Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4345 INR
ukmalayalampathram.com
Mon 29th Jun 2026
 
 
UK Special
  Add your Comment comment
യുകെയില്‍ മലയാളി യുവാവിന് ലൈംഗികാതിക്രമ കേസില്‍ 11 വര്‍ഷം ആറുമാസം തടവ്; ശിക്ഷയ്ക്ക് ശേഷം നാടുകടത്തും
reporter

വെയില്‍സ്/ലണ്ടന്‍: യുകെയിലെ നോര്‍ത്ത് വെയില്‍സില്‍ ഗുരുതര ലൈംഗിക കുറ്റകൃത്യങ്ങളില്‍ മലയാളി യുവാവിന് 11 വര്‍ഷവും ആറുമാസവും തടവുശിക്ഷ. കോള്‍വിന്‍ ബേയില്‍ താമസിച്ചിരുന്ന വിഷ്ണു രമാദേവി എന്ന 39 കാരനെയാണ് മോള്‍ഡ് ക്രൗണ്‍ കോടതി ശിക്ഷിച്ചത്. ശിക്ഷയുടെ നിയമപരമായ കാലയളവ് പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ യുകെയില്‍ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. പീഡനം, ലൈംഗികാതിക്രമം, മൂര്‍ച്ചയുള്ള ആയുധം കാട്ടി ഭീഷണിപ്പെടുത്തല്‍, മനഃപൂര്‍വം കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങളിലാണ് ഇയാള്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. 2025 നവംബറില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നോര്‍ത്ത് വെയില്‍സ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പരാതി നല്‍കാനെത്തിയ യുവതിക്കൊപ്പം പിന്തുണയ്ക്കാനെത്തിയ മറ്റൊരു സ്ത്രീയും അതേ പ്രതിയില്‍ നിന്ന് ലൈംഗികവും ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ നേരിട്ടതായി അന്വേഷണത്തില്‍ കണ്ടെത്തി.

മര്‍ദനം, ലൈംഗികാതിക്രമം, നിരന്തര ഭീഷണി, മൊബൈല്‍ ഫോണ്‍ നിരീക്ഷണം തുടങ്ങിയ പീഡനങ്ങളാണ് ഇരകള്‍ നേരിട്ടതെന്ന് അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കി. തുടര്‍ന്ന് വിഷ്ണു രമാദേവിയെ അറസ്റ്റ് ചെയ്ത് വിവിധ വകുപ്പുകള്‍ ചുമത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ എല്ലാ കുറ്റങ്ങളും നിഷേധിച്ച പ്രതി, പരാതിക്കാരായ സ്ത്രീകള്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയതാണെന്ന വാദവും ഉന്നയിച്ചിരുന്നു. എന്നാല്‍ വിചാരണ ആരംഭിച്ച ആദ്യദിനം തന്നെ ഇയാള്‍ കുറ്റം സമ്മതിച്ചു. പരാതിക്കാരില്‍ നിന്ന് ശേഖരിച്ച ഡിഎന്‍എ തെളിവുകളും മറ്റ് ശാസ്ത്രീയ തെളിവുകളും കേസില്‍ നിര്‍ണായകമായതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതിയുടെ കുറ്റസമ്മതവും മുന്‍പരാതികള്‍ ഇല്ലായിരുന്നുവെന്ന സാഹചര്യവും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല.

ശിക്ഷ വിധിക്കവെ ജഡ്ജി തിമോത്തി പെറ്റ്സ് പ്രതിയുടെ പെരുമാറ്റത്തെ ''ഭയാനകം'' എന്ന് വിശേഷിപ്പിച്ചു. രണ്ട് സ്ത്രീകളെ ദീര്‍ഘകാലം ഗുരുതരമായ ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്ക് വിധേയരാക്കിയ പ്രതി ''അപകടകാരിയായ കുറ്റവാളി''യാണെന്നും കോടതി നിരീക്ഷിച്ചു. വിധിക്ക് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥയായ ഡിറ്റക്ടീവ് കോണ്‍സ്റ്റബിള്‍ കാതറിന്‍ ഫാരിങ്ടന്‍ അതിജീവിതകളുടെ ധൈര്യത്തെ അഭിനന്ദിച്ചു. നീണ്ടുനിന്ന ഗുരുതര കുറ്റകൃത്യങ്ങളുടെ പരമ്പരയാണ് പ്രതി നടത്തിയതെന്നും, കോടതിയില്‍ മൊഴി നല്‍കേണ്ടിവരുമെന്ന സാഹചര്യത്തിലും ധൈര്യത്തോടെ മുന്നോട്ടുവന്ന അതിജീവിതകള്‍ക്ക് ഈ വിധി നീതിയുടെ ആശ്വാസം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നത് നോര്‍ത്ത് വെയില്‍സ് പൊലീസിന്റെ പ്രധാന പരിഗണനയാണെന്നും, സമാനമായ പീഡനങ്ങള്‍ നേരിടുന്നവര്‍ ഭയപ്പെടാതെ പൊലീസിനെ സമീപിക്കണമെന്നും പൊലീസ് അറിയിച്ചു.

 
Other News in this category

 
 




 
Close Window