Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.5941 INR  1 EURO=106.5417 INR
ukmalayalampathram.com
Fri 06th Mar 2026
 
 
UK Special
  Add your Comment comment
യുകെയില്‍ കെയര്‍ മേഖലയില്‍ സ്‌പോണ്‍സര്‍ ലൈസന്‍സുകള്‍ വ്യാപകമായി റദ്ദാക്കി
reporter

ലണ്ടന്‍: യുകെയിലെ ആരോഗ്യ-പരിചരണ മേഖലയിലെ വിദേശ തൊഴിലാളികളെ എത്തിക്കുന്നതിനുള്ള സ്‌പോണ്‍സര്‍ഷിപ്പ് ലൈസന്‍സുകള്‍ ഹോം ഓഫിസ് വ്യാപകമായി റദ്ദാക്കുന്നു. വീസ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുക, ജീവനക്കാരെ ചൂഷണം ചെയ്യുക, കുറഞ്ഞ ശമ്പളം നല്‍കുക തുടങ്ങിയ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഇതോടെ കെയര്‍ വീസയില്‍ എത്തിയ ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശ തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയിലായി.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ (2024-2025) 300-ലധികം സ്ഥാപനങ്ങളുടെ ലൈസന്‍സുകളാണ് റദ്ദാക്കിയത്. ഇതില്‍ നൂറിലധികം കഴിഞ്ഞ ആറുമാസത്തിനിടെയാണ് നഷ്ടപ്പെട്ടത്. ലൈസന്‍സ് നഷ്ടപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പുതിയ വിദേശ ജീവനക്കാരെ നിയമിക്കാനോ നിലവിലുള്ളവരുടെ വീസ പുതുക്കാനോ സാധിക്കില്ല.

ഹോം ഓഫിസ് നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയ പ്രധാന നിയമലംഘനങ്ങള്‍:

- മിനിമം വേതനം നല്‍കാതിരിക്കുക

- അമിത ജോലി ഭാരം അടിച്ചേല്‍പ്പിക്കല്‍

- മതിയായ വിശ്രമം നല്‍കാതിരിക്കുക

- ഇല്ലാത്ത തസ്തികകള്‍ കാണിച്ച് വീസ നേടല്‍

- വ്യാജ രേഖകള്‍ ചമയ്ക്കല്‍

- ആവശ്യമായ സൗകര്യങ്ങളോ രോഗികളോ ഇല്ലാതെ ജീവനക്കാരെ നിയമിക്കല്‍

ലൈസന്‍സ് റദ്ദാക്കപ്പെട്ടാല്‍ ജീവനക്കാര്‍ക്ക് 'കര്‍ട്ടെയ്ല്‍മെന്റ് ലെറ്റര്‍' ലഭിക്കും. 60 ദിവസത്തിനുള്ളില്‍ പുതിയൊരു സ്‌പോണ്‍സറെ കണ്ടെത്തുകയോ രാജ്യം വിടുകയോ ചെയ്യേണ്ടിവരും. ഒരേസമയം നിരവധി സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കപ്പെടുന്നതിനാല്‍ പുതിയ ജോലി കണ്ടെത്തുക അതീവ ദുഷ്‌കരമായി മാറിയിരിക്കുകയാണ്.

2024ല്‍ 180-ല്‍ അധികം, 2025ല്‍ 150-ല്‍ അധികം, 2026 ഫെബ്രുവരി വരെ 330-ല്‍ അധികം ലൈസന്‍സുകള്‍ റദ്ദാക്കപ്പെട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യ, നൈജീരിയ, ഫിലിപ്പീന്‍സ്, സിംബാബ്വെ തുടങ്ങിയ രാജ്യങ്ങളിലെ ജീവനക്കാരാണ് പ്രധാനമായും ബാധിക്കപ്പെട്ടത്.

കെയര്‍ മേഖലയിലെ 'അധാര്‍മ്മിക റിക്രൂട്ട്‌മെന്റ്' അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഹോം ഓഫിസ് വക്താക്കള്‍ അറിയിച്ചു. എന്നാല്‍, കൃത്യമായി ജോലി ചെയ്യുന്ന ജീവനക്കാരെ ശിക്ഷിക്കരുതെന്നും, പുതിയ ജോലി കണ്ടെത്താന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും കുടിയേറ്റ സംഘടനകള്‍ ആവശ്യപ്പെടുന്നു.

യുകെയില്‍ സ്‌കില്‍ഡ് വര്‍ക്കര്‍ വീസയില്‍ ജോലി ചെയ്യുന്നവര്‍ തൊഴിലുടമയുടെ ലൈസന്‍സ് സ്റ്റാറ്റസ് ഇടയ്ക്കിടെ പരിശോധിക്കുന്നത് സുരക്ഷിതമാണെന്ന് അറിയിപ്പുണ്ട്

 
Other News in this category

 
 




 
Close Window