Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.49 INR  1 EURO=75.41 INR
ukmalayalampathram.com
Sun 20th Aug 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
വിശ്വാസികളില്‍ നിന്നും ആവശ്യമുയര്‍ന്നാല്‍ ശബരിമലയില്‍ സ്ത്രീപ്രവേശത്തെ പിന്തുണയ്ക്കുമെന്ന് ശശികല ടീച്ചര്‍
REPORTER

കോഴിക്കോട്: ശബരിമലയില്‍ സ്ത്രീപ്രവേശനം വേണമെന്ന് വിശ്വാസി സമൂഹത്തില്‍ നിന്നും ആവശ്യമുയര്‍ന്നാല്‍ ഹിന്ദുഐക്യവേദി പിന്തുണയ്ക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ പി ശശികല ടീച്ചര്‍. 

വ്യക്തികളില്‍ നിന്നല്ല, വിശ്വാസി സമൂഹത്തില്‍ നിന്നാണ് ഇത്തരം ആവശ്യങ്ങള്‍ ഉയരേണ്ടതെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹിന്ദു അവകാശ സംരക്ഷണയാത്രയുടെ ഭാഗമായി കോഴിക്കോടെത്തിയതായിരുന്നു അവര്‍. ഭക്തജനസമൂഹത്തില്‍ നിന്നോ ഹിന്ദുസംഘടനകളുടെ ഭാഗത്ത് നിന്നോ ഇത്തരം ആവശ്യം ഉയര്‍ന്നാല്‍ ആചാര്യസഭ വിളിച്ചുകൂട്ടാനും ആചാരത്തില്‍ ആവശ്യമായ മാറ്റം വരുത്താനും ഹിന്ദുഐക്യവേദി നേതൃത്വം നല്‍കും. ഒന്നോ രണ്ടോ പേര്‍ ആവശ്യപ്പെട്ടാല്‍ ഒരു ക്ഷേത്രത്തിലെ ആചാരം മാറ്റാനാകില്ല. ആവശ്യം ഭക്തിപരമാണോയെന്ന് നോക്കേണ്ടതുണ്ട്. 

കേരളത്തിലെ ആയിരകണക്കിന് ക്ഷേത്രങ്ങളില്‍ മാതൃസമിതികളുണ്ട്. മാതൃസമിതികളൊന്നും ശബരിമലയില്‍ സ്ത്രീപ്രവേശനം വേണമെന്ന് ആവശ്യം ഉന്നയിച്ചിട്ടില്ല. ഹിന്ദുസമൂഹം എന്നും മാറ്റങ്ങളെ ഉള്‍ക്കൊണ്ടവരാണ്. ഹിന്ദുഐക്യവേദിയ്ക്ക് ശബരിമലയില്‍ സ്ത്രീപ്രവേശന വിഷയത്തില്‍ മുന്‍വിധികളൊന്നുമില്ലെന്നും ശശികല അവകാശപ്പെട്ടു. കേരളത്തിന് പുറത്ത് നടക്കുന്ന ദലിത് പീഡനങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കാനാകില്ല. കേരളത്തിലെ പ്രത്യേകിച്ച് മലയോര മേഖലകളില്‍ മതചിഹ്നങ്ങളുപയോഗിച്ച് കൈവശപ്പെടുത്തിയ മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്നാണ് ഹിന്ദു ഐക്യവേദിയുടെ അഭിപ്രായം. ഏത് മതചിഹ്നങ്ങളാണെങ്കിലും അത് ഭൂമി കയ്യേറുന്നതിന് ഉപയോഗിക്കാനുള്ളതല്ല. ആരാധനാ കേന്ദ്രങ്ങളില്‍ നില്‍ക്കുമ്പോഴാണ് അതിന് അതിന്റേതായ പ്രാധാന്യമുള്ളതെന്നും ശശികല പറഞ്ഞു. 

മാറിമാറി ഭരിച്ച ഇടത് വലത് മുന്നണികള്‍ക്ക് ഭൂരഹിതരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടില്ല. കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. മൂന്നാറിലടക്കം കുരിശ് ഉപയോഗിച്ച് നടത്തിയ കയ്യേറ്റങ്ങളെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഭൂപരിഷ്‌കരണം നടപ്പാക്കിയ സംസ്ഥാനത്ത് അതിന്റെ ഗുണവശം ഇന്നും അപ്രാപ്യമായിരിക്കുന്ന വലിയൊരു വിഭാഗമുണ്ട്. പാട്ടക്കാലാവധി കഴിഞ്ഞ മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണം.

സര്‍ക്കാര്‍ കയ്യടക്കിവെച്ചിരിക്കുന്ന ക്ഷേത്രങ്ങളുടെ ഭരണം ഭക്തജനങ്ങള്‍ക്ക് തിരിച്ചു നല്‍കണം. അന്യാധീനപ്പെട്ടു കിടക്കുന്ന ക്ഷേത്ര ഭൂമി പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ല. സ്വകാര്യ വ്യക്തികള്‍ ക്ഷേത്ര ഭൂമി കയ്യേറി കൈവശം വെച്ചിരിക്കുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് സര്‍ക്കാര്‍. അന്യാധീനപ്പെട്ട മുഴുവന്‍ ഭൂമിയും പിടിച്ചെടുക്കാനുള്ള കര്‍മ്മ പദ്ധതിക്ക് ഹിന്ദുഐക്യ വേദി രൂപം നല്‍കുമെന്നും അവര്‍ അറിയിച്ചു. 14ന് കാസര്‍കോട് നിന്നാരംഭിച്ച യാത്ര 29ന് തിരുവനന്തപുരത്ത് സമാപിക്കുമെന്ന് സംസ്ഥാന ജനറല്‍സെക്രട്ടറി ഇ എസ് ബിജു പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ശശി കമ്മട്ടേരി, ജില്ലാ ജനറല്‍സെക്രട്ടറി അനില്‍ മായനാട് എന്നിവരും പങ്കെടുത്തു.

 
Other News in this category

 
 




 
Close Window