|
പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ഒറ്റയ്ക്ക് കാണണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്ത സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഗുണ കന്റോണ്‍മെന്റ് മേഖലയിലാണ് സംഭവം. നരേന്ദ്ര കുശ്വാഹ എന്ന അധ്യാപകനാണ് അറസ്റ്റിലായത്.
കുറച്ചുനാളുകളായി പ്രതി വിദ്യാര്‍ത്ഥിനിക്ക് തുടര്‍ച്ചയായി അശ്ലീലവും അനുചിതവുമായ സന്ദേശങ്ങള്‍ അയക്കുകയും, സ്‌കൂളിന് പുറത്തുവെച്ച് ഒറ്റയ്ക്ക് കാണാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നതായി പരാതിയില്‍ പറയുന്നു. വിദ്യാര്‍ത്ഥിനി ഇതിന് വഴങ്ങാതെ വന്നതോടെ, പരീക്ഷയില്‍ മാര്‍ക്ക് കുറയ്ക്കുമെന്നും പഠനത്തെ ദോഷകരമായി ബാധിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.
തന്റെ ഇഷ്ടത്തിന് അനുസരിച്ചുള്ള വസ്ത്രങ്ങള്‍ ധരിക്കാനും അധ്യാപകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 'നീ 5 മണിക്ക് ഫ്രീയാണോ ? പുറത്തുപോകാം. 8 മണിക്ക് തിരിച്ചുകൊണ്ടാക്കാം' എന്നാണ് ഒരു സന്ദേശം. നീ വ്യത്യസ്തയാണ്, നീ എന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, എന്നെ ഉറക്കണം തുടങ്ങിയ സന്ദേശങ്ങളും ഇയാള്‍ കുട്ടിക്ക് അയച്ചിട്ടുണ്ട്. പകരം എന്തും ആവശ്യപ്പെടാമെന്നും ഇയാള്‍ കുട്ടിയോടു പറഞ്ഞു. ഇത്തരം സന്ദേശങ്ങള്‍ അയയ്ക്കരുതെന്ന് കുട്ടി പറഞ്ഞതോടെയാണ് മാര്‍ക്ക് കുറയ്ക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയത്. |