Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
ഇ മെയിലുകളിലെ വ്യാജന്മാരെ തിരിച്ചറിയണം
എഡിറ്റര്‍
ടെക്‌നോളജിയുടെ വളര്‍ച്ചയില്‍ ലോകം കടപ്പെട്ടിരിക്കുന്നു ഇന്റര്‍നെറ്റിനോടും അതിന്റെ കാണാപ്പുറത്തുള്ള വിദ്യകളോടും. ഇനിയും വികസിക്കപ്പെടാനുള്ള ഓരോ മേഖലയിലേക്കും മനുഷ്യന്റെ സൂക്ഷ്മദൃഷ്ടികള്‍ കടന്നുചെല്ലട്ടെ എന്നു തന്നെ ആശംസിക്കാം. നാണയത്തിന്റെ ഇരുവശങ്ങള്‍പോലെ ഈ കുതിച്ചുചാട്ടത്തിലും അപകടക്കുഴികള്‍ പതിയിരിക്കുന്നുണ്ടെന്നത് പുതിയ അറിവല്ല. ഇന്റര്‍നെറ്റ് എന്ന മഹാസാഗരത്തിന്റെ കറുപ്പും വെളുപ്പും പകലും പുകയും തിരിച്ചറിഞ്ഞിട്ടുണ്ട് ലോകം. വാസ്തവങ്ങളുടെ പൊരുള്‍ അപ്പോഴും അകലെയാണെന്നു പറയാതെ വയ്യ. ഒരു മലയാളി സുഹൃത്തിന്റെ ഇ മെയിലില്‍ നിന്നു യുകെ മലയാളം പത്രത്തിനു കിട്ടിയ ഒരു ഫേക്ക് ലെറ്ററാണ് ഇപ്പോള്‍ ഓര്‍മപ്പെടുത്തലിന് ആധാരം. ബ്രിട്ടനിലെ പ്രവാസികളിലാരും ഇങ്ങനെയൊരു ഊരാക്കുടുക്കില്‍പ്പോയി ചാടരുത്.
ഇമെയിലിന്റെ അഡ്രസ് ബുക്കില്‍ പേരുള്ള ഒരാള്‍ തീര്‍ച്ചയായും സുഹൃത്താണെങ്കില്‍, ആ വിലാസത്തില്‍ നിന്നുള്ള ഓരോ ഇ മെയിലുകളും കൗതുകത്തിനുവേണ്ടിയെങ്കിലും തുറന്നു നോക്കുമല്ലോ. അതുപോലൊരു കത്തിന്റെ ഉള്ളടക്കം ഇനി പറയും പ്രകാരം.

എന്റെ പാസ്‌പോര്‍ട്ടും ക്രെഡിറ്റ് കാര്‍ഡും ഉള്‍പ്പെടെ എല്ലാ രേഖകളും മാഡ്രിഡില്‍ വച്ചു നഷ്ടപ്പെടിരിക്കുന്നു. എംബസിയുമായി ബന്ധപ്പെട്ടെങ്കിലും സിറ്റിസന്‍ഷിപ്പ് സാക്ഷ്യപ്പെടുത്താന്‍ നിവൃത്തിയില്ലാത്തതിനാല്‍ പൊലീസ് കസ്റ്റഡിയിലാണ് ഞാന്‍. ഇവിടെ നിന്നു രക്ഷപെടണമെങ്കില്‍ ബാങ്ക് അക്കൗണ്ട് ഡീറ്റയ്ല്‍സ് കൊടുക്കണം. അതിന് നിങ്ങളുടെ സഹായം ആവശ്യമാണ്. ഈ ഇമെയിലിനൊപ്പമുള്ള ഫോണ്‍ നമ്പറില്‍ വിളിക്കണം. അല്ലെങ്കില്‍ വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫറില്‍ എന്റെ അക്കൗണ്ടിലേക്ക് കുറച്ച് പണം അയയ്ക്കുക.
പേര്,
വിലാസം,
വഹിക്കുന്ന പദവികളുടെ വിശദമായ കുറിപ്പ്.

ഒരു ഫോണ്‍ വിളിക്കു ചെലവാക്കുന്ന സമയനഷ്ടം കണക്കാക്കാതെ ആ നമ്പറിലേക്കു വിളിക്കുമ്പോള്‍ കേള്‍ക്കുന്നത് അപരിചിതമായ ശബ്ദം. വീണ്ടുമൊരു വിളിക്കു കാത്തുനില്‍ക്കാതെ പഴയ ഫോണ്‍ നമ്പറില്‍ ശ്രമിക്കുമ്പോള്‍ പ്രസ്തുത സുഹൃത്തിനെ ഫോണില്‍ കിട്ടുന്നു. ഇതൊക്കെ ഇവിടെ പതിവാണ് എന്ന മറുപടിയില്‍ സുഹൃത്ത് സന്തുഷ്ടന്‍. പക്ഷേ, അവിടെ അസ്വസ്ഥരാകുന്നത് വലിയൊരു സൗഹൃദസദസാണ്. ഒരുപക്ഷേ ഈയൊരു കാരണം മതിയാകാം സ്വയം മറ്റുള്ളവരുടെ മുന്നില്‍ വിഡ്ഡിയാകാനും, വിശ്വസിക്കാന്‍ പറ്റാത്തയാള്‍ എന്ന ദുഷ്‌പേരു നേടാനും.
കോമണ്‍ ഇ മെയില്‍ ഐഡിയുണ്ടാക്കി അതില്‍ നിന്ന് ഒരു ഇ മെയിലെങ്കിലും സുഹൃത്തുക്കള്‍ക്ക് അയയ്ക്കുമ്പോള്‍ സൂക്ഷിക്കേണ്ടിയിരിക്കുന്നു. അറിഞ്ഞോ അറിയാതെയോ അപരിചിതര്‍ ഈ ഇമെയിലില്‍ കയറുമ്പോള്‍ നഷ്ടപ്പെടുന്നത് സ്വന്തം സുഹൃത്തുക്കളും പരിചയക്കാരും ബന്ധുക്കളുമെല്ലാമാണ്. ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത മുന്‍നിര്‍ത്തി കൃത്യമായ കാലയളവുകളില്‍ പാസ്‌വേഡ് മാറ്റുക. അപരിചിതരുമായി പാസ് വേഡ് പങ്കുവയ്ക്കാതിരിക്കുക. ബാങ്ക് ഇടപാടുകള്‍ ക്രെഡിറ്റ് കാര്‍ഡ് മുഖേന നടത്തുന്നുവെങ്കില്‍ അതിന് കൃത്യമായ ഡീറ്റയ്ല്‍സ് സൂക്ഷിക്കുക. ഓഫീസ് കാര്യങ്ങള്‍ക്കും പേഴ്‌സണല്‍ കമ്യൂണിക്കേഷനും വെവ്വേറെ ഇ മെയില്‍ ഉപയോഗിക്കുക.
പ്രവാസ ലോകമാണ്. ഓരോരുത്തര്‍ക്കും അവരവരുടേതായ ഉത്തരവാദിത്തങ്ങള്‍ ഒരുപാടുണ്ട്. അതിനിടെ കൂട്ടത്തിലൊരാള്‍ക്ക് യഥാര്‍ഥത്തില്‍ ഇങ്ങനെയൊരു ദുരനുഭവമുണ്ടായാല്‍പ്പോലും അതു തിരിച്ചറിയാത്ത അവസ്ഥയുണ്ടാക്കാന്‍ സാഹചര്യമൊരുക്കും ഇത്തരം സംഭവങ്ങള്‍. ഫലത്തില്‍ ആരെങ്കിലുമൊക്കെ ബലിയാടാകും. സഹായിക്കാനുള്ള സാഹചര്യം നഷ്ടപ്പെടുകയും ചെയ്യും. സൂക്ഷിക്കുക എന്ന വാക്കിന്റെ പരിമിതമായ അര്‍ഥവ്യാപ്തിക്കുള്ളിലൊതുക്കാതെ സ്വയം തിരിച്ചറിയാന്‍ ശ്രമിക്കുക മാത്രമേ ഇതിനു പരിഹാരമുള്ളൂ. വഞ്ചിതരാകുക മാത്രമല്ല മറ്റുള്ളവര്‍ വഞ്ചിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയുണ്ടാകരുതല്ലോ.
 
Other News in this category

 
 




 
Close Window