ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം മനുഷ്യരുടെ നേരിട്ടുള്ള ഇടപെടലും വലിയ സ്വാധീനം ചെലുത്തുന്നതായി പഠനം. എവറസ്റ്റ് ബേസ് ക്യാമ്പില്‍ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നതെന്നും ഇതില്‍ നിന്നുള്ള ചൂടും ലവണാംശവും ഖുംബു ഹിമാനിയിലെ മഞ്ഞുരുകലിന് കാരണമാകുന്നതായും പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. നേപ്പാള്‍, യുഎസ് ഗവേഷക സംഘം സംയുക്തമായി നടത്തിയ പഠനം റീജിണല്‍ എന്‍വയോണ്‍മെന്റല്‍ ചെയ്ഞ്ച് (Regional Environmental Change) എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചത്. നേപ്പാളിന്റെ ഖുംബു ഹിമാനിയിലാണ് എവറസ്റ്റ് ബേസ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. ഉയര്‍ന്ന പ്രദേശത്ത് നിര്‍ജലീകരണം ഒഴിവാക്കാന്‍ പര്‍വതാരോഹകരും ഗൈഡുമാരും വലിയ അളവില്‍ വെള്ളം കുടിക്കുന്നതിനാലാണ് മൂത്രത്തിന്റെ അളവ് ഇത്രയും ഉയരുന്നതെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഖരമാലിന്യം ശേഖരിച്ച് താഴേക്ക് കൊണ്ടുപോകുന്ന സംവിധാനമുണ്ടെങ്കിലും മൂത്രത്തിന്റ വലിയൊരു ഭാഗവും നേരിട്ട് ഹിമാനിയിലേക്കാണ് ഒഴുക്കുന്നതെന്ന് പഠനം പറയുന്നു. ഒരു സീസണില്‍ മനുഷ്യ മൂത്രത്തില്‍ നിന്നുള്ള ചൂട് മാത്രം ഏകദേശം 154 ടണ്‍ മഞ്ഞ് ഉരുകാന്‍ കാരണമാകാമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍.
എന്നാല്‍, മൂത്രം മാത്രമല്ല പ്രശ്‌നം. 2023 -ലെ വസന്തകാല കയറ്റ സീസണില്‍ ബേസ് ക്യാമ്പിലെ ഏകദേശം 1600 ടെന്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ എല്‍പിജി, മണ്ണെണ്ണ, പെട്രോള്‍ തുടങ്ങിയ ഇന്ധനങ്ങള്‍ വലിയ തോതില്‍ ഉപയോഗിക്കപ്പെട്ടു. ഇന്ധന ഉപയോഗവും മൂത്രത്തില്‍ നിന്നുള്ള ചൂടും ചേര്‍ന്ന് ഒരു സീസണില്‍ ഏകദേശം 2,492 ടണ്‍ മഞ്ഞും മഞ്ഞുപാളികളും ഉരുകാന്‍ ശേഷിയുള്ള ചൂടാണ് സൃഷ്ടിച്ചതെന്ന് പഠനം വിലയിരുത്തുന്നു. 1991 മുതല്‍ 2023 വരെയുള്ള ഉപഗ്രഹ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ ബേസ് ക്യാമ്പിലെ ഉപരിതല താപനില പ്രതിവര്‍ഷം ശരാശരി 0.28 ഡിഗ്രി സെല്‍ഷ്യസ് വീതം ഉയര്‍ന്നതായും കണ്ടെത്തി. ഇത് സമീപത്തെ മഞ്ഞുമേഖലയിലെ താപനില വര്‍ധനയുടെ ഏകദേശം ഇരട്ടിയാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. കാലാവസ്ഥാ വ്യതിയാനമാണ് ഹിമാനി ഉരുകലിന്റ പ്രധാന കാരണം. എന്നാല്‍, ആയിരക്കണക്കിന് മനുഷ്യര്‍ വര്‍ഷംതോറും ഉരുകിക്കൊണ്ടിരിക്കുന്ന ഹിമാനിയില്‍ കേന്ദ്രീകരിക്കുന്നത് ദീര്‍ഘകാലത്തേക്ക് സുസ്ഥിരമല്ലെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബേസ് ക്യാമ്പ്, സമീപത്തെ സ്ഥിരതയുള്ള, മഞ്ഞില്ലാത്ത പ്രദേശത്തേക്ക് മാറ്റുന്നതും പരിഗണിക്കണമെന്നാണ് പഠനത്തിലെ നിര്‍ദേശം.