Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th Nov 2017
 
 
UK Special
  Add your Comment comment
ലണ്ടനില്‍ വാഹനാപകടത്തില്‍ മരിച്ച ഋഷിയുടെ മൃതദേഹം സംസ്‌കരിച്ചു, സിറിയക്കിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും
reporter

ചിങ്ങവനം: ലണ്ടനില്‍ വാഹനാപകടത്തില്‍ മരിച്ച ചാന്നാനിക്കാട് സ്വദേശി ഋഷി രാജീവിന് ജന്മനാട് വിട നല്‍കി. ഋഷിയുടെ മൃതദേഹം ശനിയാഴ്ച രാവിലെ വീട്ടിലെത്തിച്ചു. തുടര്‍നന് സംസ്‌കാരം നടത്തി. ഋഷിയുടെ അമ്മയുടെയും സഹോദരങ്ങളുടെയും കരച്ചില്‍ കാഴ്ചക്കാരിലും ഏറെ വേദനയുണ്ടാക്കി. സുഹൃത്തുക്കളും നാട്ടുകാരും അടക്കം ഒട്ടേറെ പേര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ വീട്ടിലെത്തിയിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഒട്ടേറെ പ്രതീക്ഷകള്‍ ബാക്കി വച്ചാണ് ഋഷി യാത്രയായത്. കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയായിരുന്നു ഋഷി. പഠനത്തില്‍ മിടുക്കന്‍. പയ്യപ്പാടി ഐഎച്ച്ആര്‍ഡിയില്‍ പഠനത്തിന് ശേഷം ആദ്യ ശ്രമത്തില്‍ തന്നെ ക്യാംപസ് സെലക്ഷന്‍ കിട്ടി വിപ്രോയില്‍ ചേര്‍ന്നതോടെ കുടുംബത്തിന്റെ പ്രതീക്ഷകള്‍ നിറവേറ്റാനാകും എന്ന സന്തോഷവും ഋഷിക്കുണ്ടായിരുന്നു. ആദ്യം ഹൈദരാബാദിലും തുടര്‍ന്നു ബംഗളൂരുവിലും ജോലി ചെയ്തു. ഫെബ്രുവരിയിലാണ് ജോലിസംബന്ധമായ പ്രോജക്ടിന്റെ ഭാഗമായി ബ്രിട്ടനിലേക്കു പോയത്. ബ്രിട്ടിഷ് സര്‍വകലാശാലയില്‍ നാലുവര്‍ഷത്തെ കോഴ്‌സിനും ചേര്‍ന്നിരുന്നു. അനുജത്തിയുടെ വിവാഹം നല്ല രീതിയില്‍ നടത്തണമെന്നതായിരുന്നു ഋഷിയുടെ പ്രധാന ആഗ്രഹങ്ങളിലൊന്ന്. ഇതിനായി പണം സ്വരുക്കൂട്ടി വിവാഹ ആലോചനകളും തുടങ്ങിയിരുന്നു. ഈ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ അനുവദിക്കാതെയാണു മരണം ഋഷിയെ തട്ടിയെടുത്തത്.

ഇതിനിടെ അപകടത്തില്‍ മരിച്ച മറ്റൊരു മലയാളി സിറിയക് ജോസഫിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുവരും. തിങ്കളാഴ്ച രാവിലെ 9ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് 12ന് ചേര്‍പ്പുങ്കല്‍ തുരുത്തിക്കുഴി തറവാട്ടുവീട്ടില്‍ എത്തിക്കും. വൈകീട്ട് 4 മണിക്ക് പ്രാരംഭപ്രാര്‍ത്ഥനകളോടെ വീട്ടില്‍ വച്ച് മൃതസംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. വീട്ടിലും ദേവാലയത്തിലുമുള്ള പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മൃതദേഹം ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ഫൊറോന പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍ സംസ്‌കരിക്കും. സിറിയക്കിന്റെ ഭാര്യ ആന്‍സിയും മക്കളായ ബെന്‍സണ്‍, ബെനീറ്റ എന്നിവരും യുകെയിലുള്ള മറ്റു കുടുംബാംഗങ്ങളും ഇന്ന് നാട്ടിലേക്ക് തിരിക്കും. 



ചിത്രത്തിന് കടപ്പാട്: മാതൃഭൂമി

 
Other News in this category

 
 




 
Close Window