|
പാലക്കാട് ഒറ്റപ്പാലത്ത് നിന്ന് ഭീകരവാദ സംഘങ്ങളുമായി ബന്ധമുള്ള യുവാവ് അറസ്റ്റില്‍. ഭീകരവാദ പ്രവര്‍ത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടത്തിന് ശ്രമിച്ച 27 വയസ്സുകാരനായ ഗുരുമൂര്‍ത്തിയാണ് അറസ്റ്റിലായത്. ഇയാള്‍ മഹാരാഷ്ട്ര സ്വദേശിയാണ്. ഒറ്റപ്പാലം തൃക്കങ്ങോട്ടുള്ള സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. തൃശ്ശൂര്‍ റേഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ സംഘം എത്തിയാണ് യുവാവിനെ കഴിഞ്ഞദിവസം പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
രാജ്യവിരുദ്ധ സാമ്പത്തിക പ്രവര്‍ത്തനം നടത്തിയതായാണ് വിവരം. കുറ്റകൃത്യം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല. ഭീകരപ്രവര്‍ത്തനം ആസൂത്രണം ചെയ്യുകയോ അതിനായി ഗൂഢാലോചന നടത്തുകയോ സഹായിക്കുകയോ ചെയ്താല്‍ ചുമത്തുന്ന യുഎപിഎ അണ്ടര്‍ സെക്ഷന്‍ 18 ഉള്‍പ്പെടുന്ന വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്. |