Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
ജന്മനാടിനും, പ്രവാസലോകത്തിനും ക്രിസ്മസ് - പുതുവത്സരാശംസകള്‍
Editor
ലാഭ നഷ്ടങ്ങളുടെ കൂട്ടിക്കിഴിക്കലുകള്‍ക്കൊടുവില്‍ ഒരു വര്‍ഷം കൂടി കടന്നു പോകുന്നു. പതിവു തെറ്റിക്കാതെ നഗരങ്ങളില്‍ ക്രിസ്മസിന്റെ നക്ഷത്രത്തിളക്കം. മലയാളികളുടെ ശുഭദിനങ്ങള്‍ കുറിച്ചുകൊണ്ട് 2013ന്റെ കലണ്ടര്‍ വില്‍പ്പനയ്‌ക്കെത്തിക്കഴിഞ്ഞു. അലമാരയുടെ ഓര്‍മക്കെട്ടുകളിലേക്ക് ഒരു ഡയറി കൂടി മാറ്റി വയ്ക്കാനുള്ള സമയം. പുതുവര്‍ഷത്തെ വരവേല്‍ക്കാനും ആഘോഷങ്ങള്‍ ഗംഭീരമാക്കാനും ഒരുക്കങ്ങള്‍ ആരംഭിച്ചു. കേരളമായാലും ബ്രിട്ടനായാലും അമേരിക്കയില്‍ പോയാലും മാറ്റം വരുത്താതെ മലയാളികള്‍ പുതിയ കണക്കു കൂട്ടലുകളിലേക്ക്. കണ്ടതിനും കേട്ടതിനും അനുഭവിച്ചതിനും 2012ന്റെ ബാലന്‍സ് ഷീറ്റില്‍ വിശ്രമം. രാഷ്്ട്രീയത്തിലെ മാറ്റങ്ങള്‍ , ചേരിതിരിഞ്ഞുള്ള പോരാട്ടങ്ങള്‍ , കച്ചവടത്തിന്റെ ജയപരാജയങ്ങള്‍ , നേട്ടങ്ങള്‍ , നഷ്ടങ്ങള്‍ , വേര്‍പാടുകള്‍ .... 

2012ല്‍ ബ്രിട്ടനില്‍ വലിയ സംഭവങ്ങള്‍ പലതുണ്ടായി, ഒളിംപിക്‌സ് പോലെ. നിത്യേന ജന്മനാട്ടിലേക്കുള്ള ദൂരം അളക്കുന്ന മലയാളികളുടെ മനസില്‍ അപ്പോഴും കറന്‍സി കണ്‍വര്‍ഷന്റെ ചാഞ്ചാട്ടങ്ങളായിരുന്നു  - അമേരിക്കയിലെ സ്വാതന്ത്ര്യത്തെ ചൂണ്ടിക്കാണിക്കും. ബ്രിട്ടനിലെ ജീവിതത്തിന്റെ കഷ്ടപ്പാടുകളെക്കുറിച്ചു പറയും. കേരളത്തിലെ സാഹചര്യങ്ങളില്‍ ചുവടടച്ചു കുറ്റം കണ്ടെത്തും. ഓസ്‌ട്രേലിയയോ കാനഡയോ ആണ് ജീവിക്കാന്‍ നല്ലതെന്നു മോഹിച്ചുകൊണ്ടിരിക്കും. - ബ്രിട്ടനിലെ മലയാളികളുടെ മാനസികവ്യാപാരം ഇങ്ങനെയല്ലെന്ന് സ്വയമറിഞ്ഞു പറയാന്‍ ഒട്ടേറെപ്പേരുണ്ടാകില്ല.

ജീവിക്കുന്ന നാടിന്റെ സ്പന്ദനം അറിയാന്‍ കഴിയാതെ പോകുന്നുണ്ട് ബ്രിട്ടനിലെ മലയാളികള്‍ക്ക്. മടങ്ങിപ്പോയി നാട്ടിലൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാനാവാത്തവരുണ്ട് അനവധി. കുറച്ചു കാലം നിന്ന് കാലുറപ്പിച്ച ശേഷം നാട്ടില്‍ പോയി ജീവിതം സ്വപ്‌നം കാണുന്ന മറ്റൊരു കൂട്ടവുമുണ്ട്. പറ്റുന്നത്രയും ദിവസം നിന്നിട്ട് മറ്റൊരു യൂറോപ്യന്‍ രാജ്യത്തേക്കു വിസ തേടുന്നവര്‍ വേറൊരു വിഭാഗം. ബ്രിട്ടന്റെ പാരമ്പര്യാവകാശികളെപ്പോലെ മറ്റുള്ളവര്‍ക്കു മുന്നില്‍ ജീവിതത്തിനു കണ്ണാടി പിടിക്കുന്നവര്‍ നിരവധി. ഇവരെയെല്ലാം തൊട്ടുംതൊടാതെയും കച്ചവടം മാത്രം ലക്ഷ്യമാക്കിയ ജീവിതങ്ങള്‍ ചിലര്‍. - ഇതിനപ്പുറമല്ല ബ്രിട്ടനിലെ മലയാളികളുടെ ലൈഫ് സ്‌കെച്ച്.

കേരളം മലയാളിയുടെ ജന്മനാടാണെങ്കില്‍ ബ്രിട്ടന്‍ ഇവിടെയുള്ള പ്രവാസി മലയാളികളുടെ കര്‍മഭൂമിയാണ്. ഈ രാജ്യത്തിന്റെ പാരമ്പര്യ രീതികളും നിയമങ്ങളും വിശാലവും സ്വതന്ത്രവുമാണ്, അതുപോലെ തന്നെ കര്‍ശനവും. മലയാളികള്‍ ശീലിച്ച ഇന്ത്യയുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ വാദങ്ങള്‍ ഒരു കാരണവശാലും അവയെ ഖണ്ഡിക്കാന്‍ ഇടവരുത്തരുത്. ജീവിക്കുന്ന നാട്ടിലെ നിയമങ്ങളും സാഹചര്യങ്ങളും അന്തരീക്ഷവുമൊക്കെ അനുസരിക്കാന്‍ ബാധ്യസ്ഥരാണ് ഓരോരുത്തരും. സാമൂഹികമായ അച്ചടക്കങ്ങളും, ആചാരമര്യാദകളും, ജീവിതചര്യകളും ഇതില്‍ ഉള്‍പ്പെടുന്നു. മക്കളായാലും രക്ഷിതാക്കളായാലും സഹോദരന്മാരായാലും ബന്ധങ്ങളില്‍ ഇതു പരസ്പരം പാലിക്കപ്പെടണം. വിശേഷിച്ച്, കുട്ടികളെ ഇതു പറഞ്ഞു മനസിലാക്കണം. മാതാപിതാക്കള്‍ വിശാലമായ അര്‍ഥത്തില്‍ ഇത് സ്വയം ഉള്‍ക്കൊള്ളണം. മറിച്ചെന്തെങ്കിലും തോന്നുന്ന പക്ഷം കേരളത്തിലേക്കു മടങ്ങുന്നതല്ലേ ഏറ്റവും അഭികാമ്യം...?

രണ്ടായിരത്തിപ്പതിമൂന്നില്‍ ബ്രിട്ടനിലെ മലയാളി കുടുംബങ്ങളില്‍ നിന്ന് ശിഥിലമായ കുടുംബബന്ധങ്ങളുടെ അനുഭവങ്ങള്‍ കേള്‍ക്കാതിരിക്കട്ടെ. ഭാരതീയര്‍ പവിത്രമായി കരുതുന്ന ഭാര്യാഭര്‍തൃ ബന്ധങ്ങളും, പിതൃപുത്രബന്ധങ്ങളും ബ്രിട്ടനില്‍ കളങ്കപ്പെടാതിരിക്കട്ടെ. മക്കളെ പരിപാലിക്കേണ്ടതിന്റെ അളവുകോലുകളും, രക്ഷിതാക്കളെ സംരക്ഷിക്കേണ്ട ചിട്ടവട്ടങ്ങളും ഉറ്റവര്‍ക്കൊരു ഭാരമോ തടസമോ ആകാതിരിക്കട്ടെ. ഇതെല്ലാം ഒരു അനുഗ്രഹാശിസിന്റെയോ ഉപദേശത്തിന്റെയോ സ്വരമില്ലാതെ തന്നെ ബ്രിട്ടനിലെ മലയാളികള്‍ അംഗീകരിക്കപ്പെടേണ്ട വാസ്തവങ്ങളാണ്. ഈ തിരിച്ചറിവോടെയാകട്ടെ പുതുവര്‍ത്തിലേക്കുള്ള യാത്ര. 

ക്രിസ്മസ് - പുതുവത്സര ആശംസകള്‍ ...

 
 
Other News in this category

 
 




 
Close Window