Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 21st Jan 2018
 
 
UK Special
  Add your Comment comment
പതിനഞ്ച് ലക്ഷം വരുന്ന ഇന്ത്യക്കാര്‍ക്ക് ഇനി പ്രതിനിധിയില്ല, അസൂയാലുക്കള്‍ക്ക് ആശ്വസിക്കാം
reporter

ലണ്ടന്‍: വിവാദത്തിന്റെ പേരില്‍ തെരേസ മേയ് സര്‍ക്കാരില്‍ നിന്ന് പ്രീതി പട്ടേല്‍ പടിയിറങ്ങുമ്പോള്‍ നഷ്ടം പതിനഞ്ച് ലക്ഷം വരുന്ന ഇന്ത്യക്കാര്‍ക്ക്. ഭരണ-പ്രതിപക്ഷ ഭേദമന്യേ എല്ലാവര്‍ക്കും ഒരു പോലെ പ്രിയങ്കരിയായ നേതാവായിരുന്നു പ്രീതി പട്ടേല്‍. പാര്‍ട്ടിയിലെ ഇവരുടെ വളര്‍ച്ച പലരിലും അസൂയ ഉളവാക്കിയിരുന്നു. ഇസ്രയേല്‍ ഉദ്യോഗസ്ഥരുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ച മാത്രമല്ല പ്രീതിയുടെ കസേര തെറിക്കാന്‍ കാരണം. ജൂലാന്‍ കുന്നുകളിലെ ഇസ്രായേല്‍ സൈനിക ആശുപത്രിയും പ്രീതി സന്ദര്‍ശിച്ചിരുന്നു. നയതന്ത്രമര്യാദയനുസരിച്ച് ബ്രിട്ടീഷ് എം.പിമാരോ മന്ത്രിമാരോ ജൂലാന്‍ കുന്നുകള്‍ സന്ദര്‍ശിക്കുന്നതിന് വിലക്കുണ്ട്. 1967ല്‍ സിറിയയില്‍നിന്ന് ഇസ്രായേല്‍ പിടിച്ചെടുത്ത മേഖലയാണ് ജൂലാന്‍ കുന്നുകള്‍. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഇവിടെ വന്നതാണ് പ്രധാന വിവാദത്തിന് കാരണം. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഇസ്രയേല്‍ അധികൃതരുമായി ഓഗസ്റ്റില്‍ അനധികൃത ചര്‍ച്ചകള്‍ നടത്തിയതിനെക്കുറിച്ചു വിമര്‍ശനങ്ങളുയര്‍ന്നപ്പോള്‍തന്നെ പ്രധാനമന്ത്രി തെരേസ പ്രീതിയെ താക്കീത് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞദിവസം പ്രാധാനമന്ത്രിയോടു പ്രീതി മാപ്പുപറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെ വിഷയം തീര്‍ന്നു എന്നു കരുതവേയാണ് സെപ്റ്റംബറിലും പ്രീതി ഇത്തരം ചര്‍ച്ചകള്‍ തുടര്‍ന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്.

ഗ്രാമര്‍ സ്‌കൂളില്‍ പഠിച്ച പ്രീതി സര്‍വകലാശാല വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ രാഷ്ട്രീയത്തിലും തല്‍പരയായിരുന്നു. മാര്‍ഗരറ്റ് താച്ചറുടെ കടുത്ത ആരാധികയായ അവര്‍ ജോണ്‍ മേജര്‍ പാര്‍ട്ടി നേതാവായിരിക്കെയാണ് കണ്‍സര്‍വേറ്റീവില്‍ അംഗത്വമെടുത്തത്. പാര്‍ട്ടിയുടെ കേന്ദ്ര ഓഫിസില്‍ വിവിധ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചുപോന്ന അവര്‍ വക്താവായി നിയോഗിക്കപ്പെട്ടതോടെ ശ്രദ്ധിക്കപ്പെട്ടു. 2010ല്‍ ഡേവിഡ് കാമറൂണ്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ ടിക്കറ്റു നല്‍കി. കന്നിയങ്കത്തില്‍ ജയിച്ചുവന്ന പ്രീതിക്ക് 2014ലെ പുനഃസംഘടനയില്‍ മന്ത്രിക്കസേരയും നല്‍കി. ട്രഷറി മന്ത്രാലയത്തിനുകീഴിലെ എക്സ്ചെക്കര്‍ സെക്രട്ടറിയായിട്ടായിരുന്നു നിയമനം. 2015ല്‍ പ്രീതിയെ തൊഴില്‍ മന്ത്രിയായാണ് കാമറൂണ്‍ നിയമിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രിട്ടീഷ് സന്ദര്‍ശനം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വലിയ നയതന്ത്ര വിജയമാക്കി തീര്‍ക്കുന്നതില്‍ പ്രീതി വഹിച്ച പങ്ക് വലുതായിരുന്നു. ബ്രെക്സിറ്റ് ഹിതപരിശോധന പ്രഖ്യാപിച്ചതോടെ കാമറൂണിനെ പ്രീതി തള്ളിപ്പറഞ്ഞു. ബ്രെക്സിറ്റ് കാംപെയ്നില്‍ ബോറിസ് ജോണ്‍സണൊപ്പം ലീവ് പക്ഷത്തായിരുന്നു പ്രീതി. ഈ രാഷ്ട്രീയ തീരുമാനം ശരിയായിരുന്നെന്ന് കാലം തെളിയിച്ചു. ബ്രെക്സിറ്റില്‍ തട്ടി കാമറൂണ്‍ വീണപ്പോള്‍ തെരേസ മേയുടെ പുതിയ സര്‍ക്കാരില്‍ മറ്റൊരു ഏഷ്യന്‍ മുഖത്തേക്കുറിച്ച് ചിന്തിക്കേണ്ടി വന്നില്ല. 

പതിറ്റാണ്ടുകള്‍ക്കുമുന്‍പു ഗുജറാത്തില്‍നിന്ന് ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിലേക്ക് കുടിയേറിയവരാണ് പ്രീതിയുടെ അമ്മ അഞ്ജനയുടെ കുടുംബം. അച്ഛന്‍ സുശീല്‍ പട്ടേല്‍ ഗുജറാത്തിലെ സാധാരണ കുടുംബത്തില്‍നിന്നുള്ളയാളാണ്. കാപ്പി, തേയില തോട്ടങ്ങളും തുണി വ്യവസായവുമായി മികച്ച രീതിയില്‍ ഉഗാണ്ടയില്‍ കഴിഞ്ഞിരുന്ന കുടുംബം, ഏകാധിപതി ഇദി അമീന്റെ പീഡനങ്ങള്‍ സഹിക്കാനാവാതെ സമ്പാദ്യങ്ങള്‍ ഉപേക്ഷിച്ച് ബ്രിട്ടനിലേക്ക് മാറി. എണ്‍പതിനായിത്തോളം ഏഷ്യന്‍ വംശജരാണ് ഇങ്ങനെ ഉഗാണ്ടയില്‍നിന്ന് എഴുപതുകളുടെ തുടക്കത്തില്‍ പുറത്താക്കപ്പെട്ടത്. ബ്രിട്ടനിലെത്തി സുശീല്‍ പട്ടേല്‍ പത്ര ഏജന്റായി. രാഷ്ട്രീയത്തില്‍ തല്‍പരനായ സുശീല്‍ പക്ഷേ, നിലപാടുകളില്‍ കടുത്ത വലതുപക്ഷവാദിയാണ്. മകള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയായിരിക്കെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി പ്രാദേശിക തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വാര്‍ത്തകളില്‍ നിറഞ്ഞു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ലോക്കല്‍ കൗണ്‍സിലറും അമെരിക്കന്‍ കമ്പനിയില്‍ മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റുമായ അലക്സ് സോയറാണ് പ്രീതിയുടെ ഭര്‍ത്താവ്. ഏകമകന്‍ ഫ്രെഡി. 

 
Other News in this category

 
 
 
Close Window