Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
ഇന്ത്യയുടെ ക്ഷമ പാക്കിസ്ഥാന്റെ പരീക്ഷണങ്ങള്‍ക്ക് പണയം വയ്ക്കരുത്
Editor
സ്വന്തം പട്ടാളത്തിന്റെ ഔദ്യോഗിക വേഷം ധരിച്ച് നിയന്ത്രണ രേഖ അതിലംഘിച്ചു കടന്നുവന്ന് ഇന്ത്യന്‍ സൈനിക ക്യാംപിലേക്കു വെടിയുതിര്‍ക്കുക എന്നാല്‍ യുദ്ധസമാനമായ സംഭവമായല്ല, മുന്നറിയിപ്പില്ലാതെ നടത്തിയ യുദ്ധം എന്നുതന്നെ കരുതേണ്ടതുണ്ട്. കാരണം ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇരുനൂറോളം തവണ തീവ്രവാദികള്‍ അതിര്‍ത്തി ലംഘിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ നൂറിലേറെത്തവണയാണ് പാക് പട്ടാളം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇന്ത്യയുടെ ആത്മനിയന്ത്രണത്തെയും സഹിഷ്ണുതയെ യും നയതന്ത്ര മര്യാദയെയും വെല്ലുവിളിക്കുകയാണ് പാക്കിസ്ഥാന്‍.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം നുഴഞ്ഞു കയറ്റവും കരാര്‍ ലംഘനവും വര്‍ധിച്ചിട്ടുണ്ടെന്നും പാര്‍ലമെന്റില്‍ വെളിപ്പെടുത്തലുണ്ടായി. ഇന്ത്യന്‍ സേനയുടെ പട്രോളിങ് സംഘത്തിലെ രണ്ട് ജവാന്മാരെ പിടിച്ചുകൊണ്ടുപോയി ശിരച്ഛേദം ചെയ്ത പാക് നടപടി അന്താരാഷ്ട്ര തലത്തില്‍ത്തന്നെ അപലപിക്കപ്പെട്ടു. ധീരദേശാഭിമാനികളായ സൈനികരെ വകവരുത്തി എന്നു മാത്രമല്ല, ലാന്‍സ് നായിക്ക് ഹേമരാജ് സിങ്ങിന്റെ ശിരസ് വിട്ടുകിട്ടിയതു പോലുമില്ല. ഇന്നും രാജ്യത്തിന്റെ കണ്ണീര്‍ത്തുള്ളിയായി ഈ ശിരസ് പാക്കിസ്ഥാനില്‍ എവിടെയോ മണ്ണടിഞ്ഞുകിടക്കുന്നു. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ സാമ്പത്തിക സഹായത്തോടെ തീവ്രവാദികള്‍ നടത്തിയ നരഹത്യയായിരുന്നു ഇതെന്നു പിന്നീടു വ്യക്തമായി. ശിരച്ഛേദം നടപ്പാക്കിയ ഭീകരന് ഐഎസ്‌ഐ അഞ്ചു ലക്ഷം രൂപ പാരിതോഷികം നല്‍കിയെന്നും കണ്ടെത്തിയിട്ടുണ്ട്. തന്നെയുമല്ല, ഈ പദ്ധതി നടപ്പാക്കുന്നതിനു മുന്‍പ് ലഷ്‌കര്‍ ഇ തൊയ്ബ തലവന്‍ ഹഫീസ് സയീദ് ഈ സ്ഥലം സന്ദര്‍ശിച്ചിരുന്നു എന്നും നമ്മുടെ സൈനികര്‍ക്കു പിന്നീടു വിവരം ലഭിച്ചു.

വീരമൃത്യു വരിച്ച സൈനികരുടെ മൃതദേഹങ്ങളോടു പോലും പകയും വിദ്വേഷവും പുലര്‍ത്തുന്ന പാക് സൈനികരും തീവ്രവാദികളും ദയയുടെ കണിക പോലും അര്‍ഹിക്കുന്നില്ല. നിര്‍ഭാഗ്യവശാല്‍ നയതന്ത്രത്തിന്റെ നല്ലവാക്കുകളല്ല അവര്‍ അര്‍ഹിക്കുന്നത്. വെടിയുണ്ടയ്ക്കു മറുപടി വെടിയുണ്ട എന്ന കേവല യുദ്ധമര്യാദയിലേക്ക് ഇന്ത്യയെ നിര്‍ബന്ധപൂര്‍വം വലിച്ചിഴയ്ക്കുക തന്നെയാണ് ആവര്‍ത്തിച്ചുള്ള പാക് അതി ക്രമങ്ങളുടെ ലക്ഷ്യം. അവര്‍ അര്‍ഹിക്കുന്നതും മറ്റൊന്നല്ല എന്നു തീര്‍ച്ച.

പൂഞ്ച് സെക്റ്ററില്‍ ബിഹാര്‍ റെജിമെന്റിന്റെ ഇരുപത്തൊന്നാം നമ്പര്‍ ബറ്റാലിയനു നേര്‍ക്ക് പാക് യൂനിഫോം ധരിച്ചു നേരിട്ടു വന്നാണ് അക്രമികള്‍ നിറയൊഴിച്ചത്. അവരെ തീവ്രവാദികളെന്നു വിശേഷിപ്പിക്കാനാവില്ല. പട്ടാളത്തിന്റെ യൂനിഫോം ധരിപ്പിച്ച് അതിര്‍ത്തി കടത്തിവിടുന്നവര്‍ പാക്കിസ്ഥാന്റെ പട്ടാളം തന്നെയാണ്. പട്ടാളത്തിന്റെ ചെയ്തികള്‍ക്കു സമന്വയത്തിന്റെ ഭാഷയിലല്ല മറുപടി നല്‍കേണ്ടത്. അതുകൊണ്ടാണ് സംഭവത്തെക്കുറിച്ച് രാജ്യരക്ഷാ മന്ത്രി എ.കെ. ആന്റണി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയപ്പോള്‍ പ്രതിപക്ഷം ബഹളം വച്ചതും, പ്രധാനമന്ത്രി തന്നെ പ്രസ്താവന നടത്തണമെന്ന് ആവശ്യമുയര്‍ന്നതും, ആന്റണിയുടെ ഔദ്യോഗിക വസതിയിലേക്കു പ്രതിഷേധ മാര്‍ച്ച് നടന്നതും.
ഇന്ത്യക്കെതിരേ നേരിട്ടുള്ള പോരാട്ടം നടത്താന്‍ പാക്കിസ്ഥാനു കെല്‍പ്പില്ല. അതിനുള്ള ആളും അര്‍ഥവും അവര്‍ക്കില്ല. അതുകൊണ്ടാണ് ഒളിഞ്ഞുനോട്ടവും നുഴഞ്ഞുകയറ്റവുമായി അവര്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നത്. അതിന് എങ്ങനെ മറുപടി കൊടുക്കണമെന്ന് 1999ല്‍ കാര്‍ഗില്‍ യുദ്ധത്തിലൂടെ നമ്മള്‍ കാട്ടിക്കൊടുത്തതാണ്. ആക്രമണങ്ങളില്‍ നമ്മുടെ നിരവധി വീരജവാന്മാര്‍ക്കു ജീവഹാനി നേരിട്ടിട്ടുണ്ട്. അപ്പോഴൊക്കെ പാക് എംബസിയിലെ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുക മാത്രമാണു നമ്മള്‍ ചെയ്തത്. പൂഞ്ചില്‍ ഇന്നലെയുണ്ടായ ആക്രമണത്തിലും ഒരു ഡെപ്യൂട്ടി കമ്മിഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഇത്തരത്തില്‍ നടത്തുന്ന പ്രതീകാത്മകം മത്രമായ പ്രതിഷേധങ്ങളാണ് പാക്കിസ്ഥാനു ധൈര്യം കൊടുക്കുന്നത്. അടിച്ചാല്‍ തിരിച്ചടിക്കും എന്ന മുന്നറിയിപ്പല്ല, തിരിച്ചറിവു മാത്രമാണ് അതിര്‍ത്തി കാക്കുന്ന നമ്മുടെ ജവാന്മാരുടെ ആത്മാഭിമാനവും ആത്മവിശ്വാസവും വളര്‍ത്താനുള്ള പോംവഴി. അതിന് തങ്ങള്‍ സജ്ജമാണെന്ന് എത്രയോ തവണ പറഞ്ഞിട്ടുണ്ട് നമ്മുടെ സൈന്യം.
 
Other News in this category

 
 




 
Close Window