|
മന്ത്രിസഭാ യോഗത്തില്‍ തര്‍ക്കങ്ങളുണ്ടായെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശന്. തങ്ങളുടെ മന്ത്രിസഭാ യോഗമെന്നത് പിണറായിയുടെ മന്ത്രിസഭ പോലെ അല്ലെന്നും എല്ലാവരും പരസ്പരം അഭിപ്രായങ്ങള്‍ പറയുന്നതും തര്‍ക്കിക്കുന്നതും സ്വാഭാവികമാണെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
'ഇന്ന് മന്ത്രിസഭയില്‍ ഒരുപാട് തര്‍ക്കങ്ങളുണ്ടായി ഇത് പിണറായി വിജയന്റെ മന്ത്രിസഭയല്ല. രണ്ടര മണിക്കൂറായിരുന്നു യോഗം. പിണറായി വിജയന് പോക്കറ്റില്‍നിന്ന് ഒരു കടലാസെടുത്താല്‍ എല്ലാം അംഗീകരിക്കുന്ന വിധേയരുടെ മന്ത്രിസഭയല്ല ഇത്. ഒരു മണിക്കൂര്‍ ചര്‍ച്ച ചെയ്തത് ഉന്നത വിദ്യാഭ്യാസ ബില്ലിനെ കുറിച്ചാണ്. പല മന്ത്രിമാരും വ്യത്യസ്ത അഭിപ്രായങ്ങള്‍ പറഞ്ഞു. ചിലര്‍ തമ്മില്‍ തര്‍ക്കിച്ചു. അവസാനം ഒരു തീരുമാനമെടുത്ത് അവസാനിപ്പിക്കാന്‍ എന്നോട് പറഞ്ഞു. എന്തെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടതെന്നും തീരുമാനിച്ചു'.
'എല്‍പിഎസ്ടി സമരത്തെ കുറിച്ചും ചര്‍ച്ച ചെയ്തു. അതില്‍ തര്‍ക്കമില്ല. നിര്‍ദേശങ്ങളാണ് ഉയര്‍ന്നത്. സമരം ചെയ്യുന്നവരുടെ ആരോഗ്യത്തെ സംബന്ധിച്ചായിരുന്നു ഞങ്ങളുടെ വേവലാതി. അവരുടെ ആരോഗ്യത്തില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണ്. ചര്‍ച്ചയില്‍ സര്‍ക്കാര്‍ എടുക്കേണ്ട നിലപാടാണ് ഞങ്ങള്‍ ചര്‍ച്ച ചെയ്തത്. ഇതാണ് ജനാധിപത്യം. എല്‍ഡിഎഫ് സര്‍ക്കാരിലേത് പോലെ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കില്ല. തര്‍ക്കങ്ങള്‍ ഉണ്ടാകും, വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാകും. അവസാനം തീരുമാനവും ഉണ്ടാകും. ഏറ്റവും ജൂനിയറായിട്ടുള്ള ജനീഷുവരെ എന്റെ മുഖത്ത് നോക്കി അഭിപ്രായം പറയും. പറയണം. അപ്പോഴാണ് നല്ല നിര്‍ദേശങ്ങള്‍ വരിക'- മുഖ്യമന്ത്രി പറഞ്ഞു. |