Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
വീണ്ടും ഓണപ്പുലരിയുടെ സമൃദ്ധി
Editor
സമൃദ്ധിയുടെ ഓണത്തിനു സുന്ദരമായ നാന്ദി. പത്തുനാളെണ്ണിക്കാത്തിരിക്കുന്ന മലയാളിയുടെ ആഘോഷത്തിന് കുറവുകളൊന്നുമില്ല ഇത്തവണയും. പതിവുപോലെ പലചരക്കു കടകളിലും തുണിക്കടകളിലും തിരക്കു തുടങ്ങിക്കഴിഞ്ഞു. യുകെയില്‍ വിവിധ അസോസിയേഷനുകളുടെ ഓണാഘോഷങ്ങളുടെ തീയതികള്‍ പ്രഖ്യാപിച്ച് അറിയിപ്പുകള്‍ വന്നുകൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യ സമരത്തിനു ശേഷം ഇന്ത്യ കണ്ട മറ്റൊരു പ്രധാന പൊതു സമരത്തിന്റെ പടിക്കല്‍ നിന്നുകൊണ്ടാണ് ഇത്തവണത്തെ ഓണമെന്നത് 2011ന്റെ സവിശേഷത. മനുഷ്യ മനസാക്ഷിയെ വിറപ്പിച്ച് വേള്‍ഡ് ട്രേഡ് സെന്ററില്‍ വിമാനം ഇടിച്ചിറക്കിയ സെപ്റ്റംബര്‍ പതിനൊന്നിന്റെ ദുരന്തസ്മരണയ്ക്കു തൊട്ടു മുമ്പാണ് ഇത്തവണ ഓണം. സ്വാതന്ത്ര്യത്തിനുള്ള നീക്കങ്ങളില്‍ ഈജിപ്ത് മുതല്‍ ലിബിയ വരെയുള്ള സാക്ഷ്യങ്ങളുടെ പുതുവെളിച്ചം ഈ യുഗത്തിന്റെ വലിയ സംഭവങ്ങള്‍. കള്ളവും ചതിയും പൊളിവചനങ്ങളുമില്ലാത്ത ലോകം സൃഷ്ടിക്കപ്പെടും എന്ന പ്രതീക്ഷയില്‍ നിന്നു മാറാതെ തന്നെ ഇത്തവണയും പൂക്കളമൊരുക്കാം.

പതിവ് ആഘോഷങ്ങളുടെ ചിട്ടവട്ടങ്ങള്‍ മതിയോ ഇത്തവണയും? ഇതൊരു ചോദ്യമല്ല. ഉള്ളറിഞ്ഞുള്ള ചിന്തയ്ക്കുള്ള പ്രേരണയാണ്. ഗാന്ധിയനായ അന്ന ഹസാരെ അഴിമതിക്കെതിരേ നടത്തിയ സമരംപോലെ പൊതുസമൂഹത്തിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാന്‍കൂടി ശ്രമിക്കേണ്ടത് ആവശ്യമല്ലേ. ഒരാള്‍ക്ക് ഒറ്റയ്ക്കു ചെയ്യാന്‍ പറ്റാത്ത കാര്യമായതുകൊണ്ടാണ് ഓണംപോലെയൊരു നല്ല മുഹൂര്‍ത്തത്തിന്റെ കൂട്ടായ്മയില്‍ ഇങ്ങനെയൊരു ആശയം മുന്നോട്ടു വയ്ക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളും ഉദ്യോഗസ്ഥരും നടത്തുന്ന അഴിമതികള്‍ അന്വേഷിക്കാന്‍ ഒരു പൊതു അന്വേഷണ ഏജന്‍സിയെ സൃഷ്ടിക്കുന്ന നിയമം പാസാക്കണമെന്നാണ് അന്ന ഹസാരെ ആവശ്യപ്പെട്ടത്. ഇലക്ഷന്‍ കമ്മീഷന്‍ പോലെ സ്വതന്ത്ര ബോഡിയായി അതു പ്രവര്‍ത്തിക്കണം. പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ച് ഇതു പാസാക്കാന്‍ വര്‍ഷം കുറേയായി കാത്തിരിക്കുന്നു. അന്ന ഹസാരെ പന്ത്രണ്ടു ദിവസം ജലപാനം മാത്രം നടത്തി പന്തലില്‍ സമരം തുടങ്ങിയപ്പോള്‍ ലക്ഷക്കണക്കിനാളുകള്‍ പിന്തുണയുമായെത്തി. നാലഞ്ചു മാസംകൊണ്ട് അന്ന ഹസാരെ ലോകപ്രശസ്തനായി. ഡെയ്‌ലി മെയ്ല്‍ ഉള്‍പ്പെടെയുള്ള ഇംഗ്ലീഷ് പത്രങ്ങള്‍ രണ്ടാം ഗാന്ധി എന്നു ഹസാരെയെ വിളിക്കാനുള്ള സാഹസത്തിനു വരെ മുതിര്‍ന്നു. ഇത്തരത്തിലുള്ള വലിയ പോരാട്ടങ്ങള്‍ക്ക് ഇറങ്ങിപ്പുറപ്പെട്ടില്ലെങ്കിലും സ്വന്തം നാടിന്റെ വികസനത്തിനോ, പുരോഗമനത്തിനോ, അവശ വിഭാഗത്തിന്റെ കണ്ണീരൊപ്പാനോ ഒരു ശ്രമം നടത്തിക്കൂടേ. അധ്വാനിച്ചുണ്ടാക്കുന്നതില്‍ വളരെ ചെറിയൊരു പങ്ക് അതിനായി നീക്കിവച്ചുകൊണ്ട് ചില സംഘടനകള്‍ ചെയ്യാറുള്ള കാരുണ്യ പ്രവര്‍ത്തി ഓണത്തിന് വിനിയോഗിക്കുന്നത് പ്രവാസ സമൂഹത്തിന്റെ അന്തസും ആഭിജാത്യവും വര്‍ധിപ്പിക്കുകയേയുള്ളൂ.

വിസ നിയമങ്ങളും കുടിയേറ്റക്കാരോടുള്ള സമീപനവും ഓരോ നിമിഷവും കഠിനമാകുന്ന ചുറ്റുപാടില്‍ ഓണത്തിന്റെ മാറ്റു കുറയരുത്. കഴിയുന്നത്രയും ഇംഗ്ലീഷുകാരേയും ക്ഷണിക്കാം ഓണാഘോഷ പരിപാടികള്‍ക്ക്. പായസത്തിന്റെ മധുരം നുകര്‍ന്ന് അവരുടേയും പ്രശംസ കിട്ടട്ടെ മഹാബലിക്ക്. അടുത്ത ഓണം വരാനായി മലയാളികള്‍ കാത്തിരിക്കുന്നതുപോലെ സായിപ്പും കേരളത്തിന്റെ മധുരം കാത്തിരിക്കട്ടെ. കള്ളവും ചതിയുമില്ലാത്ത ഒരു രാജാവിനെ മലയാളികള്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആദരിക്കുകയും വരവേല്‍ക്കുകയും ചെയ്യുന്നുവെന്ന് അവര്‍ നേരിട്ട് മനസിലാക്കട്ടെ. മനസും ഹൃദയവും നിറഞ്ഞ് ഓണത്തെ വരവേല്‍ക്കാം, ഒത്തൊരുമയോടെ.
 
Other News in this category

 
 




 
Close Window