണമെന്ന് ആ ട്രീറ്റിയില്‍ പറയുന്നില്ല. ആവശ്യത്തിനു വെള്ളം കേരളത്തിലുണ്ടല്ലോ. അതുകൊണ്ട് മിച്ചം വരുന്നത് തമിഴ്‌നാടിന് കൊടുത്ത് സഹായിക്കുക എന്നാണ് വ്യവസ്ഥ. പക്ഷേ, സംഭവിച്ചതോ? കാലം കഴിഞ്ഞപ്പോഴും കരാര്‍ പുതുക്കിയില്ല. ഇന്റര്‍‌സ്റ്റേറ്റ് വാട്ടര്‍ ഡിസ്പ്യൂട്ട് എന്ന കേന്ദ്ര സ്ഥാപനത്തിന്റെ ഫയലുകളുടെ എണ്ണംകൂട്ടാന്‍ ഒരു ഗുലുമാലായി മുല്ലപ്പെരിയാര്‍. കുടിക്കാനും കുളിക്കാനും വെള്ളമില്ലാതെ കഷ്ടപ്പെടുന്ന നാട്ടുകാരന്റെ വോട്ടിന് മുല്ലപ്പെരിയാര്‍ ഇരയിട്ട് ഇലക്്ഷനുകളെ നേരിട്ടു തമിഴ്‌നാട്ടിലെ കക്ഷികള്‍. അതിനൊത്ത് താളം തുള്ളി കേരളത്തിലെ പ്രബുദ്ധ നേതാക്കന്മാരും. ഒടുവില്‍ ജനങ്ങള്‍ നേരിട്ട് പ്രതിഷേധിച്ചപ്പോള്‍, തെരുവിലിറങ്ങിയപ്പോള്‍, മാധ്യമങ്ങള്‍ നിര്‍ത്താതെ വാര്‍ത്ത പ്രചരിപ്പിച്ചപ്പോള്‍ ആ സാഹചര്യവും മുതലെടുക്കപ്പെടുന്നു.
തമിഴ്‌നാടിന്റെയോ കേരളത്തിന്റെയോ കുടുംബസ്വത്തല്ല പ്രകൃതി നല്‍കുന്ന ജലം. അത് പ്രപഞ്ചത്തിലുള്ള എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. ഭൂമിയുടെ ഘടനപ്രകാരം അത് ഉപയോഗിക്കുക. അതിനിടയ്ക്ക് സ്വാര്‍ഥ താത്പര്യങ്ങള്‍ ഷട്ടറുകളിട്ടാല്‍ ക്ഷമയുടെ ഡാം പൊട്ടും. സ്വയം ചിന്തിച്ചു പ്രവര്‍ത്തിക്കാന്‍, മുല്ലപ്പെരിയാറിന്റെ ദീര്‍ഘായുസ് നിലനില്‍ക്കാന്‍ തെളിഞ്ഞു നില്‍ക്കട്ടെ ഈ ഡിസംബറിന്റെ ആകാശത്തു തെളിഞ്ഞ ഓരോ നക്ഷത്രങ്ങളും. തമിഴ്‌നാട്ടിലും കേരളത്തിലുമുള്ള മനസുകള്‍ അടുക്കട്ടെ ക്രിസ്മസിന്റെ ഈ പ്രഭാതത്തില്‍. ക്രിസ്മസ് - നവവത്സര ആശംസകള്‍.
 
Other News in this category

 
 




 
Close Window