Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.3532 INR  1 EURO=109.9868 INR
ukmalayalampathram.com
Sat 08th Aug 2026
 
 
എഡിറ്റോറിയല്‍
  Add your Comment comment
കിങ് ഓഫ് ദി നോര്‍ത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും....? ജൂലൈ 17ന് ചിത്രം തെളിയും
Editor
വലിയ പ്രതീക്ഷകള്‍ നല്‍കി ഭരണം ഏറ്റെടുത്ത ലേബര്‍ സര്‍ക്കാരിന് ഇങ്ങനെയൊരു പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് പ്രതിപക്ഷമായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പോലും കരുതിയിരുന്നില്ല. സ്വന്തം പാര്‍ട്ടിയില്‍ നിന്നുണ്ടായ കടുത്ത സമ്മര്‍ദമാണ് കിയര്‍ സ്റ്റാര്‍മറെ പ്രധാനമന്ത്രി സ്ഥാനത്തു നിന്നു രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാക്കിയത്. അടുത്ത ഇലക്ഷന്‍ വരുമ്പോള്‍ റിഫോം പാര്‍ട്ടി എന്തൊക്കെ നേട്ടങ്ങള്‍ ഉണ്ടാക്കുമെന്ന് ആശങ്കയ്ക്കിടെ ലേബറിനും ടോറികള്‍ക്കും വലിയ കീറാമുട്ടിയാണ് നിലവില്‍ ഉരുത്തിരിഞ്ഞിരിക്കുന്ന രാഷ്ട്രീയ സാഹചര്യം. ആരാകും അടുത്ത പ്രധാനമന്ത്രി എന്ന ചോദ്യത്തിന് ലേബറുകള്‍ പൂര്‍ണ മനസ്സോടെ നല്‍കുന്ന പേര് ആന്‍ഡി ബേണ്‍ എന്ന നേതാവിന്റേതാണ്. കിങ് ഓഫ് ദി നോര്‍ത്ത് എന്നറിയപ്പെടുന്ന ആന്‍ഡി അടുത്ത പ്രധാനമന്ത്രിയാകാന്‍ യോഗ്യനാണ്.
ലേബര്‍ പാര്‍ട്ടിയുടെ പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള നാമനിര്‍ദേശ നടപടികള്‍ ജൂലൈ ഒന്‍പതിന് ആരംഭിക്കും. ഒന്നിലധികം സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടെങ്കില്‍ പാര്‍ട്ടി അംഗങ്ങളുടെ വോട്ടെടുപ്പിലൂടെ സെപ്റ്റംബറോടെ പുതിയ നേതാവിനെ തിരഞ്ഞെടുക്കും. എന്നാല്‍ ബേണ്‍ഹാമിന് എതിരാളിയില്ലാത്ത സാഹചര്യമുണ്ടായാല്‍ അധികാരക്കൈമാറ്റം അതിനുമുമ്പ് നടക്കാനും സാധ്യതയുണ്ട്. പാര്‍ലമെന്റിലെയും പ്രാദേശിക ഭരണരംഗത്തെയും ദീര്‍ഘകാല പരിചയം, വടക്കന്‍ ഇംഗ്ലണ്ടിലെ ജനപിന്തുണ, റിഫോം യുകെയെ പ്രതിരോധിക്കാനുള്ള കഴിവ് എന്നിവയാണ് ബേണ്‍ഹാമിന്റെ പ്രധാന ശക്തികള്‍.
പുതിയ നേതാവാകാന്‍ ആഗ്രഹിക്കുന്ന ലേബര്‍ എംപിമാര്‍ക്ക് ജൂലൈ 9 മുതല്‍ 15 വരെ നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. സ്ഥാനാര്‍ഥിത്വം ഉറപ്പാക്കാന്‍ 81 ലേബര്‍ എംപിമാരുടെ പിന്തുണ ആവശ്യമാണ്. തുടര്‍ന്ന് ജൂലൈ 16-നകം ട്രേഡ് യൂണിയനുകള്‍ ഉള്‍പ്പെടെയുള്ള അനുബന്ധ സംഘടനകളില്‍ നിന്നുള്ള പിന്തുണയും നേടണം. ഈ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഏക സ്ഥാനാര്‍ഥി ആന്‍ഡി ബേണ്‍ഹാം മാത്രമാണെങ്കില്‍, ജൂലൈ 17-ന് ചേരുന്ന പ്രത്യേക ലേബര്‍ സമ്മേളനത്തില്‍ അദ്ദേഹത്തെ ഔദ്യോഗികമായി പാര്‍ട്ടി നേതാവായി പ്രഖ്യാപിക്കും. തുടര്‍ന്ന് രാജാവിന്റെ ഔപചാരിക അംഗീകാരത്തോടെ അദ്ദേഹം പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും.
2017ല്‍ എംപി സ്ഥാനം ഒഴിഞ്ഞ ബേണ്‍ഹാം ഗ്രേറ്റര്‍ മാഞ്ചസ്റ്ററിന്റെ ആദ്യമായി നേരിട്ടു തിരഞ്ഞെടുക്കപ്പെട്ട മേയറായി. 2021ലും 2024ലും അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പൊതുഗതാഗതം, ഭവനരഹിതരുടെ പുനരധിവാസം, പ്രാദേശിക അധികാരവികേന്ദ്രീകരണം തുടങ്ങിയ മേഖലകളിലെ ഇടപെടലുകളിലൂടെയാണ് ബേണ്‍ഹാം ദേശീയ ശ്രദ്ധ നേടിയത്. ബസുകളും ട്രാമുകളും ഉള്‍പ്പെടുന്ന ഏകീകൃത പൊതുഗതാഗത സംവിധാനമായ 'ബീ നെറ്റ്വര്‍ക്ക്' അദ്ദേഹത്തിന്റെ ഭരണകാലത്തെ പ്രധാന നേട്ടങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. മേക്കര്‍ഫീല്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ ഒന്‍പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച അദ്ദേഹം വീണ്ടും വെസ്റ്റ്മിന്‍സ്റ്ററിലെത്തി. എംപിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍സ്ഥാനം സ്വാഭാവികമായി നഷ്ടമായി.
കോവിഡ് കാലത്ത് വടക്കന്‍ ഇംഗ്ലണ്ടിന് കൂടുതല്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് അന്നത്തെ കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് ബേണ്‍ഹാമിന് 'കിങ് ഓഫ് ദ നോര്‍ത്ത്' എന്ന വിശേഷണം ലഭിച്ചത്. ലണ്ടന്‍ കേന്ദ്രീകൃത രാഷ്ട്രീയത്തിനു പകരം നഗരങ്ങളുടെയും പ്രാദേശിക സമൂഹങ്ങളുടെയും താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നേതാവെന്ന പ്രതിച്ഛായയാണ് അദ്ദേഹം വളര്‍ത്തിയെടുത്തത്. റിഫോം യുകെ നേതാവ് നൈജല്‍ ഫാരേജിന്റെ രാഷ്ട്രീയ മുന്നേറ്റത്തെ ഫലപ്രദമായി നേരിടാന്‍ കഴിയുന്ന നേതാവായി ബേണ്‍ഹാമിനെ ലേബര്‍ എംപിമാരില്‍ വലിയൊരു വിഭാഗം കാണുന്നു.
ലിവര്‍പൂള്‍ ഫുട്ബോള്‍ ക്ലബ്ബിന്റെ കടുത്ത ആരാധകനായ ബേണ്‍ഹാം ഹില്‍സ്ബറോ സ്റ്റേഡിയം ദുരന്തത്തിലെ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നീതി ലഭ്യമാക്കാനുള്ള പോരാട്ടത്തിലും സജീവമായി ഇടപെട്ടിരുന്നു. ഇതിലൂടെ ലിവര്‍പൂളിലും മെഴ്‌സിസൈഡ് മേഖലയിലും അദ്ദേഹത്തിന് വലിയ ജനപിന്തുണ ലഭിച്ചു. മാരി-ഫ്രാന്‍സ് വാന്‍ ഹീലിനെയാണ് ബേണ്‍ഹാം വിവാഹം കഴിച്ചിരിക്കുന്നത്. ദമ്പതികള്‍ക്ക് മൂന്ന് മക്കളുണ്ട്.
1970 ജനുവരി ഏഴിന് ലിവര്‍പൂളിനു സമീപമുള്ള എയിന്‍ട്രിയില്‍ ജനിച്ച ആന്‍ഡി ബേണ്‍ഹാം ചെഷയറിലെ കള്‍ചെത്തിലാണ് വളര്‍ന്നത്. കൗമാരകാലത്തുതന്നെ ലേബര്‍ പാര്‍ട്ടി രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട അദ്ദേഹം കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഫിറ്റ്‌സ്വില്ല്യം കോളജില്‍ ഇംഗ്ലീഷ് സാഹിത്യം പഠിച്ചു. 2001ല്‍ ലീ മണ്ഡലത്തില്‍നിന്നാണ് അദ്ദേഹം ആദ്യമായി പാര്‍ലമെന്റിലെത്തിയത്. ടോണി ബ്ലെയറുടെയും ഗോര്‍ഡന്‍ ബ്രൗണിന്റെയും സര്‍ക്കാരുകളില്‍ വിവിധ ചുമതലകള്‍ വഹിച്ച ബേണ്‍ഹാം ട്രഷറി ചീഫ് സെക്രട്ടറി, സാംസ്‌കാരിക സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നീ പ്രധാന പദവികളിലും പ്രവര്‍ത്തിച്ചു. 2009 മുതല്‍ 2010 വരെ ആരോഗ്യ സെക്രട്ടറിയായിരുന്ന അദ്ദേഹം എച്ച്1എന്‍1 സൈ്വന്‍ ഫ്ലൂ വ്യാപനകാലത്തെ സര്‍ക്കാര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കിയവരിലൊരാളായിരുന്നു.
 
Other News in this category

 
 




 
Close Window