Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
മൂല്യം നഷ്ടപ്പെടുന്ന രൂപയെ ഓര്‍മിച്ച്, മൂല്യം ചോരാതെ ഓണമാഘോഷിക്കാം
Editor
ക്രൂഡ് ഓയിലിന്റെ ഓളം വെട്ടലില്‍ അടിപതറി നില്‍ക്കുന്ന രൂപകൊണ്ടാണ് ഇത്തവണ കേരളത്തിലെ ഓണം. ഒരവസരത്തില്‍ പൗണ്ടൊന്നിന് 106 രൂപ വാങ്ങിയ യുകെയിലെ മലയാളികള്‍ അത് മനസിലാക്കണം. അയയ്ക്കുന്ന ഓരോ പൗണ്ടും വിനിമയം ചെയ്തു കൂടുതല്‍ രൂപ കിട്ടുമ്പോള്‍, അടുത്ത വര്‍ഷം ഇതേ മാസം ഇതിന്റെ ഇരട്ടി തുക വീട്ടിലേക്ക് അയയ്‌ക്കേണ്ടി വരുമെന്ന് ഓര്‍ക്കുക. അന്യരാജ്യങ്ങളിലെ കഷ്ടപ്പാടിനൊത്ത് പ്രതിഫലം കൂടുതല്‍ കിട്ടുന്നതിന്റെ സന്തോഷവും സംതൃപ്തിയും വലുതു തന്നെ. ഊഹക്കച്ചവടത്തിലെന്നപോലെ ഇപ്പോള്‍ ഉണ്ടായിട്ടുള്ള അധികവരുമാനം, നാട്ടിലെ ചെലവ് ഇരട്ടിയാക്കുകയാണെന്ന വാസ്തവം കൂടി ഇതോടൊപ്പം തിരിച്ചറിയണം.
പെട്രോളിയം ഇറക്കുമതിക്ക് വന്‍ തുക മുടക്കേണ്ടി വരും. ഡീസല്‍, പെട്രോള്‍ വിലക്കയറ്റം ഉടനുണ്ടാകും. ഇതു സംഭവിച്ചാല്‍ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഉറപ്പ്. പെട്രോളിയം വിലവര്‍ധന റയില്‍വേ, ട്രാന്‍സ്‌പോര്‍ട് കോര്‍പ്പറേഷനുകളെ ബാധിക്കും. റയില്‍, ബസ് യാത്രാ കൂലി കൂടും. സാധാരണക്കാരെ ഏറെ ബാധിക്കുന്ന തരത്തില്‍ വിലക്കയറ്റത്തിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന പ്രതീതിയാണ് രൂപയുടെ വിലയിടിവ് പ്രതിഫലിപ്പിക്കുന്നത്.
ഇന്ത്യക്ക് ഡോളര്‍ ലഭിക്കുന്ന ഏറ്റവും മുഖ്യമായ സ്രോതസ് കയറ്റുമതിയാണ്. ഇറക്കുമതിക്കാവശ്യമായ തുക കയറ്റുമതിയില്‍നിന്ന് നേടാനാവില്ലെന്നതാണ് രാജ്യത്തിന്റെ അവസ്ഥ. അപ്പോള്‍ ആവശ്യത്തിന് ഡോളര്‍ മറ്റു വിധത്തില്‍ കണെ്ടത്തണം. അതായത് രാജ്യത്തേക്ക് കൂടുതല്‍ വിദേശനാണ്യം കൊണ്ടുവരണം. കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിക്കണം. അതിനു പലപ്പോഴും സാധിക്കുന്നില്ല. മറ്റൊരു വഴി വിദേശത്തുനിന്നു കടമെടുക്കുക. അതിനു പലിശ കൊടുക്കണം. കൂടുതല്‍ രൂപ നല്കി ഡോളര്‍ വാങ്ങണം. അപ്പോഴും രൂപയുടെ മൂല്യം കുറയും.
സംസ്ഥാനത്തെ വാണിജ്യബാങ്കുകളിലെ പ്രവാസി നിക്ഷേപം മുക്കാല്‍ ലക്ഷം കോടി കവിഞ്ഞതായാണ് അനൗദ്യോഗിക കണക്ക്. മൂന്നു മാസത്തിനിടെ 9510 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്.
സര്‍ക്കാര്‍ റവന്യൂ വര്‍ധിപ്പിക്കണം. കയറ്റുമതി കൂട്ടണം. കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കണം. പഠിച്ചിറങ്ങുന്നവര്‍ക്കെല്ലാം തൊഴിലവസരം സൃഷ്ടിക്കണം. ഫാക്റ്ററി ഉത്പാദനം ശക്തിപ്പെടുത്തണം. ഇത്രയുമൊക്കെ നേടിക്കഴിയുമ്പോള്‍ മാത്രമേ ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍ നിന്നു രൂപയ്ക്ക് പൂര്‍ണമായും ശക്തി നേടാന്‍ കഴിയൂ. രൂപയുടെ പ്രതിസന്ധിക്കിടയില്‍ ഓണത്തിന്റെ തനിമയും തിളക്കവും നഷ്ടപ്പെടാതിരിക്കട്ടെ. സ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും ആര്‍ഭാടങ്ങളാവട്ടെ ഇത്തവണ മാവേലിക്കുള്ള തിരുമുല്‍ക്കാഴ്ച.
 
Other News in this category

 
 




 
Close Window