Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.00 INR  1 EURO=77.10 INR
ukmalayalampathram.com
Tue 19th Sep 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
പ്ലാച്ചിമടയിലെ ജനകീയ സമരം വിജയിച്ചു, കൊക്കക്കോള കമ്പനി പൂര്‍ണമായും പൂട്ടി
Reporter

ന്യൂഡല്‍ഹി: ജനകീയ പ്രതിരോധത്തിന് മുന്നില്‍ കൊക്കക്കോള തോല്‍വി സമ്മതിച്ചു. പ്ലാച്ചിമടയില്‍ വീണ്ടും പുതിയ ഫാക്ടറി തുറക്കാന്‍ പദ്ധതിയില്ലെന്ന് കൊക്കകോള കമ്പനി. പുതിയ ഫാക്ടറി തുറക്കാനോ പുനരാരംഭിക്കാനോ ഒരു ഉദ്ദേശവും ഇല്ലെന്ന് കൊക്കകോള കമ്പനി സുപ്രിം കോടതിയെ അറിയിച്ചു. ഇതോടെ വിഷയത്തില്‍ കമ്പനിയ്ക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീം കോടതി തീര്‍പ്പാക്കി. സുപ്രീംകോടതിയില്‍ വ്യാഴാഴ്ച കേസ് പരിഗണിക്കവേയാണ് ഇനി പ്ലാച്ചിമടയില്‍ ഫാക്ടറി പുനരാരംഭിക്കാന്‍ ഉദ്ദേശമില്ലെന്ന് കൊക്കക്കോള കമ്പനി അറിയിച്ചത്. 

പ്രവര്‍ത്തനാനുമതി നിഷേധിച്ച പെരുമാട്ടി പഞ്ചായത്ത് നടപടി ചോദ്യം ചെയ്ത് കമ്പനി നല്‍കിയ ഹര്‍ജി ഇന്നലെ പരിഗണിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. പഞ്ചായത്ത് നിലപാടിനെ കമ്പനി എതിര്‍ക്കാതിരുന്നതോടെ ജലചൂഷണത്തെ തുടര്‍ന്ന് പ്ലാച്ചിമടയിലെ കൊക്കക്കോള പ്ലാന്റിന് പെരുമാട്ടി പഞ്ചായത്ത് അനുമതി നിഷേധിച്ചത് ചോദ്യം ചെയ്തുള്ള കേസ് സുപ്രീംകോടതി തീര്‍പ്പാക്കി. 

2000ലാണ് പ്ലാച്ചിമടയില്‍ കൊക്കക്കോള കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്. പ്രവര്‍ത്തനം തുടങ്ങി മാസങ്ങള്‍ കഴിയുമ്പോഴേക്ക് ജലചൂഷണവും ജലമലിനീകരണവും നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. കിണറുകളിലേയും കുളങ്ങളിലേയും ജലനിരപ്പ് അപകടകരമാംവിധം താഴ്ന്നു. വളമെന്ന പേരില്‍ കൃഷിക്കാര്‍ക്ക് നല്‍കിയ ഖരമാലിന്യം അവിടുത്തെ മണ്ണിനെപോലും ദുഷിപ്പിച്ചു.

2002 ഏപ്രില്‍ 22ന് കമ്പനിയുടെ ജലചൂഷണത്തിനെതിരെ പ്ലാച്ചിമടയിലെ ജനങ്ങള്‍ സമരത്തിനിറങ്ങി. നിരന്തര സമരത്തിനൊടുവില്‍ 2003ല്‍ കമ്പനി അടച്ചുപൂട്ടി. അതേ സമയം 2003 മുതല്‍ ദുരിതമനുഭവിച്ചവര്‍ക്കുള്ള തുക കമ്പനി ഇനിയും നല്‍കിയിട്ടില്ല. വെള്ളമെത്തിക്കാന്‍ പൈപ്പ് നല്‍കിയതുപോലും പഞ്ചായത്താണ്. നഷ്ടപരിഹാരം നല്‍കാനുള്ള ട്രൈബ്യൂണല്‍ വിധിയും മാനിക്കപ്പെട്ടിട്ടില്ല.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും രാഷ്ട്രപതിയുടെയും അംഗീകാരത്തിനയച്ച 'പ്ലാച്ചിമട കൊക്കക്കോള വിക്ടിംസ് റിലീഫ് ആന്റ് കോമ്പന്‍സേഷന്‍ ക്ലെയിംസ് സ്‌പെഷല്‍ ട്രൈബ്യൂണല്‍ ബില്‍' തിരിച്ചയക്കുകയാണുണ്ടായത്. പ്ലാച്ചിമടയിലെ ചൂഷണംമൂലമുണ്ടായ പരിസ്ഥിതിനാശത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ അധ്യക്ഷനായ വിദഗ്ധസമിതിയാണ് പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണലിന് ശുപാര്‍ശ ചെയ്തത്. ഒരുവര്‍ഷമെടുത്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പ്ലാച്ചിമടയില്‍ 216.26 കോടി രൂപയുടെ നഷ്ടം കൊക്കക്കോള കമ്പനി വരുത്തിയെന്നാണ് കണ്ടെത്തല്‍.

പ്ലാച്ചിമടയിലെ ജനങ്ങള്‍ക്ക് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാന്‍ വ്യവസ്ഥയുണ്ടാക്കുന്ന നിര്‍ദിഷ്ട ബില്‍ 2011 ഫെബ്രുവരി 24ന് കേരള നിയമസഭയില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ ഏകകണ്ഠമായി പാസാക്കി. കൃഷി, പരിസ്ഥിതി, നിയമം, ജലവിഭവം, ഗ്രാമീണവികസനം തുടങ്ങിയ മന്ത്രാലയങ്ങളുടെ അഭിപ്രായം ആരാഞ്ഞുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കത്തെഴുതിയിരുന്നു.

ഇത്തരമൊരു ബില്‍ കൊണ്ടുവരാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്ന് പറഞ്ഞ് കേന്ദ്ര അറ്റോര്‍ണി ജനറലിന്റെയും മറ്റും നിയമോപദേശം അടിസ്ഥാനമാക്കിയാണ് കേന്ദ്രം തിരിച്ചയച്ചത്. പിന്നീട് രാഷ്ട്രപതിയുടെ അംഗീകാരത്തിനയച്ച ബില്‍ 2016ല്‍ യാതൊരു കാരണവും പറയാതെ രാഷ്ട്രപതിയും തിരിച്ചയച്ചു.

 
Other News in this category

 
 




 
Close Window