Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
ആഗോള മലയാളികള്‍ക്കായി ആദ്യത്തെ മലയാളം മാസിക
Editor
പ്രവാസി മലയാളികളുടെ മാധ്യമ ലോകത്ത് ഒരു പുത്തന്‍ കാല്‍വയ്പ്പ്. ആദ്യമായി ഒരു ഓണ്‍ലൈന്‍ മാസിക മലയാളികള്‍ക്കുവേണ്ടി ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരണം ആരംഭിച്ചിരിച്ചിരിക്കുന്നു. പ്രവാസിനിയെന്ന പേരില്‍ ആദ്യം അത്ഭുതംകൊണ്ടവരും തിരിച്ചറിഞ്ഞു, ഇതു കുടുംബിനികള്‍ക്ക് ഉപകാരപ്രദമായ പ്രസിദ്ദീകരണമെന്ന്. ജൂലൈ പതിനാലിന് ലോഞ്ച് ചെയ്ത പ്രവാസിനിക്ക് ഒരാഴ്ചയ്ക്കുള്ളില്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിച്ച ബ്രിട്ടനിലെ കേരളീയര്‍ക്കു നന്ദി. യുകെ മലയാളം പത്രത്തിനു നല്‍കിയ അതേ വരവേല്‍പ്പു നല്‍കിയ വായനക്കാരോടുള്ള അകമഴിഞ്ഞ കടപ്പാടും വിശ്വസ്തതയും പ്രവാസിനിയും കാത്തുസൂക്ഷിക്കുമെന്നത് ഈ ഇന്റര്‍നെറ്റ് പ്രസിദ്ധീകരണങ്ങളുടെ മാതൃസ്ഥാപനത്തിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് സ്‌നേഹപൂര്‍വം അറിയിക്കട്ടെ.

ആഗോള മലയാളി സമൂഹത്തിനുവേണ്ടിയൊരു മാസികയെന്നതാണ് പ്രവാസിനിയുടെ ഉള്ളടക്കം. വായനാശീലമുള്ള പ്രവാസി കുടുംബങ്ങളിലെ വീട്ടമ്മമാര്‍ മലയാളം പ്രസിദ്ധീകരണങ്ങള്‍ വാങ്ങുന്നതും ഓരോ ഫീച്ചറുകളും ആത്മാര്‍ഥതയോടെ അംഗീകരിക്കുന്നതും പ്രവാസിനിയുടെ ഉത്ഭവത്തിനും രൂപപ്പെടലിനും വഴിയൊരുക്കി. വാര്‍ത്തകളില്‍ നിന്നു വിട്ടുമാറി പൂര്‍ണമായും മാസികയെന്ന സങ്കല്‍പ്പമാണ് പ്രവാസിനിയുടെ ഉള്ളടക്കം. വാര്‍ത്തകളുടെ ഉള്ളുകള്ളികള്‍ ചികഞ്ഞും യഥാര്‍ത്ഥ സംഭവങ്ങള്‍ വിവരിച്ചും യുകെമലയാളം നിലനില്‍ക്കുന്നതിനൊപ്പം ഫീച്ചറുകളുടെ ലോകം ഒരു ശാഖയായി തുറന്നു വരുന്നു. പ്രവാസിനിയെന്ന കിളിവാതില്‍ പൂര്‍ണമായും മാനസികോല്ലാസത്തിനുമാത്രം വകനല്‍കുന്നതാണ്.

വാരികകളിലെ നോവലുകളും കഥകളും കവിതകളും കാത്തിരുന്നു വായിച്ചവരാണ് മലയാളികള്‍ . അടുത്ത ലക്കം നോവലിലേക്കുള്ള ഏഴു നാളുകള്‍ എണ്ണിക്കഴിച്ചുകൂട്ടിയ കാലമുണ്ടായിരുന്നു കേരളീയര്‍ക്ക്. അന്ന് മലയാളികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്ന ബാറ്റണ്‍ബോസ് എന്ന പേരിന്റെ സസ്‌പെന്‍സ് ഇന്നും ലൈവാണല്ലോ. മലയാളം ആക്്ഷന്‍ത്രില്ലര്‍ നോവലുകളുടെ തമ്പുരാനെന്നു വിശേഷിപ്പിക്കാവുന്ന ബാറ്റണ്‍ബോസിന്റെ നോവലിലൂടെ വീണ്ടും കഥകളുടെ സസ്‌പെന്‍സുകളിലേക്കു മലയാളികളെ കൊണ്ടുപോവുകയാണ് പ്രവാസിനി. ഡെത്ത് കോള്‍സ് എന്ന പേരില്‍ ആക്്ഷന്‍ ത്രില്ലര്‍ നോവല്‍ പ്രവാസിനിയില്‍ വായിക്കാന്‍ ദിവസങ്ങള്‍കൂടി കാത്തിരിക്കുക. വാരികകളിലെ നോവലുകളില്‍ എന്നും കുടുംബിനികളുടെ പ്രിയപ്പെട്ട എഴുത്തുകാരനെന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള നോവലിസ്റ്റായ കൈപ്പുഴ ജയകുമാറിന്റെ നോവലാണ് ആഗോള പ്രവാസി മലയാളി സമൂഹത്തിന് പ്രവാസിനിയുടെ അടുത്ത സമ്മാനം. ശ്യാമ വര്‍ഷങ്ങള്‍ എന്ന നോവല്‍ ഉടന്‍ പ്രസിദ്ധീകരണം ആരംഭിക്കും.

സീരിയലുകള്‍ കണ്ടു മടുത്തുവെന്ന പല്ലവി അവസാനിച്ച് നല്ല കഥകളുടെ വായനയുടെ ലോകത്തേയ്ക്കു മടങ്ങിപ്പോകാന്‍ മലയാളികളെ ക്ഷണിക്കുകയാണ് പ്രവാസിനി. ബാലസാഹിത്യമെന്നത് അന്യം നിന്നുപോയ വായനയുടെ ലോകമല്ല. പണ്ട് പൂമ്പാറ്റയിലും ബാലരമയിലുമൊക്കെ കേട്ടു പരിചയിച്ച എഴുത്തുകാരന്‍ കുസുംഷലാല്‍ ചെറായിയും അദ്ദേഹത്തിന്റെ പത്‌നിയും കവിയുമായ ശ്രീദേവി ലാലും ചെറുകഥകളും കവിതകളും പ്രവാസ ലോകത്തിനുവേണ്ടി പ്രവാസിനിയില്‍ എഴുതുന്നു. ആരോഗ്യപരിരക്ഷണവും സൗന്ദര്യപരിപാലനവും സിനിമാ താരങ്ങളുടെ വിശേഷങ്ങളും സിനിമ അവലോകനങ്ങളും വായിക്കാന്‍ ഇനി ഷോപ്പുകളില്‍ നിന്നു വാരികകള്‍ വാങ്ങണ്ട. പ്രവാസിനിയെന്ന വാക്കിലെ ഒമ്പത് ലെറ്റേഴ്‌സ് ഇന്റര്‍നെറ്റിലേക്ക് അഡ്രസ് ബാറിലേക്ക് ടൈപ്പ് ചെയ്യൂ. ലോകത്തിന്റെ വിവിധ ഭാഗത്തുള്ള മലയാളികളെ സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു, മാസികയുടെ പുതിയ ലോകത്തേയ്ക്ക്.
 
Other News in this category

 
 




 
Close Window