Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.11 INR  1 EURO=71.99 INR
ukmalayalampathram.com
Tue 30th May 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
സിപിഎമ്മും ആപ്പും ഒന്നിക്കുന്നു; പിണറായിയും കെജ്രിവാളും കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി
REPORTER

ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനും ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി അദ്ധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളും ഡല്‍ഹിയിലെ കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി. സാധാരണ നിലയ്ക്കുള്ള സൗഹൃദ സന്ദര്‍ശനം ആണ് ഇതെന്ന് ഇരുവരും കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്ത് പല മേഖലയിലും അക്രമങ്ങള്‍ വര്‍ദ്ധിച്ച് വരികയാണെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലും പുറത്തും ശാരീരികമായ അക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്. രാജ്യം അപകടകരരമായ സാഹചര്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഒരു ദീര്‍ഘകാല സൗഹൃദം മറ്റ് കക്ഷികള്‍ തമ്മില്‍ ആവശ്യമാണെന്ന നിര്‍ദ്ദേശം അദ്ദേഹം മുന്നോട്ട് വച്ചു.

മതനിരപേക്ഷ കക്ഷികളുടെ യോജിച്ച പ്രവര്‍ത്തനമാണ് ഇനി ആവശ്യമെന്നും, കോണ്‍ഗ്രസിന് ഇനി പ്രത്യേകിച്ച് ഒന്നും സാധിക്കില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ പ്രധാന നേതാക്കളെല്ലാം ബിജെപിയിലേക്ക് മാറുകയാണ്. ഈയൊരു സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ ആശ്രയിക്കുന്നതില്‍ വലിയ കാര്യമില്ല. മറ്റ് മതേതര പാര്‍ട്ടികള്‍ യോജിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയിലെ സര്‍ക്കാരിനെതിരായ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് വിമര്‍ശിച്ച പിണറായി വിജയന്‍, സംസ്ഥാനങ്ങളുടെ അധികാരത്തിന് മുകളില്‍ കേന്ദ്രം അധികാരം ചെലുത്തുകയാണെന്ന് വിമര്‍ശിച്ചു. ഡല്‍ഹിയിലെ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിനെ, ഒരു സംസ്ഥാന സര്‍ക്കാരായി പരിഗണിക്കാന്‍ കേന്ദ്രം തയ്യാറാകണമെന്നും പിണറായി ആവശ്യപ്പെട്ടു.

ഇന്നലെ നടന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടുന്ന കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഇതിനെ ശക്തമായി കേരള ഘടകം എതിര്‍ത്തു. ബംഗാള്‍ ഘടകം ഈ നിര്‍ദ്ദേശവുമായി മുന്നോട്ട് പോയപ്പോള്‍ കേരള ഘടകം ഇതിനെ എതിര്‍ക്കുകയായിരുന്നു. ബിജെപിയെ നേരിടുന്നതിന് ഇതര മതേതര രാഷ്ട്രീയ കക്ഷികളുടെ യോജിച്ച പ്രവര്‍ത്തനം ആണ് ആവശ്യമെന്ന് കേരള ഘടകം ഇന്നലെ കേന്ദ്രകമ്മിറ്റിയില്‍ നിലപാട് എടുത്തിരുന്നു.

ഇതര മതേതര പാര്‍ട്ടികളുമായി കൂട്ടുകൂടുന്നതിന്റെ ഭാഗമായാണ് ഡല്‍ഹി മുഖ്യമന്ത്രിയുമായി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയത്. യോഗത്തില്‍ സിപിഎം കേരള സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണനും സംബന്ധിച്ചു.

 
Other News in this category

 
 




 
Close Window