Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
ബ്രിട്ടനിലെ മലയാളി നഴ്‌സുമാരുടെ ശ്രദ്ധയ്ക്ക്
editor
കേരളത്തിലെ നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല. നേരത്തേ നടത്തിയ സമരത്തില്‍ മാനേജ്‌മെന്റുകള്‍ പറഞ്ഞ വാക്കു പാലിക്കാതെ വന്നപ്പോള്‍ എറണാകുളത്തെ രണ്ട് ആശുപത്രിയിലെ നഴ്‌സുമാര്‍ വീണ്ടും അനിശ്ചിതകാല സമരം നടത്താനൊരുങ്ങിയിരിക്കുന്നു. ബ്രിട്ടനിലുള്ള എല്ലാ മലയാളികളും, പ്രത്യേകിച്ച് നഴ്‌സുമാര്‍ പിന്തുണ പ്രഖ്യാപിക്കേണ്ടതുണ്ട് കേരളത്തില്‍ സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക്. കാരണം, ബ്രിട്ടനിലുള്ള എല്ലാവര്‍ക്കും അറിയാവുന്നതല്ലേ കേരളത്തിലെ ആശുപത്രികളിലെ നഴ്‌സുമാരുടെ കഷ്ടപ്പാടും ശമ്പളവും. കോല്‍ക്കത്തയിലും മുംബൈയിലും മറ്റു ചില നഗരങ്ങളിലും നഴ്‌സുമാര്‍ തുടങ്ങി വച്ച സമരമാണ് കേരളത്തിലെ നഴ്‌സുമാര്‍ക്കും ശമ്പളം കൂട്ടിച്ചോദിക്കാനുള്ള ധൈര്യം നല്‍കിയത്. തൊഴില്‍ മേഖലയില്‍ നേഴ്‌സമാര്‍ നേരിടുന്ന ദുരിതങ്ങളും ചൂഷണങ്ങളും അവസാനിപ്പിക്കണം എന്നായിരുന്നു ആവശ്യം. അല്ലാതെ ശമ്പളത്തില്‍ നൂറു ശതമാനം വര്‍ധനയായിരുന്നില്ല മാനേജ്‌മെന്റുകളോട് ആവശ്യപ്പെട്ടത്.
സമരം കൊടുമ്പിരികൊണ്ട സമയത്ത് കേരള ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളെല്ലാം മറന്നോ മാനേജ്‌മെന്റുകള്‍ ? സംസ്ഥാനത്തെ നഴ്‌സുമാരുടെ സേവന മനോഭാവം രാജ്യാന്തര തലത്തില്‍ പ്രസിദ്ധമാണെന്നു കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കൂടുതല്‍ അര്‍പ്പണബോധമുള്ളവരും കര്‍മനിരതരുമാണ് കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ . അതുകൊണ്ടാണ് പല ആശുപത്രികളിലും സമരം നടന്നിട്ടും ഒരാള്‍ക്കുപോലും ജീവന്‍ നഷ്ടമാകാതിരുന്നത്. ഇത്തരത്തിലുള്ള മനോഭാവം തുടരുമെന്നാണ് കരുതുന്നതെന്നും സമരം അവശ്യ സേവനത്തെ ബാധിക്കില്ലെന്നാണു പ്രതീക്ഷയെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെടുമെന്ന ഘട്ടത്തില്‍ കേരള ഹൈക്കോടതി നടത്തിയ പരാമര്‍ശവും നിലപാടും നഴ്‌സുമാരുടെ അന്തസിനും അഭിമാനത്തിനും ആത്മാര്‍ഥതയ്ക്കും അര്‍ഹമായ പ്രാധാന്യം നല്‍കി. എന്നു മാത്രമല്ല അവരുടെ ധാര്‍മികതയെ ഹൈക്കോടതി പ്രശംസിക്കുകയും ചെയ്തു.

നാലായിരത്തഞ്ഞൂറു രൂപയ്ക്ക് ഒരു മാസം രാവും പകലുമില്ലാതെ ജോലി ചെയ്യാന്‍ വിധിക്കപ്പെട്ടവരാണോ നഴ്‌സുമാര്‍ . അവര്‍ ആവശ്യപ്പെട്ട ശമ്പളം കൊടുത്തില്ലെന്നു മാത്രമല്ല ചോദിച്ചവരെ തല്ലിച്ചതയ്ക്കുകയും ചെയ്തു. ഓരോ ആശുപത്രിയുടേയും പേരെടുത്തു പറയുന്നതിനേക്കാള്‍ നല്ലത് നഴ്‌സുമാര്‍ സമരം ചെയ്ത എല്ലാ ആശുപത്രികളിലും മാനേജ്‌മെന്റ് നിലപാട് തീര്‍ത്തും എതിരായിരുന്നു എന്നതാണു വാസ്തവം.

ഡല്‍ഹിയിലോ വിഡജയവാഡയിലോ ആന്ധ്രയിലോ പോയാല്‍ പതിനായിരം രൂപ ശമ്പളം കിട്ടും. ഭക്ഷണവും ഹോസ്റ്റല്‍ ഫീസും കഴിഞ്ഞാല്‍ ബാക്കിയാകുന്നത് കേരളത്തില്‍ കിട്ടുന്ന നാലായിരത്തഞ്ഞൂറു തന്നെ. അതിലും ഭേദം സ്വന്തം നാട്ടില്‍ ജോലി ചെയ്യുന്നതാണല്ലോ എന്നു കരുതി രാവും പകലും ഡ്യൂട്ടി ചെയ്യുന്നു അവര്‍ . പക്ഷിപ്പനിയും പന്നിപ്പനിയും വന്നപ്പോള്‍ ഐസിയുവില്‍ മാസ്‌കില്ലാതെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ട നഴ്‌സുമാരുണ്ട് എറണാകുളത്ത്. ഉച്ഛ്വാസ വായുവില്‍ക്കൂടി ഈ പനി പടരുമെന്നും രോഗം പിടിപെട്ടാല്‍ മരണം നിശ്ചയമെന്നും ആരോഗ്യവകുപ്പ് ബോധവത്കരണം നടത്തുമ്പോള്‍ മാസ്‌കുമില്ലാതെ രാത്രി മുഴുവന്‍ രോഗിയുടെ ബെഡ്ഡിനടുത്ത് മുഖംമൂടിയില്ലാതെ സേവനം ചെയ്യുന്ന നഴ്‌സുമാരെ ആരെങ്കിലും രക്ഷിക്കാനെത്തിയോ....?

നഴ്‌സുമാര്‍ക്ക് ജോലി ചെയ്യാനുള്ള സാഹചര്യമൊരുങ്ങണം. അവര്‍ക്കു മാന്യമായ വേതനം ലഭിക്കണം. വിദേശ രാജ്യങ്ങളിലെ ജോലി സ്വപ്നം കണ്ട് കേരളത്തിലെ ആശുപത്രി വരാന്തകളില്‍ തേഞ്ഞു തീരരുത് അവരുടെ ഭാവി ജീവിതം. പ്രവാസികള്‍ അവരോടൊപ്പമുണ്ടെന്ന് അറിയിക്കുന്നത് ഈ അവസരത്തില്‍ മലയാളികളായ നഴ്‌സുമാര്‍ക്ക് വലിയ സാന്ത്വനമായിത്തീരും, സംശയമില്ല.
 
Other News in this category

 
 




 
Close Window