Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
ഇനിയെങ്ങനെ ഇവര്‍ ഇലക്ഷനെ നേരിടും
Editor
ഇന്ത്യയിലെ കോണ്‍ഗ്രസുകാര്‍ ഇനിയൊരു തെരഞ്ഞെടുപ്പിനെ നേരിടുന്നതിനെക്കുറിച്ച് ലജ്ജയോടെ ആലോചിക്കുകയാണ്. വിശിഷ്യ, കോണ്‍ഗ്രസ് നയിക്കുന്ന കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍. ബിജെപിയോ, അടുത്ത നൂറ്റാണ്ടില്‍ ശക്തി പ്രാപിക്കാനിരിക്കുന്ന മറ്റേതെങ്കിലും പാര്‍ട്ടിയോ ഉണ്ടെങ്കില്‍ അവരുടെയും സ്ഥിതി മറ്റൊന്നായിരിക്കില്ല.
വോട്ട്, അതിലൂടെ അധികാരം. ജനാധിപത്യ സംവിധാനത്തെ ലോട്ടറി ടിക്കറ്റായി കരുതുംവിധം തരം താഴ്‌ന്നോ നമ്മുടെ രാഷ്ട്രീയ നേതൃത്വം ? ഇല്ലെന്നു പറയാനുള്ള ചങ്കൂറ്റം നഷ്ടപ്പെട്ടിരിക്കുന്നു നേതാക്കള്‍ക്ക്. പെരുവിരലുകൊണ്ടു സൂര്യനെ മറയ്ക്കുന്ന വിധത്തിലുള്ള തരികിടവിദ്യകള്‍ക്ക് എത്രകാലം ആയുസുണ്ടാകും. കേരളത്തിന്റെ മാത്രം കാര്യമെടുത്താല്‍, മുസ്ലിം ലീഗിന്റെ പരമാധികാരത്തോടെ ഭരണം ഏറ്റെടുത്ത ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റിന് എന്തു നേടാനായി ? നായരും ഈഴവരും മറ്റു മതവാദികളും മിതവാദികളും തട്ടിപ്പുകാരും പ്രൈം ടൈം അപഹരിച്ച ഭരണകാലംകൊണ്ട് എന്തു നേട്ടമുണ്ടായി മലയാളികള്‍ക്ക് ? കാലണയില്‍ നിന്നു സ്വരുക്കൂട്ടി അറുപത്താറാണ്ടുകൊണ്ട് ആയിരം രൂപയുടെ നാണയം വരെ ഉരുക്കിയെടുത്ത ശക്തി, ഡോളറിനു മുന്നില്‍ മുട്ടിടിച്ച് മുങ്ങിത്താഴുന്നതുവരെ ഇത്തിയിരിക്കുന്ന സ്ഥിതി.

- മറുപടി പറയാന്‍ ഉത്തരാവാദിത്വമുള്ളവര്‍ മൗനംപാലിച്ചാല്‍ വായ തുറപ്പിക്കാനുള്ളതാണ് ഭരണസംവിധാനത്തിന്റെ നാലാമത്തെ തൂണ്‍. അഥവാ, ഫോര്‍ത്ത് എസ്‌റ്റേറ്റ് എന്ന മാധ്യമങ്ങള്‍. മന്ത്രിക്ക് താമസിക്കാന്‍ മുറിയെടുത്തു കൊടുക്കുന്ന പണിയിലേക്ക് തിരുവനന്തപുരം മാധ്യമ പ്രവര്‍ത്തന ശൈലി മാറിയ സ്ഥിതിക്ക് നാലാം തൂണിന്റെ വളഞ്ഞ നട്ടെല്ലുകളെ കാലത്തിന്റെ ശസ്ത്രക്രിയയ്ക്കു വിട്ടുകൊടുക്കാം. പക്ഷേ, പട്ടിണി കിടക്കാതെ ജനങ്ങളെ നോക്കാന്‍ ചുമതലപ്പെട്ടവരുടെ നടപടി കാത്ത്, പുഷ്‌കല കാലം സ്വപ്‌നംകണ്ട്, ഒബ്‌സര്‍വേഷന്‍ മുറിക്കു മുന്നില്‍ കാത്തിരിക്കാനാവില്ലല്ലോ. പ്രത്യേകിച്ചും ഇന്ത്യ പോലെയൊരു രാജ്യത്തില്‍ അതിനുള്ള സ്‌കോപ്പില്ല.
ആറും അറുപതും നോക്കാതെ ബലാത്സംഗം. അനുമതിയില്ലാതെ പെണ്ണുങ്ങളെ തൊട്ട കേസിലൊക്കെ ഭരണത്തിന്റെ തലപ്പത്തുള്ളവര്‍ക്കു ബന്ധം. പണം കൊള്ളയടിക്കുന്നവര്‍ക്കെല്ലാം ഉന്നതരുടെ ഒത്താശ. കോഴിയിറച്ചിക്ക് ഇരൂനൂറ് രൂപ, ഒരു കിലോ അരിക്ക് നാല്‍പ്പത്തഞ്ച്. പെട്ടിക്കടകളെയും വഴിയോര വാണിഭക്കാരെയും ഇടിച്ചു പിഴിഞ്ഞ് നിയമത്തിന്റെ കൊമേഴ്‌സ്യല്‍ കാര്‍ക്കശ്യം. പണക്കെട്ടിന്റെ തൂക്കം നോക്കി പഞ്ചനക്ഷത്രന്മാരുടെ സ്യൂട്ടുകളില്‍ സര്‍ക്കാര്‍ ഫയലുകള്‍ക്ക് ഉന്മാദമയക്കം. - ഇതില്‍ കൂടുതല്‍ എന്തെങ്കിലുമാണ് ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയെങ്കില്‍, അത് ജനങ്ങള്‍ക്കു മുമ്പില്‍ അനുഭവമായി പ്രകടിപ്പിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
നായരോ നസ്രാണിയോ ഈഴവനോ മുസ്ലിമോ മാത്രമല്ല ഭാരതം. വിലപേശി പോക്കറ്റിലാക്കിയതല്ല ഈ ജനതയുടെ അവകാശങ്ങള്‍. സംഘടിച്ച ശക്തി ചിതറിപ്പോയതിന്റെ രക്തക്കറ ഇന്നും മാഞ്ഞിട്ടില്ല. ഭൂപടത്തിന്റെ നെറുകയില്‍ ഇനിയും രക്തം വീഴ്ത്താന്‍ മാത്രമേ മതങ്ങളുടെ ഈ വികലസംഘാടകത്വം വഴിയൊരുക്കൂ.
എന്തൊക്കെ ആവരുത് എന്നു രാഷ്ട്രപിതാവ് വിചാരിച്ചുവോ, അതിലേക്കാണ് മരണപ്പാച്ചില്‍.
ആത്മാര്‍ഥതയും കഴിവും വിശാലചിന്തയും വിദൂരദര്‍ശനവും കൂര്‍മബുദ്ധിയുമുള്ളവരാണ് ഈ രാജ്യത്തെ ഇവിടംവരെ എത്തിച്ചത്. സൈ്വര ജീവിതം, വികസനങ്ങളിലേക്കുള്ള യാത്ര - ഇതുരണ്ടും എസ്എംഎസിന്റെ പിന്തുണ പ്രതീക്ഷിച്ചുകൊണ്ടൊരു പൊള്ളയായ റിയാലിറ്റിഷോ പോലെ ആവരുത്. തിരിച്ചടിയുണ്ടാകുന്നത് ഒരു വ്യക്തിക്കോ സമൂഹത്തിനോ അല്ല. നമ്മളൊക്കെ അന്തസോടെ കൊണ്ടുനടക്കുന്ന ആത്മാഭിമാനുകൂടിയാണ്. ഭരണസാരഥികളുടെ സമക്ഷത്തിലേക്കുള്ള ഓര്‍മപ്പെടുത്തലാകട്ടെ ഇത്. പാശ്ചാത്യ സംസ്‌കാരം പ്രാണായാമം ചെയ്യുന്ന പുതുതലമുറയും തിരിച്ചറിയുക, നമ്മുടെ സ്വാതന്ത്ര്യം ഇപ്പോള്‍ ശ്വാസം മുട്ടുകയാണെന്ന്.
 
Other News in this category

 
 




 
Close Window