Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Sun 07th Dec 2025
 
 
മതം
  Add your Comment comment
സീറോ മലബാര്‍ സഭയ്ക്ക് മൂന്നു വികാരി ജനറാള്‍മാര്‍
reporter

ലണ്ടന്‍: സീറോ മലബാര്‍ സഭയുടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ മൂന്നു വികാരി ജനറാള്‍മാരെ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിയമിച്ചു. ഫാ. തോമസ് പാറടിയില്‍ എംഎസ്ടി, ഫാ. സജി മലയില്‍പുത്തന്‍പുരയില്‍, ഫാ. മാത്യു ചൂരപ്പൊയ്കയില്‍ എന്നിവരെയാണ് വികാരി ജനറാള്‍മാരായി നിയമിച്ചത്. ഫാ. മാത്യു പിണക്കാട്ടിനെ ചാന്‍സലറായും നിയമിച്ചു. എം എസ്ടി സഭാംഗമായ ഫാ. തോമസ് പാറടിയില്‍ 2007 മുതല്‍ യുകെയിലെ സീറോ മലബാര്‍ പ്രവാസികളുടെ ഇടയില്‍ ശുശ്രൂഷചെയ്തു വരികയാണ്. മൂന്നു വര്‍ഷമായി സീറോ മലബാര്‍ സഭയുടെ നാഷണല്‍ കോര്‍ഡിനേറ്ററുമാണ്. റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്ന് ആരാധനാക്രമത്തില്‍ ലൈസെന്‍ഷ്യേറ്റും ഡോക്റ്ററേറ്റും കരസ്ഥമാക്കിയ അദ്ദേഹം മംഗലപ്പുഴ സെമിനാരില്‍ അധ്യാപകനായും റൂഹാലയ മേജര്‍ സെമിനാരി റെക്റ്ററായും ഉജ്ജയിന്‍ കത്തീഡ്രല്‍ വികാരിയായും, വികാരി ജനറാളായും എംഎസ്ടി ഡയറക്റ്റര്‍ ജനറലായും പ്രവര്‍ത്തിച്ചിരുന്നു. 

കോട്ടയം അതിരൂപതാംഗമായ ഫാ. സജി മലയില്‍പുത്തന്‍പുരയില്‍ 2005 മുതല്‍ യുകെയില്‍ പ്രവര്‍ത്തിച്ചുവരികയാണ്. 2014 മുതല്‍ ഷ്രൂസ്‌ബെറി രൂപതയിലെ ക്‌നാനായ കത്തോലിക്കാ ചാപ്ലയിനായിരുന്നു. ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്ന് തത്ത്വശാസ്ത്രത്തിലും ബംഗളൂരുവിലെ ധര്‍മാരാം വിദ്യാക്ഷേത്രത്തില്‍ നിന്നു ദൈവശാസ്ത്രത്തിലും ബിരുദം നേടിയ അദ്ദേഹം പടമുഖം സേക്രഡ് ഹാര്‍ട്ട് ഫോറനാ ചര്‍ച്ച് അടക്കം അഞ്ച് ഇടവകകളില്‍ വികാരിയായും ശുശ്രൂഷ ചെയ്തിട്ടുണ്ട്. 

ഫാ. മാത്യു ചൂരപ്പൊയ്കയില്‍ ഏഴു വര്‍ഷമായി യുകെയിലാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായി പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ ഇടവകയുടെയും ബ്ലാക്പൂള്‍ സെന്റ് എവുപ്രാസിയാ സെന്റ് ചാവറ കുര്യാക്കോസ് ഇടവകയുടെയും വികാരിയുമായിരുന്നു. താമരശേരി രൂപതാംഗമായ അദ്ദേഹം 2003 മുതല്‍ 2008 വരെ രൂപതാ മതബോധനകേന്ദ്രത്തിന്റെ ഡയറക്റ്ററായും കുളത്തുവയല്‍ സെന്റ് ജോര്‍ജ് ഫൊറോന വികാരിയായും ശുശ്രൂഷചെയ്തിട്ടുണ്ട്. റോമിലെ പൊന്തിഫിക്കല്‍ സലേഷ്യന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും അജപാലനദൈവശാസ്ത്രത്തില്‍ ലൈസെന്‍ഷ്യേറ്റും ഡോക്റ്ററേറ്റും നേടിയിട്ടുണ്ട്. 

പാലാ രൂപതാംഗമായ ഫാ. മാത്യു പിണക്കാട്ട് ഒന്നര വര്‍ഷമായി ഇറ്റലിയിലെ സവോണയില്‍ സീറോ മലബാര്‍ വിശ്വാസികളുടെ ഇടയില്‍ ശുശ്രൂഷ ചെയ്തു വരികയായിരുന്നു. റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്നു പൗരസ്ത്യ കാനന്‍ നിയമത്തില്‍ ലൈസെന്‍ഷ്യേറ്റും ഡോക്‌റററേറ്റും കരസ്ഥമാക്കിയ അദ്ദേഹം 2006 മുതല്‍ 2010 വരെ പാലാ രൂപതാകച്ചേരിയില്‍ വൈസ് ചാന്‍സലറായും സേവനം ചെയ്തിട്ടുണ്ട്. ഫാ. മാത്യു ചൂരപ്പൊയ്കയിലിന് രൂപതാ പ്രോക്കുറേറ്ററുടെ അധികചുമതലയും നല്‍കി. ഫാ. ഫാന്‍സുവ പത്തിലിനെ സെക്രട്ടറിയായും നിയമിച്ചു.

 
Other News in this category

 
 




 
Close Window