Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 22nd Oct 2026
 
 
Teens Corner
  Add your Comment comment
യുക്മ ദേശീയ കലാമേള നവംബര്‍ 7 ശനിയാഴ്ച ചെല്‍റ്റന്‍ഹാമിലെ സലിംകുമാര്‍ നഗറില്‍
Text By: Kurian George
പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബര്‍ 07 ശനിയാഴ്ച ഗ്ളോസ്ററര്‍ഷെയറിലെ ചെല്‍റ്റന്‍ഹാം ക്ളീവ് സ്‌കൂളില്‍ വെച്ച് നടക്കും. ഇംഗ്ളണ്ട്, വെയിത്സ്, സ്‌കോട്ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്റ് എന്നിവിടങ്ങളിലെ നൂറ്റി അറുപതിലേറെ പ്രാദേശിക മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ (യൂണിയന്‍ ഓഫ് യുണൈറ്റഡ് കിംങ്ഡം മലയാളി അസോസിയേഷന്‍സ്) ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയാണ്.

പ്രവാസ ലോകത്തെ മലയാളികളുടെ ഏറ്റവും വലിയ കലാ മത്സരമായ യുക്മ ദേശീയ കലാമേളയുടെ ലോഗോ, നഗര്‍ നാമനിര്‍ദ്ദേശക മത്സരങ്ങളുടെ വിജയികളെ യുക്മ ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. യു കെ മലയാളികള്‍ക്കായി നടത്തിയ ലോഗോ, നഗര്‍ നാമനിര്‍ദ്ദേശക മത്സരങ്ങളില്‍ നിരവധിയാളുകള്‍ വളരെ താല്പര്യപൂര്‍വ്വം പങ്കെടുത്തു. കലാമേള നഗറിനായി അന്തരിച്ച പ്രശസ്ത മലയാളി നടന്‍ സലിംകുമാറിന്റെ സ്മരണയ്ക്കായി 'സലിംകുമാര്‍ നഗര്‍' എന്ന് നാമനിര്‍ദ്ദേശം ചെയ്യുവാന്‍ യുക്മ ദേശീയ സമിതി തീരുമാനിച്ചതായി പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യന്‍ അറിയിച്ചു.

സ്‌കൂള്‍, കോളേജ് യുവജനോത്സവങ്ങളിലൂടെ കലാജീവിതം തുടങ്ങിയ സലിംകുമാര്‍, മിമിക്രി ട്രൂപ്പുകളിലൂടെയും ടി വി ഷോകളിലൂടെയും മലയാളികളുടെ മനസ്സില്‍ ഇടം നേടി. 1996 മുതല്‍ മലയാള സിനിമയില്‍ കോമഡി റോളുകളിലൂടെ അഭിനയ ജീവിതം തുടങ്ങിയ സലിംകുമാര്‍ പെരുമഴക്കാലം, അഛനുറങ്ങാത്ത വീട് എന്നീ ചിത്രങ്ങളിലൂടെ തന്റെ അഭിനയമികവ് പുറത്തെടുത്തു. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ സലിംകുമാര്‍ സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളിലും തന്റേതായ ഇടം മലയാള സിനിമയില്‍ നേടിയെടുത്തു. മികച്ച തിരക്കഥാകൃത്ത്, മികച്ച സഹനടന്‍ എന്നിവ ഉള്‍പ്പടെയുള്ള നിരവധി കേരള സംസ്ഥാന അവാര്‍ഡുകളും മറ്റ് നിരവധി ടെലിവിഷന്‍ അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തി. മുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച സലിംകുമാര്‍ തന്റെ ജീവിതാനുഭവങ്ങളും ഓര്‍മ്മകളും കോര്‍ത്തിണക്കി എഴുതിയ പുസ്തകം 'ഈശ്വരാ വഴക്കില്ലല്ലോ' ഒരു മികച്ച വായനാനുഭവമാണ് മലയാളികള്‍ക്ക് സമ്മാനിച്ചത്.

ദേശീയ കലാമേള 2026 ലോഗോ, നഗര്‍ നാമനിര്‍ദ്ദേശക മത്സരങ്ങളില്‍ നിരവധിയാളുകള്‍ വളരെ ആവേശപൂര്‍വ്വം പങ്കെടുത്തു. ലോഗോ മത്സരത്തില്‍ കീത്ത്ലി മലയാളി അസോസിയേഷനില്‍ നിന്നുള്ള ഫെര്‍ണാണ്ടസ് വര്‍ഗീസ് വിജയിയായപ്പോള്‍ നഗര്‍ നാമനിര്‍ദ്ദേശക മത്സരത്തില്‍ കവന്‍ട്രി കേരള കമ്മ്യൂണിറ്റിയിലെ ലിന്‍സിയ ജിനോ വിജയിയായി. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കീത്ത്ലി മലയാളി അസോസിയേഷനില്‍ നിന്നുള്ള അംഗങ്ങള്‍ ലോഗോ മത്സരത്തില്‍ വിജയികളാകുന്നത്.

നിരവധി മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ലോഗോ ഡിസൈന്‍ മത്സരത്തില്‍ ആകര്‍ഷകങ്ങളായ നിരവധി ലോഗോകളില്‍ നിന്നാണ് യുക്മ ദേശീയ സമിതി വിജയിയെ തിരഞ്ഞെടുത്തത്. ഒരു ചിത്രകാരന്‍ എന്ന നിലയില്‍ യുകെ മലയാളികള്‍ക്കിടയില്‍ ഏറെ പ്രശസ്തനായ ഫെര്‍ണാണ്ടസ് താന്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനങ്ങള്‍ യുകെയിലെ വിവിധ നഗരങ്ങളില്‍ നടത്തിയിട്ടുണ്ട്. നഗര്‍ നാമനിര്‍ദ്ദേശക മത്സരത്തില്‍ അന്തരിച്ച പ്രതിഭകളായ എസ്സ്. ജാനകി, ശ്രീനിവാസന്‍, സൂര്യ കൃഷ്ണമൂര്‍ത്തി ഉള്‍പ്പടെ നിരവധി പേരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടുവെങ്കിലും സലിംകുമാറിന്റെ പേരാണ് കൂടുതലാളുകള്‍ നിര്‍ദ്ദേശിച്ചത്. സലിംകുമാറിന്റെ പേര് നിര്‍ദ്ദേശിച്ചവരില്‍ നിന്നും നറുക്കെടുത്താണ് ലിന്‍സിയ ജിനോയെ വിജയിയായി പ്രഖ്യാപിച്ചത്. കവന്‍ട്രി & വാര്‍വിക്ഷയര്‍ എന്‍.എച്ച്.എസ്സ് ട്രസ്റ്റില്‍ കമ്മ്യൂണിറ്റി നഴ്‌സ് ടീം ലീഡാണ് ലിന്‍സിയ.

പതിനേഴാമത് ദേശീയ കലാമേള ലോഗോ മത്സരത്തില്‍ വിജയിയായ ഫെര്‍ണാണ്ടസ് വര്‍ഗീസിന് പ്രശസ്തി ഫലകവും ക്യാഷ് അവാര്‍ഡും നഗര്‍ നാമനിര്‍ദ്ദേശക മത്സര വിജയിയായ ലിന്‍സിയ ജിനോയ്ക്ക് പ്രശസ്തി ഫലകവും നവംബര്‍ 07ന് ചെല്‍റ്റന്‍ഹാമിലെ ദേശീയ കലാമേള വേദിയില്‍ വെച്ച് സമ്മാനിക്കുന്നതാണെന്ന് ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു.

ഒക്ടോബര്‍ 03, 10, 17 തീയതികളിലായി നടത്തപ്പെട്ട റീജിയണല്‍ കലാമേളകളില്‍ നിന്ന് വിജയികളായ നൂറ് കണക്കിന് കലാകാരന്മാരും കലാകാരികളുമാണ് യുക്മ ദേശീയ കലാമേള 2026 ല്‍ പങ്കെടുക്കുവാന്‍ നവംബര്‍ 07 ന് ചെല്‍റ്റന്‍ഹാമില്‍ എത്തിച്ചേരുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. പതിനേഴാമത് യുക്മ ദേശീയ കലാമേള ഒരു ചരിത്ര വിജയമാക്കുവാനുള്ള ഒരുക്കങ്ങളിലാണ് സംഘാടകര്‍.

യുക്മ സൌത്ത് വെസ്റ്റ് റീജിയണ്‍ ആതിഥേയത്വം വഹിക്കുന്ന പതിനേഴാമത് ദേശീയ കലാമേള ഗ്ളോസ്റ്റര്‍ഷയറിലെ ചെല്‍റ്റന്‍ഹാമിലാണ് ഇക്കുറിയും നടക്കുന്നത്. കുതിരയോട്ട മത്സരങ്ങള്‍ക്കും ഫെസ്റ്റിവലുകള്‍ക്കും പ്രസിദ്ധമായ ചെല്‍റ്റന്‍ഹാം തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് യുക്മ ദേശീയ കലാമേളയ്ക്ക് അരങ്ങൊരുക്കുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കലാകാരന്‍മാരെയും കലാകാരികളെയും യുക്മ പ്രവര്‍ത്തകരെയും ചെല്‍റ്റന്‍ഹാമിലെ സലിംകുമാര്‍ നഗറിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ്, ദേശീയ കലാമേള കണ്‍വീനര്‍ വര്‍ഗ്ഗീസ് ഡാനിയല്‍ (വൈസ് പ്രസിഡന്റ്), സ്മിത തോട്ടം (വൈസ് പ്രസിഡന്റ്), സണ്ണിമോന്‍ മത്തായി (ജോയിന്റ് സെക്രട്ടറി), റെയ്മോള്‍ നിധീരി (ജോയിന്റ് സെക്രട്ടറി), പീറ്റര്‍ താണോലില്‍ (ജോയിന്റ് ട്രഷറര്‍), സൌത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് സുനില്‍ ജോര്‍ജ്ജ്, ദേശീയ സമിതിയംഗം രാജേഷ് രാജ് എന്നിവര്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window