Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.75 INR  1 EURO=76.46 INR
ukmalayalampathram.com
Mon 23rd Oct 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
മണ്‍സൂണ്‍ എത്തും, രണ്ടു ദിവസം മുന്‍പേ
reporter

 കൊല്ലം: കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇത്തവണ രണ്ടുദിവസം മുന്‍പേ എത്തും. കാലവര്‍ഷത്തിനു മുന്നോടിയായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം മെയ് 14 ഓടെ ആന്‍ഡമാന്‍ വഴി ബംഗാള്‍ ഉള്‍ക്കടലിലൂടെ കേരളതീരത്ത് പ്രവേശിച്ചുകഴിഞ്ഞു. ആന്‍ഡമാന്‍ കടലില്‍ സാധാരണ ഗതിയില്‍ മെയ് 20 ഓടെ മാത്രമേ ന്യൂനമര്‍ദ്ദം രൂപപ്പെടുകയുള്ളു. സ്ഥിതിഗതികള്‍ അനുകൂലമായതോടെ കേരളത്തില്‍ മെയ് 30ന് തന്നെ കാലവര്‍ഷം ആരംഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. സാധാരണഗതിയില്‍ ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ മഴ തുടങ്ങുന്നത്.

കഴിഞ്ഞ വര്‍ഷം കാര്‍മേഘങ്ങള്‍ ശക്തികുറഞ്ഞാണ് കേരള തീരത്തെത്തിയത്. എന്നാല്‍ ഇക്കുറി നല്ല മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ ഏജന്‍സികള്‍ പറയുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ജൂണ്‍ അഞ്ചിന് ശേഷം മാത്രമേ കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കാറുള്ളൂ. 2013 മാത്രമാണ് ഇതിന് അപവാദം.

ആന്‍ഡമാന്‍ നിക്കോബാറില്‍ മെയ് 16ഓടെ എത്തിയ കാലവര്‍ഷം 29ന് കേരളത്തില്‍ എത്തുമെന്നാണ് 'സ്‌കൈമെറ്റി'ന്റെ പ്രവചനം. കാലവര്‍ഷത്തിനു മുന്നോടിയായി കേരളത്തിന്റെ പല ഭാഗങ്ങളിലും മഴ ശക്തിപ്പെട്ടിട്ടുള്ളത് നല്ലൊരു സൂചനയാണെന്ന് കരുതപ്പെടുന്നു. മെയ് 25ന് ശേഷം മഴ കനക്കുന്നതോടെ കാലവര്‍ഷത്തിന്റെ പ്രവേശനം സുഗമമാകുമെന്നാണ് വിലയിരുത്തല്‍.

'എല്‍നിനോ' പ്രതിഭാസത്തെ ശിഥിലീകരിക്കുന്ന 'ഇന്ത്യന്‍ ഓഷന്‍ ഡൈപോള്‍' എന്ന ഘടകത്തിന്റെ സാന്നിദ്ധ്യമാണ് മികച്ച കാലവര്‍ഷത്തിന് അനുകൂലമായിട്ടുള്ളത്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ചൂട് കൂടുകയും കിഴക്കുഭാഗത്ത് തണുപ്പേറുകയും ചെയ്യുന്നതാണ് ഡൈപോളിന്റെ പോസിറ്റീവ് ഘടകം. രാജ്യത്തിന്റെ കിഴക്ക് ഭാഗത്തെ ബംഗാള്‍ ഉള്‍ക്കടലിനും പടിഞ്ഞാറ് അറേബ്യന്‍ സമുദ്രത്തിന്റെയും ഊഷ്മാവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് ഇന്ത്യന്‍ ഓഷന്‍ ഡൈപോളിനെ നിയന്ത്രിക്കുന്നത്. 'ഇന്ത്യന്‍ നിനോ' എന്നാണ് ഇതിനെ അറിയപ്പെടുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മഴയുടെ ശക്തി കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നത് ഇതിന്റെ ഏറ്റക്കുറച്ചിലുകള്‍ക്ക് അനുസൃതമായാണ്.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിലൂടെയാണ് രാജ്യത്തിന് ആവശ്യമായ മഴയുടെ എഴുപത് ശതമാനവും ലഭിക്കുന്നത്. കാലവര്‍ഷം മെച്ചപ്പെടുന്നതോടെ കാര്‍ഷിക ഉല്‍പ്പാദനം മെച്ചപ്പെടുകയും അതുവഴി സമ്പദ്വ്യവസ്ഥ ശക്തിപ്പെടുകയും ചെയ്യും. മെച്ചപ്പെട്ട മഴ ലഭിക്കുന്നതോടെ വരും മാസങ്ങളില്‍ പണപ്പെരുപ്പത്തിന്റെ തോത് കുറയുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.

 
Other News in this category

 
 




 
Close Window