Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.47 INR  1 EURO=75.27 INR
ukmalayalampathram.com
Mon 21st Aug 2017
 
 
UK Special
  Add your Comment comment
പ്രവാസികളെന്താ തൊഴുത്തിലെ പശുക്കളോ, ഊറ്റിയെടുക്കാന്‍
reporter

ലണ്ടന്‍: പ്രവാസികളെന്നും തൊഴുത്തിലെ പശുക്കളെപ്പോലെയാണ്. ഇവരില്‍ നിന്ന് സര്‍ക്കാരും മറ്റുള്ളവരും പരമാവധി ഊറ്റിയെടുക്കും. എന്നാല്‍ യാതൊരുവിലയുമില്ല. ഇതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് നമ്മുടെ വിമാനക്കമ്പനികള്‍ തന്നെയാണ്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല വിമാനക്കമ്പനികളുടെ ഈ കൊള്ള. ഇവര്‍ നാട്ടില്‍ വരുന്ന സമയം നോക്കി വിമാനടിക്കറ്റുകള്‍ കുത്തനെ ഉയര്‍ത്തിക്കളയും. പിന്നെ പ്രവാസികള്‍ എന്തു ചെയ്യാന്‍. ഗതിയില്ലാതെ വന്‍ തുക നല്‍കി നാട്ടില്‍ എത്തേണ്ട അവസ്ഥയാകും. ഇത് ഏറ്റവും അധികം അനുഭവിക്കുന്നത് ഗള്‍ഫ് മലയാളികളാണ്. പ്രവാസികളെല്ലാവും ലക്ഷപ്രഭുക്കളാണെന്നാണ് പൊതുവെയുള്ള ധാരണ. ഈ ധാരണയാണ് പലപ്പോഴും ഇത്തരം കൊള്ളകളില്‍ കൊണ്ടു ചെന്ന് എത്തിക്കുന്നത്. പ്രവാസികളെ കൊള്ളയടിക്കുന്ന കാര്യത്തില്‍ ഇന്ത്യയിലെയും വിദേശത്തേയും വിമാനക്കമ്പനികള്‍ ഒരു പോലെയാണ്. ഗള്‍ഫ് നാടുകളിലുള്ള മലയാളികളാണു രണ്ടിരട്ടിയും മൂന്നിരട്ടിയും വരെ ടിക്കറ്റ് നിരക്കു വര്‍ധിപ്പിച്ചുകൊണ്ടുള്ള വിമാനക്കമ്പനികളുടെ കൊടുംകൊള്ളയ്ക്ക് ഏറ്റവുമധികം ഇരയാക്കപ്പെടുന്നത്.

ഇക്കാര്യം പലപ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ല എയര്‍ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയവരും ഇപ്പോള്‍ പ്രവാസികളെ കൊള്ളയടിക്കുന്ന അവസ്ഥയില്‍ കൊണ്ടുചെന്ന് എത്തിച്ചിരിക്കുകയാണ്. നാട്ടില്‍ സ്‌കൂളുകള്‍ അടയ്ക്കുമ്പോള്‍ പ്രവാസികള്‍ കുടുംബങ്ങളെ ഗള്‍ഫിലേക്കു കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോഴാണ് അവിടേക്കുള്ള നിരക്കു കൂട്ടുന്നത്. ജൂണില്‍ ഗള്‍ഫില്‍ സ്‌കൂള്‍ അടയ്ക്കുന്നതോടെ അവിടെനിന്ന് ഇങ്ങോട്ടു യാത്രക്കാര്‍ കൂടുതലാണ്. ആ സമയത്തും തീവെട്ടിക്കൊള്ള നടത്താന്‍ നിരക്ക് ഉയര്‍ത്തും. ഓണം, ക്രിസ്മസ്, ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിത്ര്‍), വലിയ പെരുന്നാള്‍ (ബക്രീദ്) തുടങ്ങിയ അവസരങ്ങളില്‍ നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികളും ഉയര്‍ന്ന നിരക്കുമൂലം പലപ്പോഴും യാത്ര മാറ്റിവയ്ക്കുന്നു. 

ജനുവരി, ഫെബ്രുവരി, മാര്‍ച്ച് പകുതിവരെ, ഒക്‌റ്റോബര്‍, നവംബര്‍ എന്നീ മാസങ്ങളില്‍ കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു ഗള്‍ഫിലേക്കുള്ള നിരക്ക് ഇപ്രകാരമാണ്. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലേക്ക് 4,000നും 7,000നും ഇടയില്‍. ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് 15,000ല്‍ താഴെ. ദോഹയിലേക്ക് 7,000നും 9,000നും ഇടയില്‍. എന്നാല്‍, കേരളത്തില്‍ അവധിക്കാലം തുടങ്ങുമ്പോള്‍ ടിക്കറ്റ് നിരക്ക് കുതിച്ചുയരും. പിന്നീട് യുഎഇക്ക് പോകാന്‍ ചെലവാകുന്നത് 25,000 രൂപ വരെ. സൗദി 25,000നും 35,000നും ഇടയിലും ഖത്തര്‍ 27,000നു മുകളിലുമാണ്. ബഹ്‌റൈന്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള അവസ്ഥയും വ്യത്യസ്തമല്ല. 

ലോകമെമ്പാടുമുള്ള രീതിയാണ് തങ്ങളും പിന്തുടരുന്നതെന്ന് വിമാനക്കമ്പനികള്‍. ഡൈനാമിക് പ്രൈസിങ് രീതിയിലാണ് എല്ലാവരും ടിക്കറ്റ് വിതരണം ചെയ്യുന്നത്. അതിനാല്‍ തന്നെ സീസണ്‍ അനുസരിച്ചാണ് ടിക്കറ്റ് നിരക്ക് കണക്കാക്കുന്നത്. കൂടാതെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനക്കമ്പനികള്‍ ലാഭത്തിലാക്കാന്‍ ഇത്തരം രീതികള്‍ വേണ്ടിവരുന്നതായും ഇവര്‍ പറയുന്നു. അതേസമയം, പല വിമാനക്കമ്പനികളും ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഏതായാലും രണ്ടു സര്‍ക്കാരുകളോടും ഒന്നേ പറയാനുള്ളൂ. ലോകബാങ്ക് റിപ്പോര്‍ട്ട് പ്രകാരം 2015ല്‍ പ്രവാസികള്‍ ഇന്ത്യയിലേക്ക് അയച്ചതു മൂന്നേമുക്കാല്‍ ലക്ഷം കോടി രൂപയാണ്. ഇത്രയധികം പണം രാജ്യത്തിനു നേടിക്കൊടുക്കുന്നവരെ ഇത്തരത്തില്‍ ചൂഷണം ചെയ്യണോ എന്ന് ആലോചിക്കുക.

 
Other News in this category

 
 




 
Close Window