മികച്ച ജോലിയുണ്ടെങ്കിലും ഓസ്ട്രേലിയയിലെ ജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങാന് ആലോചിക്കുന്നതായി ഇരുപത്തിനാലുകാരിയായ ഇന്ത്യന് നഴ്സ്. നേരിടേണ്ടിവന്ന വംശീയ വിവേചനം, ഏകാന്തത, നാട്ടിലുള്ള അമ്മയുടെ പരിചരണം എന്നിവയാണ് തീരുമാനത്തിന് പിന്നിലെന്ന് യുവതി സമൂഹമാധ്യമത്തില് പങ്കുവച്ച കുറിപ്പില് പറയുന്നു. സ്ഥിരതാമസാനുമതി ലഭിച്ചശേഷം നാട്ടിലേക്ക് മടങ്ങാനാണ് ആലോചന. ആരോഗ്യമേഖലയില് പ്രവര്ത്തിക്കുമ്പോഴും വംശീയ അധിക്ഷേപം നേരിട്ടിട്ടുണ്ടെന്നാണ് യുവതിയുടെ ആരോപണം. മുമ്പ് സ്കൂള് നഴ്സായിരുന്നപ്പോള് ഇന്ത്യന് കുട്ടികളും സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്നത് കണ്ടിട്ടുണ്ടെന്നും അവര് പറയുന്നു. ഭാവിയില് സ്വന്തം കുട്ടികള്ക്കും ഇത്തരം സാഹചര്യങ്ങള് നേരിടേണ്ടിവരുമോയെന്ന ആശങ്കയും കുറിപ്പിലുണ്ട്.
സുഹൃത്തുക്കള് ഇന്ത്യയിലായതിനാല് ഓസ്ട്രേലിയയില് കടുത്ത ഏകാന്തത അനുഭവപ്പെടുന്നുവെന്നും യുവതി വ്യക്തമാക്കി. പിതാവിന്റെ മരണത്തിനുശേഷം അമ്മയുടെ ഏക ആശ്രയം താനാണ്. നാട്ടിലുണ്ടെങ്കില് അമ്മയ്ക്ക് ആവശ്യമായ സമയത്ത് വേഗത്തില് എത്തിച്ചേരാന് കഴിയുമെന്നതാണ് തിരിച്ചുവരവിന് മറ്റൊരു കാരണം. എന്നാല് തീരുമാനം കുടുംബാംഗങ്ങള് പിന്തുണയ്ക്കുന്നില്ലെന്നും യുവതി പറയുന്നു. ഓണ്ലൈനായി സൈബര് സെക്യൂരിറ്റിയില് ബിരുദാനന്തരബിരുദം നേടിയിട്ടുള്ളതിനാല് ഇന്ത്യയിലെത്തിയാല് പുതിയ തൊഴില്മേഖലയിലേക്ക് മാറുന്നതും പരിഗണിക്കുന്നുണ്ട്. കുറിപ്പിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. മനസ്സമാധാനത്തിനും കുടുംബത്തിനും പ്രാധാന്യം നല്കുന്നതില് തെറ്റില്ലെന്ന് ചിലര് അഭിപ്രായപ്പെട്ടു. അതേസമയം, സ്ഥിരതാമസാനുമതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും രാജ്യം മാറുമ്പോഴുള്ള നടപടിക്രമങ്ങളും പരിശോധിച്ചശേഷം തീരുമാനമെടുക്കണമെന്ന് മറ്റുചിലര് നിര്ദേശിച്ചു.