Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
ഓണാഘോഷത്തില്‍ നിന്ന് തുടങ്ങാം പുതിയൊരു ബിസിനസ് സ്ട്രാറ്റജി
Editor

ചൈനയില്‍ കണ്ടത് പൂരമാണെങ്കില്‍ ലണ്ടനിലെ ഒളിംപിക്‌സ് പൂരങ്ങളുടെ പൂരമാണ്. കൊളോണിയല്‍ സിംഹാസനത്തിന്റെ പവറും പത്രാസും ശരിക്കും പ്രകടം. ലണ്ടന്‍ നഗരത്തിലെ ഷോപ്പിംഗ് മാളുകളും വന്‍കിട പര്‍ച്ചേസിങ് കേന്ദ്രങ്ങളും വിജനം. ആളുകളെല്ലാം ഒളിംപിക് പാര്‍ക്കിലാണ്. ലണ്ടനിലെത്തിയ ഒളിംപിക്‌സില്‍ ഒരു ദിവസമെങ്കിലും പങ്കാളികളാകാന്‍ മലയാളികളുടെ സാന്നിധ്യവും ശ്രദ്ധേയം. ഈ ഉത്സവത്തിനൊപ്പം തന്നെ മലയാളികളുടെ സ്വന്തം ദേശീയോത്സവമെത്തും. ഓണാഘോഷ പരിപാടികള്‍ക്കുള്ള തയാറെടുപ്പുകള്‍ അസോസിയേഷനുകള്‍ ആരംഭിച്ചു കഴിഞ്ഞു. അതിനിടെ പ്രവാസികളുടെ കച്ചവടതാത്പര്യങ്ങളുടെ ഒരു കണക്ക് പുറത്തു വന്നു. ഇന്ത്യയില്‍ നിന്നു വിദേശത്തുപോയിട്ടുള്ളയാളുകള്‍ തിരിച്ച് നാട്ടിലെത്തിയ ശേഷം ആരംഭിച്ച കച്ചവടങ്ങളെല്ലാം എട്ടുനിലയ്ക്കു പൊട്ടിയെന്നതാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. മുഖവിലയ്‌ക്കെടുത്ത് പരിശോധിക്കേണ്ട വിഷയമാണ് ഇതെന്ന് ആ റിപ്പോര്‍ട്ടിലെ കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. 


പ്രവാസികളായ ഇന്ത്യക്കാരെല്ലാവരുംകൂടി ഒരു വര്‍ഷം മാതൃരാജ്യത്ത് എത്തിക്കുന്നത് 6200 കോടി ഡോളര്‍ . ഇതില്‍ എണ്ണൂറു കോടിയോളം  ഇന്ത്യയിലെത്തിക്കുന്നതു മലയാളികളാണ്. ശരാശരി ഒരു ഡോളറിന് അമ്പത്തഞ്ചു രൂപവച്ചു കണക്കാക്കിയാല്‍ നാല്‍പ്പത്തിനാലായിരം കോടി രൂപയോളം പ്രവാസി മലയാളികളെല്ലാവരും കൂടി നാട്ടിലേക്ക് ഒരു വര്‍ഷം അയയ്ക്കുന്നുണ്ട്. കേരളത്തിലെ എല്ലാ ബാങ്കുകളിലുംകൂടി എന്‍ആര്‍ഐകളുടെ ആകെ നിക്ഷേപം മുപ്പത്തെട്ടായിരം കോടി രൂപ.

ഇത്രയും തിരിച്ചറിഞ്ഞ ശേഷം മലയാളികളായ പ്രവാസികള്‍ കേരളത്തില്‍ നടത്തുന്ന ബിസിനസുകളെക്കുറിച്ചൊരു അന്വേഷണമാകാം. സീരിയല്‍ , സിനിമ, ടെക്‌സ്റ്റൈല്‍സ്, ടാക്‌സി, ടൂറിസ്റ്റ് ഹോം, ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ്. ചുരുക്കിപ്പറഞ്ഞാല്‍ മിക്കവാറും എന്‍ആര്‍ഐകള്‍ പണം മുടക്കിയ മേഖലകള്‍ ഇങ്ങനെ. ഇതിലൊക്കെ ലാഭമുണ്ടാക്കിയ എന്‍ആര്‍ഐകള്‍ വെറും അഞ്ചു ശതമാനത്തില്‍ താഴെ.

ഇരുപതുലക്ഷം രൂപ കയ്യിലുണ്ടെങ്കില്‍ അതു നാലായി പകുത്ത് നാലു ബാങ്കുകളില്‍ നിക്ഷേപിച്ച്, ഇരുപതിനായിരം രൂപ പ്രതിമാസം പലിശ വാങ്ങി സ്വസ്ഥമായി ജീവിക്കുന്നു പ്രവാസികളില്‍ ഭൂരിഭാഗം. ഇതിനപ്പുറം ചിന്തിച്ചവര്‍ ബിസിനസ് തുടങ്ങി. പരിചയമില്ലാത്ത പണിക്ക് പണം മുടക്കി ഇപ്പോള്‍ അവരില്‍ കുറേയാളുകള്‍ നഷ്ടം സഹിക്കുന്നു. 

ഇന്‍വെസ്റ്റ്‌മെന്റിന് പറ്റിയ നാടാണ് കേരളം. പക്ഷേ, അതിന് നല്ല പ്രിപ്പറേഷന്‍ ആവശ്യമുണ്ട്. ബ്രിട്ടനുമായി താരതമ്യം ചെയ്തുകൊണ്ട് കേരളത്തിലെ കച്ചവടങ്ങളെ കുറച്ചുകാണുകയോ അമിത വിശ്വാസത്തോടെ സമീപിക്കുകയോ ചെയ്യരുത്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപമുള്ള പ്രൊജക്റ്റുകള്‍ ഓരോ വര്‍ഷവും കേരളത്തില്‍ ആരംഭിക്കുന്നുണ്ട്. തൊണ്ണൂറ്റൊമ്പതു ശതമാനവും വിജയവുമാണ്. എന്തുകൊണ്ട് പ്രവാസി മലയാളികളുടെ ബിസിനസുകളില്‍ ഏറിയ പക്ഷവും പരാജയപ്പെടുന്നു...? സിനിമ കാണുന്നതുപോലെ കേരളത്തിലെ ഇന്‍വെസ്റ്റ്‌മെന്റിനെ കാണരുത്. ആരെങ്കിലും പറയുന്ന ലാഭം കേട്ട് സിനിമയെടുക്കാനും ഇറങ്ങിപ്പുറപ്പെടരുത്. 

കേരളത്തിലെ വ്യവസായ മേഖല അമേരിക്കയിലേതില്‍ നിന്നു വ്യത്യസ്തമാണെന്ന തിരിച്ചറിവില്ലായ്മയാണ് എന്‍ആര്‍ഐകളുടെ ബിസിനസ് മോഹങ്ങള്‍ വെള്ളത്തിലാക്കുന്നത്. ഇമെയിലില്‍ ജോലിക്കാരെ വിളിക്കാനും, ടെക്സ്റ്റ് മെസേജ് അയച്ച് നിര്‍മാണസാമഗ്രികള്‍ വാങ്ങാനുമുള്ളത്രയും അഡ്വാന്‍സ്ഡായിട്ടില്ല മലയാള നാട്. ഇലക്ട്രിക് കണക്ഷന്‍ മുതല്‍ പഞ്ചായത്ത് ലൈസന്‍സ് അനുമതി വരെ മാസങ്ങളുടെ പ്രോസസിങ് ആവശ്യമുള്ള പ്രവൃത്തികളാണ് ഇവിടെ. അഞ്ഞൂറ് രൂപയുടെ നോട്ടു കൊണ്ട് ഇതൊക്കെ സാധിച്ചെടുക്കാമെന്ന തെറ്റിദ്ധാരണകള്‍ കൂടുതല്‍ പണം പലവഴിക്കു നഷ്ടപ്പെടാനുള്ള അവസരവുമുണ്ടാക്കുന്നു. 

എല്ലാറ്റിനും അതിന്റേതായ കാലതാമസമുണ്ടാകും. കുറുക്കു വഴികളിലൂടെ അത് വേഗത്തിലാക്കാന്‍ ശ്രമിച്ചാല്‍ നഷ്ടങ്ങളായിരിക്കും ഫലം. നന്നായി പഠനം നടത്തിയ ശേഷം ബിസിനസ് സ്വപ്‌നങ്ങള്‍ കൂടുകെട്ടുക. 2012ന്റെ ഓണാഘോഷങ്ങള്‍ കഴിയുമ്പോള്‍ കേരളത്തില്‍ ബ്രിട്ടനില്‍ നിന്നുള്ള ഇന്‍വെസ്റ്റേഴ്‌സിന്റെ എണ്ണം വര്‍ധിക്കട്ടെ. സമൃദ്ധമായ ഓണാശംസകള്‍ .

 
 
Other News in this category

 
 




 
Close Window