Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
'ലൈക്ക്' മോഹികളുടെയും 'കമന്റ്' കച്ചവടക്കാരുടേയും ശ്രദ്ധയ്ക്ക്, മരണ വാര്‍ത്തകളെയെങ്കിലും വെറുതെ വിടുക
Editor
പുതുതലമുറയ്ക്ക് കംപ്യൂട്ടറിലൂടെ പകര്‍ന്നു കിട്ടിയ ഊര്‍ജമാണ് ഓണ്‍ലൈന്‍ ആക്റ്റിവിസം. കസേരയില്‍ ചാഞ്ഞും ചെരിഞ്ഞുമിരുന്ന് യുവത്വങ്ങളുടെ ഭാവന ഇന്റര്‍നെറ്റിലൂടെ ലോകം മുഴുവനുമെത്തി. ബുദ്ധിയുടെ വികാസവും അറിവിന്റെ വ്യാപ്തിയും ഇന്റര്‍നെറ്റിലൂടെ വളര്‍ന്നു, പുതിയ സൗഹൃദങ്ങള്‍ രൂപപ്പെട്ടു, പഴയ ബന്ധങ്ങള്‍ ദൃഢമായി - എല്ലാം നല്ലതു തന്നെ. ആ മികവുകളുടെ സത്‌പേര് ചീത്തയാക്കാന്‍ ഇന്റര്‍നെറ്റിന്റെ ഈ വിശാലമായ നന്മകളെല്ലാം ഒരു വിഭാഗം നശിപ്പിക്കുന്നു. മറ്റുള്ളവരുടെ ശ്രദ്ധ നേടാനുള്ള മത്സരമാണ് ഇതിനു വഴിയൊരുക്കുന്നത്. മത്സരക്കളമായി മാറിയിരിക്കുന്നു സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍. യാതൊരു വിവേചനവുമില്ലാതെ, കേള്‍ക്കാത്തതും കാണാത്തതുമൊക്കെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ പ്രചരിപ്പിക്കുകയാണ് അവര്‍. കനക എന്ന തെന്നിന്ത്യന്‍ സിനിമാ താരം മരിച്ചു എന്നു പബ്ലിഷ് ചെയ്തതാണ് ഇതില്‍ ഏറ്റവും ഒടുവിലത്തെ 'കുറ്റകൃത്യം'. ജീവിച്ചിരിക്കുന്ന ഒരാള്‍ മരിച്ചു എന്നു പ്രചരിപ്പിക്കുന്നത് കുറ്റം തന്നെയാണ്. ഇന്നലെ ഉച്ചയ്ക്കുണ്ടായ പേക്കിനാവില്‍ ആരോ പടച്ചുവിട്ട കനകയുടെ മരണ കഥ എത്രയാളുകളെയാണ് കഴിഞ്ഞ പകല്‍ മുഴുവന്‍ ആശങ്കയിലാക്കിയത്. അവരുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, മറ്റ് അഭ്യുദയകാംക്ഷികള്‍, മാധ്യമങ്ങള്‍, തമിഴ്‌സിനിമാ ലോകം.... അവരുടെയൊക്കെ അങ്കലാപ്പില്ലാതാക്കാന്‍ പത്രസമ്മേളനം നടത്തേണ്ടി വന്നു കനകയ്ക്ക്. ഞാന്‍ ജീവിച്ചിരിക്കുന്നു എന്ന കാര്യം നേരിട്ടു പറയേണ്ടി വരുന്നത് സങ്കടകരമാണ്. 'കനക മരിച്ചു' എന്ന വാര്‍ത്ത സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ പ്രചരിപ്പിച്ചവരും, ഇതു ശരിയാണോ എന്ന് അന്വേഷിക്കാതെ അതു ഷെയര്‍ ചെയ്തവരും ആലോചിച്ചോ തങ്ങള്‍ ചെയ്യുന്ന അപരാധത്തെക്കുറിച്ച്....? സ്വന്തം രക്തബന്ധത്തില്‍പ്പെട്ട ആരെങ്കിലും മരിച്ചുവെന്നു കേട്ടാലും ഇതുപോലെ ഫോട്ടോ വച്ച് ആഘോഷിക്കുമോ അവര്‍....?
അനന്തമായ സ്വാതന്ത്ര്യത്തിന്റെ ലോകമാണ് ഇന്റര്‍നെറ്റിലൂടെ ശാസ്ത്രവിദഗ്ധര്‍ തുറന്നു തന്നിട്ടുള്ളത്. അതിന്റെ ഗുണങ്ങളെക്കുറിച്ചൊരു വിശദീകരണം ആവശ്യമില്ല. അതുപോലെ, ദുരുപയോഗങ്ങളെക്കുറിച്ച് മറ്റൊരാള്‍ പറഞ്ഞ് അറിയേണ്ടി വരുന്നതും കഷ്ടം തന്നെ. കനകയുടെ മരണവാര്‍ത്ത ഇന്നലെ അപ്ലോഡ് ചെയ്തവര്‍ക്കെല്ലാം ധാരാളം ഫോളോവേഴ്‌സിനെ കിട്ടി. ലൈക്കുകള്‍കൊണ്ട് ആ ഫോട്ടോ സമ്പന്നമായി. പക്ഷേ, സ്വയം അറിയാതെ ആ വാര്‍ത്തയെ ഓണ്‍ലൈനില്‍ പിന്തുണച്ചവരെല്ലാം ഇന്നു രാവിലെ പശ്ചാത്തപിച്ചു. ആ വാര്‍ത്ത പ്രചരിപ്പിച്ചവരെ നിലവിട്ടു ശപിച്ചു.
പൊതുവഴിയില്‍ ഒരാള്‍ സ്വയം തുണി അഴിച്ചെറിഞ്ഞാല്‍ ആളുകള്‍ വട്ടംകൂടും, പബ്ലിസിറ്റി കിട്ടും, അതു നാട്ടില്‍ ചര്‍ച്ചയാകും. - സ്വാഭാവികം. എന്നിട്ടും എന്താണ് നമ്മളൊന്നും പബ്ലിസിറ്റിക്കുവേണ്ടി അങ്ങനെ ചെയ്യാത്തത്....? മറിച്ചു ചിന്തിച്ചാല്‍, ലൈക്കും കമന്റ്‌സും കിട്ടാനായി ഈ പ്രവൃത്തിയല്ലേ സോഷ്യല്‍നെറ്റ് വര്‍ക്കുകളിലെ ഒരു വിഭാഗം സുഹൃത്തുക്കള്‍ ചെയ്യുന്നത്.
ആദ്യം ഓര്‍ക്കുട്ടിലും, അവിടെ നിന്നു കൂടുമാറി ഫേസ് ബുക്കിലും കയറി ഒരു കൂട്ടം സുഹൃത്തുക്കള്‍ കാട്ടിക്കൂട്ടുന്ന ആഭാസത്തരങ്ങള്‍ ചെറുതല്ല. നഗ്നചിത്രങ്ങളുടെ പ്രചാരണവും, അശ്ലീല വെബ് സൈറ്റുകളുടെ ഷെയറിങ്ങും സോഷ്യല്‍ നെറ്റ് വര്‍ക്കുകളെ സാമൂഹിക വിരുദ്ധരുടെ താവളമാക്കി മാറ്റുന്നു. യഥാര്‍ഥ പേര് ഒളിച്ചു വച്ച് വ്യാജ ഇ മെയില്‍ വിലാസമുണ്ടാക്കി ഇത്തരം വൃത്തികേടുകള്‍ക്കു മുതിരുന്നവര്‍ അറിയാത്ത ചിലതുണ്ട്. സൈബര്‍ സെല്‍ എന്ന ഇന്റര്‍നെറ്റ് സുരക്ഷാ വിഭാഗത്തിന്റെ വെബ്‌സൈറ്റില്‍ ഒരുപാട് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. സമയം കിട്ടുമ്പോള്‍ അതൊന്നു വായിച്ചു മനസിലാക്കാന്‍ ശ്രമിക്കുന്നത് നന്ന്.
അപമാനിക്കുന്ന രീതിയില്‍ ഫോട്ടോകള്‍ പ്രസിദ്ധീകരണം ചെയ്യല്‍, വര്‍ഗീയത, മതപ്രചാരണം, നഗ്നചിത്രങ്ങള്‍ അപ്ലോഡ് ചെയ്യല്‍, സ്പര്‍ദ്ധയുണ്ടാക്കുന്ന വാര്‍ത്തകളുടെ ഷെയറിങ് തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം കൃത്യമായി നിരീക്ഷിക്കപ്പെടുന്നുണ്ട്. ഒട്ടും അഭിമാനിക്കാന്‍ വകയില്ലാത്ത ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരുടെ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അഡ്രസ് (ഐപി) കണ്ടെത്താന്‍ സൈബര്‍ സെല്ലിന് സെക്കന്‍ഡുകള്‍ പോലും വേണ്ട.
 
Other News in this category

 
 




 
Close Window